എലിപ്പനിയെ സൂക്ഷിക്കണം; ലക്ഷണങ്ങള്‍ പ്രകടമാകുമ്പോള്‍ തന്നെ ചികിത്സ തേടണം
text_fieldsകോഴിക്കോട്: ജില്ലയിൽ എലിപ്പനി കൂടിവരുന്ന സാഹചര്യത്തിൽ ജാഗ്രതാനിർദേശവുമായി ജില്ല ആരോഗ്യവകുപ്പ്. എലിപ്പനി ലക്ഷണങ്ങള്‍ പ്രകടമാകുമ്പോള്‍ തന്നെ ചികിത്സ തേടണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.കെ രാജാറാം അറിയിച്ചു. തുടക്കത്തില്‍ തന്നെ ചികിത്സിച്ചാല്‍ രോഗം പൂര്‍ണമായും സുഖപ്പെടുത്താനാകും. എലി, പട്ടി, പൂച്ച, കന്നുകാലികള്‍ തുടങ്ങിയവയുടെ മൂത്രം വഴി മണ്ണിലും വെള്ളത്തിലുമെത്തുന്ന രോഗാണുക്കള്‍ മുറിവുകള്‍ വഴി മനുഷ്യ ശരീരത്തിലെത്തിയാണ് രോഗമുണ്ടാകുന്നത്.
ലക്ഷണങ്ങള്‍
ക്ഷീണത്തോടെയുള്ള പനിയും തലവേദനയും പേശിവേദനയുമാണ് എലിപ്പനിയുടെ ലക്ഷണങ്ങള്‍. കണ്ണില്‍ ചുവപ്പ്, മൂത്രത്തിന്റെ അളവ് കുറയല്‍, മഞ്ഞപ്പിത്തം എന്നിവയും കണ്ടേക്കാം. തൊഴിലുറപ്പ് പദ്ധതി ജീവനക്കാര്‍, ശുചീകരണ തൊഴിലാളികള്‍, കൃഷിപ്പണിയിലോ കന്നുകാലി പരിചരണത്തിലോ ഏര്‍പ്പെടുന്നവര്‍, മീന്‍പിടിത്തക്കാര്‍, നിര്‍മാണ തൊഴിലാളികള്‍, മലിനമായ മണ്ണുമായും കെട്ടിക്കിടക്കുന്ന വെള്ളവുമായും സമ്പര്‍ക്കത്തില്‍ വരുന്നവര്‍ എന്നിവര്‍ക്ക് രോഗം പിടിപെടാന്‍ സാധ്യത കൂടുതലാണ്. കൈകാലുകളില്‍ മുറിവുള്ളപ്പോള്‍ ഇത്തരം സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് എലിപ്പനി വരാം.
പ്രതിരോധിക്കാം
മലിനമായ മണ്ണുമായും വെള്ളവുമായും സമ്പര്‍ക്കത്തില്‍ വരുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശപ്രകാരം ഡോക്സി സൈക്ലിന്‍ ഗുളിക കഴിക്കണം. കട്ടികൂടിയ റബര്‍ കാലുറകളും കൈയുറകളും ധരിച്ച് മാത്രം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക. കൈകാലുകളില്‍ മുറിവുള്ളവര്‍ അവ ഉണങ്ങുന്നത് വരെ ഇത്തരം ജോലികളില്‍നിന്ന് വിട്ടുനില്‍ക്കണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.