കുതിച്ചുയർന്ന് പകർച്ചവ്യാധി; പ്രതിരോധത്തിന് ഫണ്ടില്ല
text_fieldsകോഴിക്കോട്: ജില്ലയിൽ മഞ്ഞപ്പിത്തം, എലിപ്പനി, ഡങ്കിപ്പനി തുടങ്ങിയ പകർച്ചവ്യാധികൾ പടർന്നുപിടിക്കുമ്പോഴും പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഫണ്ടില്ലാതെ ആരോഗ്യവകുപ്പ് ഇരുട്ടിൽതപ്പുന്നു. ജില്ലയിൽ തദ്ദേശസ്ഥാപനങ്ങൾക്ക് ദേശീയ ആരോഗ്യ ദൗത്യം (എൻ.എച്ച്.എം) മുഖേന വാർഡ് ശുചിത്വ പ്രവർത്തനങ്ങൾക്ക് നൽകിയിരുന്ന 10,000 രൂപ ഇത്തവണ അനുവദിച്ചില്ല. അതിനാൽ വാർഡ്തല ശുചീകരണ പ്രവർത്തനങ്ങൾ അവതാളത്തിലായിരിക്കുകയാണ്.
കിണറുകളുടെ ക്ലോറിനേഷൻപോലും നടത്താൻ പറ്റാത്ത അവസ്ഥയാണെന്ന് ആരോഗ്യ പ്രവർത്തകർ വ്യക്തമാക്കുന്നു. സാധാരണഗതിയിൽ വർഷത്തിൽ നാലുതവണയും ജലജന്യരോഗങ്ങൾ ഉണ്ടാവുമ്പോൾ അതിൽ കൂടുതലും തവണ ക്ലോറിനേഷൻ നടത്തും. സന്നദ്ധപ്രവർത്തകർക്ക് ഓണറേറിയം നൽകിയാണ് കഴിഞ്ഞവർഷം വരെ ഇത് ചെയ്തുകൊണ്ടിരുന്നത്. എന്നാൽ, ഫണ്ടില്ലാത്തതിനാൽ ഇത്തവണ അത് മുടങ്ങി. പകർച്ചവ്യാധികളും പകർച്ചവ്യാധി മരണങ്ങളും വ്യാപിക്കുന്നതിനിടെയാണ് ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങളോട് മുഖം തിരിഞ്ഞുനിൽക്കുന്നത്. എൻ.എച്ച്.എം പദ്ധതികൾക്ക് കേന്ദ്ര സർക്കാറിൽനിന്ന് ലഭിക്കേണ്ട ഫണ്ട് വെട്ടിക്കുറച്ചതാണ് പ്രതിരോധ പ്രവർത്തനങ്ങളെ അവതാളത്തിലാക്കിയത്.
2024-2025 സാമ്പത്തിക വർഷം ജില്ലയിൽ എൻ.എച്ച്.എമ്മിന്റെ വിവിധ പ്രവർത്തനങ്ങൾക്കായി 87.43 കോടി രൂപയാണ് വിലയിരുത്തിയിരുന്നത്. അനുവദിച്ചുകിട്ടിയത് 56.72 രൂപ. 40 ശതമാനത്തിലധികം ഫണ്ട് കുറഞ്ഞു. ഇതിനു 2023-2-24 സാമ്പത്തിക വർഷം വിവിധ പദ്ധതികൾ നടപ്പാക്കിയ ഇനത്തിൽ ലഭിക്കാനുള്ള 23.66 കോടി രൂപയുടെ ബിൽ കുടിശ്ശികയും ലഭിച്ചില്ല. ഇതു കാരണം ലഭിച്ച ഫണ്ട് എൻ.എച്ച്.എമ്മിന്റെ പ്രവർത്തനങ്ങൾക്ക് എങ്ങുമെത്താത്ത അവസ്ഥയായി. വാർഡ് ഹെൽത്ത് സാനിറ്റേഷൻ ഫണ്ട് ഇനത്തിൽ മാത്രം ജില്ലക്ക് ഒരു വർഷം 1.56 കോടി ലഭിക്കാനുണ്ട്.
ഫണ്ട് അപര്യാപ്തത കാരണം ഇത്തവണ വാർഡുകൾക്ക് ഫണ്ട് ശുചീകരണത്തിന് അനുവദിച്ചിട്ടില്ല. ജില്ലയിൽ ആരോഗ്യവകുപ്പിന്റെ വെബ്സൈറ്റിലെ കണക്ക് പ്രകാരം 2025 ജനുവരിമുതൽ ഈ മാസം 22 വരെ 643 പേർക്കാണ് മഞ്ഞപ്പിത്തം ബാധിച്ചത്. സർക്കാർ ആശുപത്രികളിൽ ചികിത്സ തേടുന്നവരുടെ കണക്ക് മാത്രമാണിത്. സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും ചികിത്സ തേടുന്നവരുടെ കണക്ക് കൂടിയായാൽ എണ്ണം ഗണ്യമായി വർധിക്കും. ഡങ്കിപ്പനി ബാധിതരുടെ എണ്ണവും വർധിക്കുന്നുണ്ട്. കേന്ദ്ര-സംസ്ഥാന തർക്കം കാരണം പൊതുജനങ്ങളുടെ ആരോഗ്യ പരിപാലനമാണ് പ്രതിസന്ധിയിലാവുന്നത്.
എൻ.എച്ച്.എം ഫണ്ട് വിവരം
- 2024-25 സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങൾക്ക് വേണ്ടത് -87.43 കോടി
- ജില്ലക്ക് ലഭിച്ചത് -56.72 കോടി
- 2023-2024 സാമ്പത്തിക വർഷത്തെ കുടിശ്ശിക ലഭിക്കാനുള്ളത് - 23.66 കോടി
- വാർഡ് തല ശുചീകരണത്തിന് വേണ്ടത് -1.56 കോടി
ജില്ലയിൽ ഈ വർഷം മഞ്ഞപ്പിത്തം ബാധിച്ചത്
- ജനുവരി 237
- ഫെബ്രുവരി 160
- മാർച്ച് 149
- ഏപ്രിൽ 22 വരെ 97
- ആകെ - 643

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.