ഗർഭപാത്രത്തിൽ ഹൃദയ ശസ്ത്രക്രിയ; കുഞ്ഞിന്റെ ഒന്നാം പിറന്നാൾ പ്രിയ ഡോക്ടർമാർക്കൊപ്പം
text_fieldsകുഞ്ഞ് മുഹമ്മദ് ഇജാസിന്റെ പിറന്നാൾ ആസ്റ്റർ മിംസ് പീഡിയാട്രിക്സ് കാർഡിയോളജി വിഭാഗത്തിലെ ഡോ. രേണു പി. കുറുപ്പിന്റെ നേതൃത്വത്തിൽ ആഘോഷിച്ചപ്പോൾ
കോഴിക്കോട്: അമ്മയുടെ ഉദരത്തിൽവച്ചു സങ്കീർണമായ ഹൃദയശസ്ത്രക്രിയക്ക് വിധേയനായ കുരുന്നിന്റെ ഒന്നാം പിറന്നാൾ ആഘോഷിക്കാൻ മാതാപിതാക്കളും കുഞ്ഞും കോഴിക്കോട് ആസ്റ്റർ മിംസിലെത്തി. വയനാട് വരദൂർ സ്വദേശികളായ ദമ്പതികളുടെ മകൻ മുഹമ്മദ് ഇജാസിന്റെ പിറന്നാളാണ് തികച്ചും വ്യത്യസ്തമായി ആശുപത്രിയിലെ ഡോക്ടർമാരുടെയും മറ്റ് ജീവനക്കാരുടെയും സാന്നിധ്യത്തിൽ കുടുംബം ആഘോഷിച്ചത്. കുഞ്ഞ് ഗർഭസ്ഥ ശിശുവായിരിക്കെ നടത്തിയ പരിശോധനയിലാണ് ഹൃദയത്തിൽ നിന്ന് രക്തം പമ്പ് ചെയ്യുന്ന അയോർട്ടിക് വാൽവ് അടഞ്ഞുപോകുകയും രക്തം വിപരീതദിശയിലേക്ക് ഒഴുകുകയും ചെയ്യുന്ന അപൂർവ തകരാറുള്ളതായി ഡോക്ടർമാർ കണ്ടെത്തിയത്.
സമയബന്ധിതമായി ചികിത്സ നൽകിയില്ലെങ്കിൽ ഹൃദയത്തിന്റെ പ്രവർത്തനം പൂർണമായും നിലച്ചുപോകാനുള്ള സാധ്യത ഏറെയായിരുന്നു. ഈ സാഹചര്യത്തിലാണ് ആശുപത്രിയിലെ പീഡിയാട്രിക് കാർഡിയാക്, ഗൈനെക്കോളജി വിഭാഗം ഡോക്ടർമാർ ചേർന്ന്, ആറു മാസം ഗർഭിണിയായ അമ്മയുടെ ഉദരത്തിൽ വെച്ചുതന്നെ ബലൂൺ അയോർട്ടിക് വാൽവുലോപ്ലാസ്റ്റി എന്ന അതിസങ്കീർണമായ ശസ്ത്രക്രിയ നടത്തി കുഞ്ഞിന്റെ ജീവൻ രക്ഷിച്ചത്. അമ്മയുടെ ഉദരത്തിലൂടെ പ്രത്യേക സൂചി ഉപയോഗിച്ച് ഗർഭപാത്രത്തിലേക്കും അവിടെനിന്ന് ഗർഭസ്ഥ ശിശുവിന്റെ ഹൃദയത്തിലേക്കും മൈക്രോ കത്തീറ്റർ കടത്തിവിട്ട് ചുരുങ്ങിപ്പോയ വാൽവ് വികസിപ്പിക്കുകയും രക്തയോട്ടം സാധാരണ നിലയിലാക്കുകയുമായിരുന്നു.
പീഡിയാട്രിക് കാർഡിയോളജി, ഫീറ്റൽ മെഡിസിൻ, പീഡിയാട്രിക് കാർഡിയാക് സർജറി, നിയോനറ്റോളജി, കാർഡിയാക് അനസ്‌തേഷ്യ എന്നീ വിഭാഗങ്ങളുടെ സംയുക്ത പ്രവർത്തനമാണ് ഈ ശസ്ത്രക്രിയയുടെ വിജയത്തിന് അടിസ്ഥാനമെന്ന് കോഴിക്കോട് ആസ്റ്റർ മിംസ് ചീഫ് ഓപ്പറേറ്റിങ് ഓഫിസർ ഡോ. ഗോപിനാഥ് മാമ്പള്ളിക്കളം ചൂണ്ടിക്കാട്ടി. പീഡിയാട്രിക് കാർഡിയോളജി വിഭാഗം ഡോ. രേണു പി. കുറുപ്പ്, ഡോ. രമാദേവി കെ.എസ്, ഡോ. നബീൽ ഫൈസൽ, ഡോ. പ്രിയ പി.എസ്, പീഡിയാട്രിക് കാർഡിയോ തൊറാസിക് സർജറി വിഭാഗം ഡോ. ഗിരീഷ് വാര്യർ, ഡോ. ശബരീനാഥ് മേനോൻ, ഗൈനെക്കോളജി വിഭാഗം ഡോ. ഉമാ രാധേഷ്, പീഡിയാട്രിക് അനസ്തേഷ്യ വിഭാഗം ഡോ. സുജാത, ഫീറ്റൽ മെഡിസിൻ ഡോ. ശ്രീജ പി.എസ് തുടങ്ങിയവരടങ്ങുന്ന സംഘമായിരുന്നു ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

