കരിയാത്തുംപാറ പുഴയോരം അപകട മേഖലയാകുന്നു; കൂടുതൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും
text_fieldsകക്കയം പഞ്ചവടി 30ാം മൈൽ ഭാഗത്ത് കഴിഞ്ഞ ദിവസം അപകടമുണ്ടായ പുഴയോരം
ബാലുശ്ശേരി: വിനോദസഞ്ചാരികൾ അശ്രദ്ധമായി പുഴയിലിറങ്ങുന്നത് ദുരന്തങ്ങൾ ക്ഷണിച്ചു വരുത്തുന്നു. കരിയാത്തും പാറക്കടുത്ത് കക്കയം 30ാം മൈലിലെ പുഴയിൽ കുളിക്കാനിറങ്ങിയ വിനോദസഞ്ചാര സംഘത്തിൽപ്പെട്ട കിനാലൂർ സ്വദേശിയായ യുവാവ് ഒഴുക്കിൽപ്പെട്ട് മുങ്ങിമരിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. പുറത്തുനിന്ന് വരുന്ന സഞ്ചാരികൾക്ക് ഇവിടുത്തെ പുഴയെയോ ഭൂമിശാസ്ത്രമോ അറിയില്ല. നാട്ടുകാർ അപകട മുന്നറിയിപ്പ് സൂചിപ്പിച്ചാലും സഞ്ചാരികൾ ഗൗരവത്തിലെടുക്കാറില്ല.
കക്കയം, കരിയാത്തുംപാറ പുഴയിൽ മണൽ വാരിയതിനെ തുടർന്നുള്ള കുഴികൾ യഥേഷ്ടമുണ്ട്. വെള്ളത്തിലേക്ക് ഇറങ്ങുമ്പോൾ മുട്ടിനു താഴെ മാത്രം വെള്ളം കാണുമെങ്കിലും പിന്നെയും മുന്നോട്ടുനീങ്ങുമ്പോൾ ഇത്തരം കുഴികളിലേക്ക് വഴുതിവീഴുകയാണ് ചെയ്യുന്നത്. പുഴ പുറമെ ശാന്തമാണെങ്കിലും അടിയൊഴുക്ക് ശക്തമായിരിക്കും. മുങ്ങിപ്പോകുന്നവർ പെട്ടെന്നുതന്നെ മുന്നോട്ടൊഴുകി മറ്റു കുഴികളിലേക്ക് താണുപോവുകയും ചെയ്യും.
ഗൈഡുമാരുടെ സാന്നിധ്യമില്ലാത്ത പുഴക്കരകളിൽ കൂടുതൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാൻ കൂരാച്ചുണ്ട് പഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്. വിനോദസഞ്ചാരികൾക്ക് പ്രവേശനമില്ലാത്ത ഭാഗത്താണ് കഴിഞ്ഞ ദിവസം അപകടമുണ്ടായത്. കഴിഞ്ഞ വർഷം ആഗസ്റ്റിൽ കോട്ടയം സ്വദേശിയായ യുവാവ് മുങ്ങിമരിച്ചതും പ്രവേശനമില്ലാത്ത ഭാഗത്തായിരുന്നു.
പ്രവേശനമുള്ള കരിയാത്തുംപാറയിലെതന്നെ പാറക്കടവ് മണൽക്കയം ഭാഗത്ത് ഇതിനകം 12ഓളം വിനോദസഞ്ചാരികൾ മുങ്ങിമരിച്ചിട്ടുണ്ട്. ഇവിടെ ഇപ്പോൾ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മഴ പെയ്തു തുടങ്ങിയതോടെ ഇവിടേക്കുള്ള പ്രവേശനം നിരോധിച്ചിട്ടുണ്ട്. ഇതു കാരണം സഞ്ചാരികൾ നിയന്ത്രണങ്ങളില്ലാത്ത കക്കയം പഞ്ചവടി, 30ാം മൈൽ, കരിയാത്തുംപാറ ഭാഗങ്ങളിലേക്ക് എത്തി പുഴയിലിറങ്ങുന്നതും പതിവായിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.