കരിയാത്തുംപാറ ജനവാസ മേഖലയിൽ കാട്ടാന ഭീഷണി
text_fieldsകരിയാത്തുംപാറ മീൻമുട്ടി ഭാഗത്ത് റിസർവോയറിനരികിലൂടെ നടന്നുനീങ്ങുന്ന കാട്ടാനക്കൂട്ടം
ബാലുശ്ശേരി: കരിയാത്തുംപാറ ജനവാസ മേഖലയിലും കാട്ടാനക്കൂട്ടത്തിന്റെ ഭീഷണി. കഴിഞ്ഞ ഒരാഴ്ചയോളമായി കുട്ടിയാനയുമായി കാട്ടാനക്കൂട്ടം ജനവാസമേഖലക്കു സമീപം ഇറങ്ങിയതോടെ കരിയാത്തുംപാറ മീൻമുട്ടി മേഖലയിലെ കുടുംബങ്ങൾ ഭീതിയിലാണ്. കരിയാത്തുംപാറ മീൻമുട്ടി റോഡിന് കിഴക്കുഭാഗത്തെ പാണ്ടംമനയിൽ മത്തായിയുടെ റബർ തോട്ടത്തിലാണ് കഴിഞ്ഞ ഒരാഴ്ചയിലേറെയായി കാട്ടാനക്കൂട്ടം തീറ്റതേടി വിലസുന്നത്. നെടിയപാലയ്ക്കൽ ദേവസ്യ, പുതുപറമ്പിൽ ജോസഫ് എന്നിവരുടെ തോട്ടത്തിലും കാട്ടാനശല്യമുണ്ട്.
കഴിഞ്ഞ ദിവസം രാവിലെയും കാട്ടാനകളെ കണ്ടതോടെ പ്രദേശവാസികളാകെ ആശങ്കയിലാണ്. അഞ്ചോളും ആനകളെ കണ്ടതായി നാട്ടുകാർ പറയുന്നു. കരിയാത്തുംപാറ-മീൻമുട്ടി ഭാഗങ്ങൾ വിനോദസഞ്ചാരികളെത്തുന്ന സ്ഥലംകൂടിയാണ്.
കക്കയം ഫോറസ്റ്റ് സ്റ്റേഷനുകീഴിലുള്ള വനംവകുപ്പിന്റെ ആർ.ആർ.ടി സംഘം പടക്കംപൊട്ടിച്ച് ആനകളെ വനത്തിലേക്ക് ഓടിച്ചുവിട്ടെങ്കിലും പിന്നീട് വീണ്ടും തിരിച്ചെത്തുകയായിരുന്നു. കാട്ടാനകൾ ഇറങ്ങിയ സ്ഥലം ജനവാസമേഖലയാണ്. പ്രദേശവാസികളുടെ സ്വത്തിനും ജീവനും ഭീഷണിയായ കാട്ടാനകളെ തുരത്താൻ വനംവകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തംഗം ജെസി ജോസഫ് കരിമ്പനക്കൽ ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.