ബാലുശ്ശേരി താലൂക്ക് ആശുപത്രി പുതിയ കെട്ടിടം ജൂണിൽ പൂർത്തിയാകും
text_fieldsനിർമാണം പൂർത്തിയായിവരുന്ന ബാലുശ്ശേരി താലൂക്ക് ആശുപത്രി പുതിയ കെട്ടിടം
ബാലുശ്ശേരി: ബാലുശ്ശേരി താലൂക്ക് ആശുപത്രി പുതിയ കെട്ടിടം ജൂൺ അവസാനത്തോടെ പൂർത്തിയാകും. കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി 23.20 കോടി രൂപ ചെലവിട്ട് നിർമിക്കുന്ന മൂന്നുനില കെട്ടിടത്തിന്റെ ഏതാണ്ട് 90 ശതമാനം പ്രവൃത്തികളും പൂർത്തിയായിട്ടുണ്ട്. ഇലക്ട്രിക്കൽ, സാനിറ്ററി, ജനൽ, വാതിൽ പണികളാണ് പ്രധാനമായും ഇനി പൂർത്തിയാക്കാനുള്ളത്. വിശാലമായ സൗകര്യത്തോടെ ആശുപത്രി കെട്ടിടം പൂർത്തിയാകുമ്പോൾ ബാലുശ്ശേരി മണ്ഡലത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും മെച്ചപ്പെട്ട ചികിത്സ ലഭിക്കാൻ സഹായകരമാവുമെന്നും കെ.എം. സച്ചിൻദേവ് എം.എൽ.എ പറഞ്ഞു.
മലയോരമേഖലയിൽപ്പെട്ട പനങ്ങാട്, കൂരാച്ചുണ്ട്, കോട്ടൂർ, കായണ്ണ പഞ്ചായത്തുകളിലെയും ബാലുശ്ശേരി, ഉണ്ണികുളം, ഉള്ള്യേരി, കക്കോടി പഞ്ചായത്തുകളിലെയും ജനങ്ങൾ കൂടുതൽ ആശ്രയിക്കുന്ന ആശുപത്രിയാണ് ബാലുശ്ശേരി താലൂക്ക് ആശുപത്രി. പുതിയ കെട്ടിടത്തിന്റെ താഴത്തെ നിലയിൽ കാഷ്വാലിറ്റി, എക്സാമിനേഷൻ റൂം, മൈനർ ഒ.ടി., റിക്കവറി, ഡ്രസിങ്, ഇഞ്ചക്ഷൻ റൂം, ജനറൽ ഒ.പി, ജനറൽ സർജറി ഒ.പി, പി.എം.ആർ ഒ.പി, കൺസൾട്ടിങ് റൂം, പ്ലാസ്റ്റർ റൂം, മെഡിക്കൽ റെക്കോർഡ്സ് റൂം, ശുചിമുറി എന്നീ സൗകര്യങ്ങളും ഒന്നാം നിലയിൽ ഗൈനക്ക് ഒ.ടി, സെപ്റ്റിക് ഒ.ടി, പേഷ്യന്റ് പ്രിപറേഷൻ റൂം, ബേബി പ്രിപറേഷൻ റൂം, ഡോക്ടർമാരുടെയും നഴ്സുമാരുടെയും വിശ്രമമുറി, ലേബർ വാർഡ്, എൻ.ഐ.സി.യു. പോസ്റ്റ് ഒ.പി ഐ.സി.യു, പ്രീ നാറ്റൽ, പോസ്റ്റ് നാറ്റൽ വാർഡുകൾ, അൾട്രാ സൗണ്ട് റൂം, ഗൈനക് ഒപി എന്നിവയും രണ്ടാം നിലയിൽ ഓർത്തോ ഒ.ടി, ജനറൽ സർജറി ഒ.ടി, പ്രിപ്പറേഷൻ ഹോൾഡിങ് റും, റിക്കവറി, നഴ്സസ് ലോഞ്ച്, ഡോക്ടേഴ്സ് ലോഞ്ച്, ഡ്യൂട്ടി നഴ്സ് റൂം, ഡ്യൂട്ടി ഡോക്ടർ റൂം, സർജിക്കൽ ഐ.സി.യു-എം. ഐ.സി.യു വാർഡ് എന്നിവയും മൂന്നാം നിലയിൽ ജനറൽ സർജറി, ഓർത്തോ എന്നിവയുടെ സ്ത്രീ-പുരുഷ വാർഡുകൾ, നഴ്സ് റൂം, ശുചിമുറി എന്നിവയുമാണ് സജ്ജമാക്കുക.
നിലവിലുള്ള കെട്ടിടത്തിന് മുകളിലായി നിർമിച്ച വെർട്ടിക്കൽ ബ്ലോക്കിന്റെ ഒന്നാം നിലയിൽ അഡ്മിനിസ്ട്രേഷൻ വിഭാഗം, പീഡിയാട്രിക് വാർഡ്, ഐസൊലേഷൻ വാർഡ്, എച്ച്.ഡി.യു (ജനറൽ മെഡിസിൻ ആൻഡ് പീഡിയാട്രിക്) വാർഡുകൾ, സി.എസ്.എസ്.ഡി, ലബോറട്ടറി എന്നീ സൗകര്യങ്ങളുമുണ്ടാകും. 3167.29 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നിർമിക്കുന്ന കെട്ടിടത്തിന്റെ നിർമാണചുമതല തിരുവനന്തപുരം ആസ്ഥാനമായുള്ള ഹെതർ കൺസ്ട്രക്ഷൻ കമ്പനിക്കാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.