Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബി.എൽ.എം ചെയർമാൻ പ്രേംകുമാറിനെ വിട്ടയച്ചു

text_fields
bookmark_border
ബി.എൽ.എം ചെയർമാൻ പ്രേംകുമാറിനെ വിട്ടയച്ചു
cancel

കോഴിക്കോട്: സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളുമായി ബന്ധപ്പെട്ട കേസിൽ ക്രൈംബ്രാഞ്ച് ചെന്നൈയിൽനിന്ന് അറസ്റ്റ് ചെയ്ത ഭാരത്‌ ലെജ്‌ന മൾട്ടി സ്റ്റേറ്റ് കോപറേറ്റിവ് സൊസൈറ്റി സ്ഥാപകനും ചെയർമാനുമായ ആർ. പ്രേംകുമാറിനെ കോടതി വിട്ടയച്ചു. അറസ്റ്റ് നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന പ്രതിഭാഗം വാദം അംഗീകരിച്ചാണ് കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (നാല്) വിട്ടയച്ചത്. 'ഗ്രൗണ്ട് ഓഫ് അറസ്റ്റ്' രേഖകൾ പ്രേംകുമാറിന് നൽകിയിട്ടില്ലെന്ന് പ്രതിഭാഗത്തിനായി ഹാജരായ അഡ്വ. ഷഹീർസിങ് വാദിച്ചു. അതേസമയം റീഅറസ്റ്റ് ചെയ്യാനുള്ള അപേക്ഷ ഫയൽ ചെയ്യാമെന്ന് കോടതി പ്രോസിക്യൂഷനോട് പറഞ്ഞു.

നിക്ഷേപകരുടെ പണം സ്വകാര്യ ആവശ്യങ്ങൾക്കായി വകമാറ്റിയെന്ന കേസിലാണ് പ്രേംകുമാറിനെ ചെന്നൈയിലെ വസതിയിൽനിന്ന് കോഴിക്കോട് ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. നടക്കാവ് പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. പരാതിക്കാരൻ പിന്നീട് പരാതി പിൻവലിച്ചെങ്കിലും പ്രാഥമിക അന്വേഷണത്തിൽ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതോടെ അന്വേഷണം തുടരാൻ തീരുമാനിക്കുകയായിരുന്നു. സൊസൈറ്റിയുടെ മറവിൽ മുന്നൂറ് കോടിയോളം രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയെന്നാണ് കേസ്. സൊസൈറ്റിയിൽ നിക്ഷേപിച്ച പണം ഹോട്ടലുകൾ, റിസോർട്ടുകൾ, തിയറ്ററുകൾ എന്നിവ വാങ്ങാൻ വകമാറ്റിയെന്നാണ് റിപ്പോർട്ട്. തട്ടിപ്പിന്റെ ആകെ തുക സംബന്ധിച്ച് വ്യത്യസ്ത കണക്കുകളാണ് പുറത്തുവരുന്നത്. സാമ്പത്തിക ഇടപാടുകളുടെ വിശദ പരിശോധന തുടരുകയാണ്.

ബി.എൽ.എം സൊസൈറ്റിയെ തകർക്കാൻ ആസൂത്രിത നീക്കമെന്ന്

കോഴിക്കോട്: ബി.എൽ.എം സൊസൈറ്റിയെ തകർക്കാൻ പൊലീസിലെയും കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രമുഖ മൾട്ടി-സ്റ്റേറ്റ് സൊസൈറ്റിയുടെയും ഭാഗത്തുനിന്ന് ആസൂത്രിത നീക്കങ്ങൾ നടക്കുന്നതായി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

സൊസൈറ്റിക്കെതിരെ എവിടെയും കേസില്ല. സ്ഥാപനത്തിന്‍റെ സ്ഥാപകനും മുൻ ചെയർമാനുമായ ആർ. പ്രേംകുമാറിനെതിരെ മാത്രമാണ് കേസുള്ളത്. അദ്ദേഹത്തിന്റെ കാലയളവിലെ ചില ഇടപാടുകളുമായി ബന്ധപ്പെട്ട് സാമ്പത്തികതിരിമറി നടന്നു എന്നാരോപിച്ചാണ് മുൻ ജീവനക്കാരനായ വ്യക്തി കേസ് നൽകിയത്. ഇത്തരം സംഭവങ്ങൾ സൊസൈറ്റിയുടെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കില്ലെന്ന് ഭാരവാഹികൾ വ്യക്തമാക്കി.

2006 മുതൽ സുതാര്യമായി പ്രവർത്തിക്കുന്ന സൊസൈറ്റിക്കെതിരെ നാളിതുവരെ പരാതികളുണ്ടായിട്ടില്ല. എന്നാൽ, സൊസൈറ്റിയുടെ വളർച്ചയിൽ അസഹിഷ്ണുതയുള്ള ചില കേന്ദ്രങ്ങൾ വ്യാജ പരാതികൾ സൃഷ്ടിച്ച് കേസ് രജിസ്റ്റർ ചെയ്യിക്കാൻ നിരന്തരം ശ്രമിക്കുകയാണെന്ന് അവർ ആരോപിച്ചു. സ്ഥാപനം സാമ്പത്തികമായി സുരക്ഷിതമാണെന്നും നിക്ഷേപകർ ആവശ്യപ്പെടുന്ന സമയത്ത് തന്നെ പണം തിരിച്ചുനൽകാൻ സൊസൈറ്റി സന്നദ്ധമാണെന്നും അവർ കൂട്ടിച്ചേർത്തു. വാർത്തസമ്മേളനത്തിൽ ചീഫ് ഓപറേറ്റിങ് ഓഫിസർ വി.പി. സൈതലവി, ജന. മാനേജർ വി.എസ്. കാർത്തിക്, മോഹനൻ എടത്തനാട്ടുകര എന്നിവർ പങ്കെടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Financial Irregularities: BLM Chairman Premkumar Released
Next Story