ശുചിമുറി മാലിന്യം തള്ളാനെത്തിയ സംഘം പിടിയിൽ
text_fieldsകുന്ദമംഗലം: ദേശീയപാതയിൽ പടനിലം കുമ്മങ്ങോട് വളവിൽ ശുചിമുറി മാലിന്യം തള്ളാൻ എത്തിയ സംഘത്തെ പൊലീസ് പിന്തുടർന്ന് പിടികൂടി. തിങ്കളാഴ്ച പുലർച്ച ഒന്നരക്കാണ് സംഭവം. വെസ്റ്റ്ഹിൽ ശാന്തി നഗർ സ്വദേശികളായ വിനോദ് കുമാർ (37), സുബീഷ് (40), രാജു (31), ഹർഷാദ് (25) എന്നിവരെയാണ് കുന്ദമംഗലം പൊലീസ് പിടികൂടിയത്.
ഒന്നരമണിയോടെ പടനിലം ഭാഗത്ത് മാലിന്യം തള്ളുന്നതായി നാട്ടുകാർ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ എസ്.ഐ ഉമ്മർ, സി.പി.ഒ മുഹമ്മദ് ഷമീർ, ഹോം ഗാർഡ് ചന്ദ്രൻ എന്നിവർ സംഭവസ്ഥലത്തേക്ക് പോകുന്ന സമയത്താണ് ടാങ്കർ ലോറി ശ്രദ്ധയിൽപെട്ടത്. വാഹനത്തിന് കൈകാട്ടിയെങ്കിലും നിർത്താതെ പോയി. പിന്തുടർന്ന് വാഹനം പിടികൂടാൻ ശ്രമിച്ചെങ്കിലും അതിവേഗത്തിൽ നരിക്കുനി ഭാഗത്തേക്ക് ഓടിച്ചുപോകുകയായിരുന്നു. തുടർന്ന് കൺട്രോൾ റൂം വാഹനത്തിലുള്ള പൊലീസുകാരെ കുന്ദമംഗലം പൊലീസ് വിവരമറിയിച്ചു.
ലോറി പിടികൂടാൻ ശ്രമിക്കുന്നതിനിടെ പലതവണ പൊലീസ് വാഹനത്തിൽ ലോറി ഇടിക്കാൻ ശ്രമിച്ചു. കൺട്രോൾ റൂം വാഹനത്തെയും ലോറി ഇടിച്ചു. ലോറിക്ക് എസ്കോർട്ട് വന്ന കാർ പൊലീസ് വാഹനത്തിന് തടസ്സമായിനിന്ന് ടാങ്കർ ലോറിയെ രക്ഷിക്കാൻ ശ്രമിച്ചു. ഈ കാറും പൊലീസ് വാഹനത്തെ ഇടിക്കാൻ ശ്രമിച്ചിരുന്നു. തുടർന്ന് കാറിലുണ്ടായിരുന്ന രണ്ടുപേരെ ബലപ്രയോഗത്തിലൂടെ പൈമ്പാലശ്ശേരി വെച്ച് പൊലീസ് കീഴടക്കുകയായിരുന്നു.
പൊലീസിന്റെ കൺട്രോൾ റൂം വാഹനം ലോറിയെ പിന്തുടർന്നു. ജില്ലയിൽ ഉടനീളം പൊലീസ് അറിയിപ്പ് നൽകിയതിനാൽ കോഴിക്കോട് ഭാഗത്തുനിന്ന് വാഹനവും രണ്ടുപേരെയും ഒടുവിൽ പിടികൂടി. കുന്ദമംഗലം, പൊയ്യ തുടങ്ങിയ ഭാഗങ്ങളിൽ ശുചിമുറി മാലിന്യം തള്ളുന്നത് പതിവായിരുന്നു. ഇതിനെതിരെ വിവിധ രാഷ്ട്രീയ പാർട്ടികളുടെയും റസിഡൻസ് അസോസിയേഷന്റെയും നേതൃത്വത്തിൽ സമരവും പ്രതിഷേധവും നടന്നിരുന്നു. അറസ്റ്റുചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.