തങ്കമല എസ്റ്റേറ്റിലെ ഖനനത്തിനെതിരെ ഹരിത ട്രൈബ്യൂണൽ കേസ്
text_fieldsതങ്കമല ക്വാറി
കൊയിലാണ്ടി: തുറയൂർ, കീഴരിയൂർ വില്ലേജിൽ വ്യാപിച്ചുകിടക്കുന്ന തങ്കമല എസ്റ്റേറ്റിലെ കരിങ്കൽ ഖനനത്തിനും ക്രഷറിനും അനധികൃത മണ്ണെടുപ്പിനുമെതിരെ ദേശീയ ഹരിത ട്രൈബ്യൂണൽ ചെന്നൈ ബെഞ്ച് കേസെടുത്തു. തങ്കമല സമരസമിതിയാണ് കോടതിയെ സമീപിച്ചത്.
ഖനത്തിന് വ്യവസ്ഥകൾക്ക് വിധേയമായി പരിസ്ഥിതി വകുപ്പും മലിനീകരണ നിയന്ത്രണ ബോർഡും അനുമതി നൽകിയതാണ്. എന്നാൽ, വ്യവസ്ഥകൾ ലംഘിച്ച് നടക്കുന്ന പ്രവൃത്തികൾക്കെതിരെ നാട്ടുകാർ സർക്കാറിന് പരാതികൾ നൽകിയിട്ടും നടപടിയില്ലാത്തതിനാലാണ് നാട്ടുകാർ ദേശീയ ഹരിത ട്രൈബ്യൂണൽ ചെന്നൈ ബെഞ്ചിനെ സമീപിച്ചത്.
വാഹനത്തിൽനിന്ന് പൊടിപാറരുതെന്ന വ്യവസ്ഥ ലംഘിച്ചതുകൊണ്ടും രാവിലെ ഏഴു മുതൽ വൈകീട്ട് അഞ്ചു വരെ മാത്രമേ ഖനനം പാടുള്ളൂ എന്ന വ്യവസ്ഥ ലംഘിച്ചതിനാലുമാണ് കോടതിയെ സമീപിച്ചത്.
ഖനനാനുമതി ലഭിച്ച പ്ലാനിൽനിന്ന് വ്യത്യസ്തമായി ഖനനം നടത്തിയതിനാലും അനുവദനീയമായതിലും കൂടുതൽ ശബ്‌ദമലിനീകരണം ഉണ്ടായതിനാലും പാറപൊട്ടിക്കുമ്പോൾ നീക്കംചെയ്യുന്ന മണ്ണ് പാറപൊട്ടിച്ച കുഴി നികത്താൻ സൂക്ഷിക്കണമെന്ന വ്യവസ്ഥയും പാലിച്ചിട്ടില്ല.
മല മുകളിലെ ക്വാറിയിൽ മഴക്കാലത്ത് വെള്ളം നിറഞ്ഞ് ജല ബോംബായി മാറി താഴ്‌വാരത്ത് താമസിക്കുന്നവരുടെ ജീവനും സ്വത്തിനും പരിസ്ഥിതിക്കും ഭീഷണിയാകുമെന്നും ഹരജിക്കാർ ചൂണ്ടിക്കാട്ടി. ഇതോടെയാണ് ദേശീയ ഹരിത ട്രൈബ്യൂണൽ അനുകൂല നടപടി സ്വീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

