കൂടത്തായി പാലത്തിൽ വിള്ളൽ; കണ്ണടച്ച് അധികൃതർ
text_fieldsസംസ്ഥാനപാതയിലെ കൂടത്തായി പാലത്തിൽ വിള്ളലുകൾ രൂപപ്പെട്ട നിലയിൽ
താമരശ്ശേരി: സംസ്ഥാന പാതയിലെ കൂടത്തായി പാലം അപകട ഭീഷണിയിൽ. പാലത്തിന്റെ തൂണിൽ വലിയ വിള്ളൽ വീണതും ടാറിങ് പൊളിഞ്ഞതും അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണെന്നാണ് ആക്ഷേപം. 1972 ൽ മലബാർ കൺസ്ട്രക്ഷൻസ് കമ്പനിയാണ് പാലം നിർമിച്ചത്. ദിവസവും നൂറുകണക്കിന് വാഹനങ്ങളാണ് പാലത്തിലൂടെ കടന്നു പോകുന്നത്.
അര നൂറ്റാണ്ടിലധികം പഴക്കമുള്ള പാലത്തിന് ബലക്ഷയം സംഭവിച്ചത് നാട്ടുകാർ അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയതാണ്. എന്നാൽ സർക്കാറിന്റെ ഭാഗത്തുനിന്ന് കാര്യമായ ഇടപെടലുകൾ ഉണ്ടായില്ല. ഈയിടെ 228 കോടി രൂപ ചെലവഴിച്ച് കൊയിലാണ്ടി -എടവണ്ണ സംസ്ഥാന പാത നവീകരിച്ചപ്പോൾ കൂടത്തായ് പാലത്തിന്റെ അപകടാവസ്ഥ പരിഹരിക്കുമെന്ന് അധികൃതർ പറഞ്ഞിരുന്നെങ്കിലും നടപടിയുണ്ടായില്ല.
സംസ്ഥാന പാതയിൽ അശാസ്ത്രീയ ടാറിങ് മൂലം പലയിടത്തും വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് അപകടങ്ങളും പതിവാണ്. കൂടത്തായി ഭാഗത്ത് കഴിഞ്ഞ ദിവസം ഇരുചക്ര വാഹനം നിയന്ത്രണംവിട്ട് എതിരെ വന്ന വാഹനത്തിലിടിച്ച് ഒരാൾ മരിച്ചിരുന്നു. പാലത്തിൽ ഭാരവാഹനങ്ങൾക്ക് നിയന്ത്രണമുണ്ടെന്ന് ബോർഡ് വെച്ചു എന്നല്ലാതെ മറ്റു നിയന്ത്രണങ്ങളൊന്നും ഏർപ്പെടുത്തിയിട്ടില്ല.
പാലത്തിന്റെ അപകടാവസ്ഥക്ക് അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കൂടത്തായിയിൽ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി സംസ്ഥാന പാത ഉപരോധിച്ചു. സംസ്ഥാന പ്രവർത്തക സമിതിയംഗം റഫീഖ് കൂടത്തായ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ടി.കെ. ജീലാനി അധ്യക്ഷത വഹിച്ചു. എ.കെ. ഷാനവാസ് സ്വാഗതം പറഞ്ഞു. വി.കെ. ഇമ്പിച്ചിമോയി, പി.പി. കുഞ്ഞമ്മത്, എ.കെ. അസീസ് കെ.കെ. മുജീബ്, സി.പി. ഉണ്ണിമോയി, പി.പി. ജുബൈർ, ഷരീഫ് പള്ളിക്കണ്ടി സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.