ഇടതുകോട്ട തകർത്ത വി.ടി. സൂരജിന് ബാലുശ്ശേരിയിൽ ചരിത്ര വിജയം
text_fieldsബാലുശ്ശേരി: ഇളക്കമില്ലാതെ നിന്ന ഇടതുകോട്ട ഇടിച്ചുതകർത്ത വി.ടി സൂരജിന് ബാലുശ്ശേരിയിൽ ചരിത്രവിജയം. നാലര പതിറ്റാണ്ടായി ജില്ലയിലെ ഇടതു കോട്ടയായി അറിയപ്പെടുന്ന ബാലുശ്ശേരി മണ്ഡലത്തിൽ രാഷ്ട്രീയ മാറ്റത്തിന്റെ കൊടുങ്കാറ്റുയർത്തിയാണ് 16980 വോട്ടിന്റെ ഭൂരിപക്ഷത്തിന് സൂരജ് ചരിത്രവിജയം നേടിയത്. 94804 വോട്ട് സൂരജ് നേടിയപ്പോൾ സചിൻ ദേവിന് 77824 വോട്ടാണ് ലഭിച്ചത്. എൽ.ഡി.എഫിന്റെ സിറ്റിങ് എം.എൽ.എ കെ.എം സചിൻ ദേവ് കഴിഞ്ഞ തവണ 20362 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ച മണ്ഡലമാണിത്.
രാഷ്ട്രീയ കണക്കുകൂട്ടലുകളെയെല്ലാം ഞെട്ടിച്ചാണ് കെ.എസ്.യു ജില്ല പ്രസിഡന്റു കൂടിയായ സൂരജ് മണ്ഡലത്തിൽ വിജയക്കൊടി പാറിച്ചത്. സംസ്ഥാന രൂപവത്കരണ ശേഷം 1957ൽ നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മുന്നണിയുടെ ഘടകക്ഷിയായ പി.എസ്.പിയിലെ എം. നാരായണ കുറുപ്പായിരുന്നു ഇവിടെനിന്ന് ആദ്യമായി വിജയിച്ച് നിയമസഭയിലെത്തിയത്. 1960ൽ നടന്ന തെരഞ്ഞെടുപ്പിലും അദ്ദേഹം തന്നെ വിജയിച്ചു. 65ലും 67ലും നടന്ന തെരഞ്ഞെടുപ്പുകളിൽ ഇടതിന്റെ ഘടക കക്ഷിയായി മത്സരിച്ച എസ്.എസ്.പിയിലെ എ.കെ അപ്പു വിജയിച്ചു. 1970ലാണ് കോൺഗ്രസ് ബാനറിൽ എ.സി ഷൺമുഖദാസ് തിരഞ്ഞെടുക്കപ്പെടുന്നത്. അടിയന്തരാവസ്ഥക്ക് ശേഷം 1977ൽ നടന്ന തിരഞ്ഞെടുപ്പിൽ മത്സരിച്ച പി.കെ ശങ്കരൻകുട്ടിയുടെ വിജയത്തോടെയാണ് മണ്ഡലം ഇടതുപക്ഷത്തിന് അനുകൂലമായി വിധിയെഴുതി തുടങ്ങിയത്. 1980 മുതൽ 2001 വരെയുള്ള തെരഞ്ഞെടുപ്പുകളിൽ തുടർച്ചയായി 25 വർഷക്കാലം ഇടതു സ്ഥാനാർഥിയായി മത്സരിച്ച് ജയിച്ച കോൺഗ്രസ് എസിലെ എ.സി. ഷൺമുഖദാസ് മൂന്നു തവണ സംസ്ഥാന മന്ത്രിയാകുകയും ചെയ്തിട്ടുണ്ട്.
2011ൽ ഇടതു സ്ഥാനാർഥിയായി മത്സരിച്ച പുരുഷൻ കടലുണ്ടി 8882 വോട്ടിന്റെ ഭൂരിപക്ഷം നേടി. 2016ൽ രണ്ടാം തവണയും മത്സരിച്ച പുരുഷൻ കടലുണ്ടി 15464 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

