ബദൽ റോഡില്ലാതെ വഴിയടച്ച് മതിൽ നിർമാണം; വലഞ്ഞ് ജീവനക്കാർ
text_fieldsകോഴിക്കോട് മെഡിക്കൽ കോളജ് ജീവനക്കാരുടെ ക്വാർട്ടേഴ്സിന്റെ ചുറ്റുമതിൽ നിർമാണം പുരോഗമിക്കുന്നു
കോഴിക്കോട്: ജീവനക്കാരുടെ ക്വാർട്ടേഴ്സുകളിലേക്ക് ബദൽ റോഡൊരുക്കാതെ കോഴിക്കോട് മെഡിക്കൽ കോളജ് കാമ്പസിന് ചുറ്റുമതിൽ നിർമിക്കുന്നത് താമസക്കാരെ വലക്കുന്നു. കാളാണ്ടിത്താഴം റോഡിന് വശത്തായി താമസിക്കുന്ന 20ൽ അധികം ജീവനക്കാരാണ് ഇതുകാരണം പ്രയാസത്തിലാകുന്നത്.
ആശുപത്രിയിൽ ലോവർ ഗ്രേഡ് തസ്തികകളിൽ ജോലിചെയ്യുന്നവരാണ് ഇവിടെ താമസിക്കുന്നത്. കാമ്പസിനകത്തുകൂടി ബദൽ റോഡ് സംവിധാനമൊരുക്കാതെ മെയിൻ റോഡിൽനിന്ന് ക്വാർട്ടേഴ്സുകളിലേക്കുള്ള വഴി മതിൽ കെട്ടി അടക്കാൻ തുടങ്ങിയതോടെ തങ്ങൾക്ക് വീടുകളിൽനിന്ന് പുറത്തുകടക്കാൻ പറ്റാത്ത അവസ്ഥയായെന്ന് താമസക്കാർ പറഞ്ഞു. ഈ ഭാഗത്തെ താമസക്കാരിൽ രണ്ട് അർബുദ രോഗികളുമുണ്ട്. ബദൽ റോഡ് ഒരുക്കാതെ വഴിയടക്കുന്നതിനെതിരെ പ്രതിഷേധം ഉയർന്നതോടെ അർബുദ രോഗികളുള്ള ക്വാർട്ടേഴ്സിലുള്ളവർക്ക് കടക്കാൻ ചെറിയ വഴിയൊരുക്കുകയായിരുന്നു. അതേസമയം, ബദൽ റോഡ് ഒരുക്കണമെന്ന നിർദേശം പി.ഡബ്ല്യു.ഡിക്ക് കൈമാറിയിട്ടുണ്ടെന്ന് കോളജ് പ്രിൻസിപ്പൽ ഡോ. കെ.ജി സജീത് കുമാർ പറഞ്ഞു.
എന്നാൽ, കാമ്പസിനകത്തുകൂടി ബദൽ റോഡിന് കാടു വെട്ടിത്തെളിച്ചതല്ലാതെ മറ്റൊരു നടപടിയും പി.ഡബ്ല്യു.ഡി സ്വീകരിച്ചിട്ടില്ലെന്ന് താമസക്കാർ ആരോപിക്കുന്നു. പുല്ലുവെട്ടിയ ഭാഗത്ത് ചളി നിറഞ്ഞിരിക്കുകയാണ്. ഇവിടെ ക്വാറി വേസ്റ്റ് ഇട്ടെങ്കിലും നന്നാക്കാതെ ജീവനക്കാർക്ക് നടക്കാൻ പോലും സാധിക്കില്ല. രാത്രി ജോലിക്ക് പോകുന്നവർക്ക് ഇത് വലിയ പ്രതിസന്ധി സൃഷ്ടിക്കും. മാത്രമല്ല, ഈ ഭാഗത്തേക്ക് ഓട്ടോക്കാർ ഓട്ടം വരാനും തയാറാവില്ല. ഇത് രാത്രി ഡ്യൂട്ടിക്കാരെയും രോഗികളെയും പ്രതിസന്ധിയിലാക്കും.
കാമ്പസിന്റെ ചുറ്റുമതിലിൽ ക്വാർട്ടേഴ്സുകൾക്ക് ഗേറ്റ് അനുവദിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂവെന്നും ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു. മെഡിക്കൽ കോളജ് പരിസരത്ത് സമൂഹിക വിരുദ്ധരുടെ ശല്യം രൂക്ഷമാവുകയും സുരക്ഷ ശക്തമാക്കണമെന്ന ആവശ്യമുയരുകയും ചെയ്തതോടെയാണ് മതിൽ നിർമാണത്തിന് പദ്ധതി ആസൂത്രണം ചെയ്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.