ലോകക്കപ്പ് ആരവങ്ങൾക്കിടയിൽ ഇവിടെയുണ്ട്, മുടങ്ങിയ പെൻഷനുള്ള അപേക്ഷയുമായി ഒരു പഴയകാല ഫുട്ബാളർ...
text_fieldsഷേക്ക് മാമു ഫോട്ടോ: പി. സന്ദീപ്
കോഴിക്കോട്: തെരുവുകളിൽ ലോകക്കപ്പ് ആരവങ്ങൾ നിറയുമ്പോൾ കോഴിക്കോട് ചെമ്മങ്ങാട് റോഡിലെ വീട്ടിലിരുന്ന് അഞ്ച് പതിറ്റാണ്ട് മുമ്പ് കേരളത്തെ വിസ്മയിപ്പിച്ച ഫുട്ബാളർ ഷേക്ക് മാമു എന്നറിയപ്പെടുന്ന ഷെമാമു പറയുന്നത് മുടങ്ങിയ പെൻഷനെക്കുറിച്ചാണ്. ‘സി.എം. വിത്ത് മി’യിലും മുൻ കായിക മന്ത്രി വി. അബ്ദുൽറഹിമാനും പരാതി നൽകിയിട്ട് കാര്യമുണ്ടായില്ല. കായിക വികസനത്തിനായുള്ള കേന്ദ്ര പദ്ധതി പൈക്കയിൽ ഉൾപ്പെടുത്തി ദേശീയ തലത്തിൽ പ്രാഗൽഭ്യം തെളിയിച്ച താരങ്ങൾക്ക് നൽകിവന്നിരുന്ന ധനസഹായം 2017 മുതൽ ലഭിച്ചിരുന്നു. സ്പോർട്സ് കൗൺസിൽ വഴി വിതരണം ചെയ്തിരുന്ന ചെറിയ തുക 20 മാസമായി മുടങ്ങിയിരിക്കുകയാണെന്ന് അദ്ദേഹം പറയുന്നു.
കേരള ഫുട്ബാളിന്‍റെ ചരിത്രത്തിൽ ആദ്യമായി ഒരു ദേശീയ മത്സരത്തിൽ ട്രോഫി നേടിയ ടീമിന്‍റെ വൈസ് ക്യാപ്റ്റനായിരുന്നു ഷേക്ക് മാമു. 1966ൽ സാമൂതിരി ഗുരുവായൂരപ്പൻ കോളേജിൽ പ്രീഡിഗ്രിക്ക് പഠിക്കവെ 16-ാം വയസ്സിൽ അണ്ടർ 19 ജൂനിയർ സ്റ്റേറ്റ് ടീമിൽ സെലക്ഷൻ ലഭിച്ചു. സതേൺ റെയിൽവ, കൊല്ലം മീറ്റേർസ് ക്ലബ്ബ്, ആലുവ എഫ്.എ.സി.ടിയിലെല്ലാം കളിച്ചു. നിരവധി ജൂനിയർ നാഷനൽ മത്സരങ്ങളിൽ കേരളത്തെ പ്രതിനിധീകരിച്ചു. പക്ഷേ, 23-ാം വയസ്സിൽ കാൽമുട്ടിന് പരിക്കേറ്റ് മത്സരരംഗത്തുനിന്നും പിന്മാറേണ്ടിവന്നു. പിന്നീട് നാട്ടിലെത്തി പലവിധ ബിസിനസുകൾ ചെയ്തു. പഴയ പത്ര റിപ്പോർട്ടുകളും മെഡലുകളുമെല്ലാം ഇപ്പോഴും അമൂല്യമായി സൂക്ഷിക്കുന്നു. 1968ൽ കട്ടക്കിലെ മത്സരത്തിൽ സെൻട്രൽ സർക്കിളിൽ നിന്നുള്ള കിക്ക് തമിഴ്നാടിന്‍റെ വല കുലുക്കിയതും ഈ ഗോളിനെക്കുറിച്ച് പത്രങ്ങളെല്ലാം പുകഴ്ത്തിയതും അഭിമാനത്തോടെ ഓർക്കുന്നു.
നാട്ടിൽ കളിമൈതാനങ്ങൾ കുറഞ്ഞുവെന്നും സ്പോർട്സിൽ താൽപര്യമുള്ള കുട്ടികൾക്ക് പോലും പ്രോത്സാഹനം ലഭിക്കുന്നില്ലെന്നുമുള്ള നിരാശ അദ്ദേഹത്തിനുണ്ട്. പണ്ട് രാഷ്ട്രം ദരിദ്രമായിരുന്നെങ്കിലും ഫുട്ബാൾ സമ്പന്നമായിരുന്നു. ഇന്ത്യ ഒളിമ്പിക്സിൽ സെമി ഫൈനൽ വരെ കളിച്ചു. അന്ന് അവസരങ്ങൾ കുറവായിരുന്നെങ്കിലും പ്രതിഭകൾ ധാരാളമുണ്ടായിരുന്നു -അദ്ദേഹം പറയുന്നു.
79-ാം വയസ്സിലും അടിമുടി ഫുട്ബാൾ മനസ്സാണ് ഷേക്ക് മാമുവിന്. ലോകക്കപ്പ് മത്സരങ്ങൾ ഒന്നും വിടാതെ കാണുന്നു. മെസ്സിയും റൊണാൾഡോയും എംബാപ്പെയുമെല്ലാം പ്രിയ താരങ്ങളാണ്. രണ്ട് മാസം മുമ്പ് വീണ് നടുവിന് പരിക്കേറ്റ് കിടപ്പിലാണ്. ഫിസിയോതെറാപ്പിയടക്കം തുടരുന്നുണ്ട്. പുതിയ സർക്കാർ അധികാരമേറ്റതോടെ മുടങ്ങിയ പെൻഷനുവേണ്ടി വീണ്ടും അപേക്ഷയുമായി അധികൃതരെ സമീപിക്കാനുള്ള തീരുമാനത്തിലാണ് അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

