നഗരസഭ കെട്ടിടനിർമാണം മത്സ്യമാർക്കറ്റ് തൊഴിലാളികൾ തടഞ്ഞു
text_fieldsപയ്യോളി ദേശീയപാതയോരത്ത് നഗരസഭ കെട്ടിട നിർമാണം മത്സ്യമാർക്കറ്റ് തൊഴിലാളികൾ തടസ്സപ്പെടുത്തിയതിനെതുടർന്ന് സ്ഥലത്തെത്തിയ പൊലീസും നാട്ടുകാരും
പയ്യോളി: ടൗണിലെ ദേശീയപാതയോരത്ത് നിർമിക്കുന്ന നഗരസഭ വ്യാപാര സമുച്ചയത്തിന്റെ കെട്ടിട നിർമാണം മത്സ്യമാർക്കറ്റ് തൊഴിലാളികളുടെ നേതൃത്വത്തിൽ തടഞ്ഞു.
നഗരസഭയുടെ സ്വപ്നപദ്ധതിയായ മിനി ഓഡിറ്റോറിയവും വ്യാപാരസമുച്ചയവും ഉൾപ്പെടുന്ന കെട്ടിടത്തിന്റെ നിർമാണമാണ് വ്യാഴാഴ്ച ഉച്ചയോടെ തടഞ്ഞത്. കരാറുകാരായ യു.എൽ.സി.സി.എസിന്റെ തൊഴിലാളികൾ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിയെടുക്കാൻ ശ്രമിക്കുമ്പോഴാണ് മത്സ്യമാർക്കറ്റ് തൊഴിലാളികൾ നിർമാണം തടസ്സപ്പെടുത്തിയത്.
കെട്ടിടനിർമാണം ആരംഭിച്ചാൽ സമീപത്തെ നഗരസഭ മത്സ്യമാർക്കറ്റിലേക്ക് വഴി തടസ്സപ്പെടുമെന്നാണ് മത്സ്യമാർക്കറ്റ് തൊഴിലാളികളുടെ വാദം. സംഭവത്തെ തുടർന്ന് പയ്യോളി എസ്.ഐ പി. റഫീഖ്, നഗരസഭ അസി. എൻജിനീയര്‍ റിനീഷ്, ഓവര്‍സിയര്‍ കെ. ഹാരിസ് എന്നിവരും സ്ഥലത്തെത്തി. 96 ലക്ഷം രൂപ ചെലവിൽ 10 കടമുറികളും മുകൾനിലയിൽ മിനി ഓഡിറ്റോറിയവും ഉൾപ്പെടുന്ന കെട്ടിട നിർമാണപ്രവൃത്തിയുടെ ഉദ്ഘാടനം കഴിഞ്ഞ ഡിസംബർ 13നാണ് നടന്നത്.
ഷോപ്പിങ് കോംപ്ലക്സ് നിർമാണം നിർത്തിവെക്കണമെന്ന് മത്സ്യ മാർക്കറ്റ് കോഓഡിനേഷൻ കമ്മിറ്റി
പയ്യോളി: മത്സ്യ മാർക്കറ്റിലേക്കുള്ള പൊതുവഴിയുടെ കാര്യത്തിൽ നഗരസഭക്ക് വ്യക്തമായ ഉറപ്പ് നൽകാൻ കഴിയാത്ത സാഹചര്യത്തിൽ നിർമാണ പ്രവൃത്തികൾ നിർത്തിവെക്കാൻ ഭരണസമിതി തയാറാവണമെന്ന് പയ്യോളി മത്സ്യമാർക്കറ്റ് കോഓഡിനേഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. ജനങ്ങൾക്ക് ഉപകാരപ്രദമല്ലാത്ത സ്ഥലത്ത് മത്സ്യമാർക്കറ്റ് നിർമിച്ച മുൻ ഭരണസമിതികളിൽനിന്ന് വിത്യസ്തമല്ലാത്ത തീരുമാനമാണ് നിലവിലെ ഭരണസമിതിയും പിന്തുടരാൻ ശ്രമിക്കുന്നതെന്നും, വഴി സൗകര്യം തൊഴിലാളികളുടെ മാത്രം ആവശ്യമല്ലെന്നും, ഇതിനെതിരെ പൊതുസമൂഹം പ്രതികരിക്കണമെന്നും കോഓഡിനേഷൻ കമ്മിറ്റി നേതാക്കൾ ആവശ്യപ്പെട്ടു.
ടി. മുസ്തഫ അധ്യക്ഷത വഹിച്ചു. ടി.പി. സിദ്ദീഖ്, ടി.പി. ലത്തീഫ്, കെ.വി. കരീം, കെ.വി. മജീദ്, എം.സി. മുഹമ്മദലി, എൻ. നൂറുദ്ദീൻ, എസ്.കെ. പ്രതാപൻ, എ.കെ. കുഞ്ഞിരാജൻ, ചാലിൽ സജീവൻ, എൻ.പി. രവി തുടങ്ങിയവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.