ചെയർമാൻ, ജോ. സെക്രട്ടറി സ്ഥാനങ്ങൾ വേണമെന്ന നിലപാടിൽ കെ.എസ്.യു
text_fieldsമലപ്പുറം: കാലിക്കറ്റ് സർവകലാശാല യൂനിയൻ തെരഞ്ഞെടുപ്പിൽ ചെയർമാൻ സ്ഥാനത്തെച്ചൊല്ലിയുള്ള എം.എസ്.എഫ്-കെ.എസ്.യു തർക്കം തീരുമാനമാകാതെ നീളുന്നു. ചെയർമാൻ സ്ഥാനം ലഭിക്കണമെന്ന ഉറച്ച നിലപാടിലാണ് എം.എസ്.എഫ്. ഇത്തവണ തങ്ങൾക്ക് നൽകണമെന്നാവശ്യപ്പെട്ട് കത്ത് നൽകാൻ നേതൃയോഗത്തിൽ തീരുമാനമായി.
കഴിഞ്ഞ വർഷമുണ്ടാക്കിയ ധാരണകളടക്കം വ്യക്തമാക്കിയാണ് കത്ത് നൽകുക. മാന്യമായ തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് എം.എസ്.എഫ് സംസ്ഥാന നേതൃത്വം. യു.ഡി.എഫ് നേതൃത്വം ഇടപെട്ട് ചർച്ചകൾ നടത്തിവരുകയാണെന്ന് കെ.എസ്.യു സംസ്ഥാന നേതൃത്വവുമായി ബന്ധപ്പെട്ടവരും അറിയിച്ചു. വെള്ളിയാഴ്ച നടന്ന നേതൃയോഗത്തിൽ വിഷയം ചർച്ച ചെയ്തു. എന്ത് നയം സ്വീകരിക്കണമെന്നത് സംബന്ധിച്ച് ശനിയാഴ്ച വൈകുന്നേരത്തോടെ അന്തിമ തീരുമാനമാകുമെന്നും കെ.എസ്.യു നേതാക്കൾ അറിയിച്ചു.
ഈ മാസം 22നാണ് യൂനിയൻ തെരഞ്ഞെടുപ്പ്. കെ.എസ്.യു തീരുമാനം നീണ്ടാൽ ഇരുസംഘടനകളുടെയും സ്ഥാനാർഥികൾ മത്സരിക്കുന്ന സാഹചര്യമാണുണ്ടാവുക. പത്രിക പിൻവലിക്കാനുള്ള സമയം കഴിഞ്ഞു. ചെയർമാൻ, ജോ. സെക്രട്ടറി സ്ഥാനങ്ങളിലേക്ക് മത്സരിക്കാനാണ് കെ.എസ്.യുവും എം.എസ്.എഫും പത്രിക നൽകിയത്. ഇതിൽ ജോയന്റ് സെക്രട്ടറി സ്ഥാനം കെ.എസ്.യുവിന് വിട്ടുനൽകാൻ എം.എസ്.എഫ് തയാറാണ്. എന്നാൽ ചെയർമാൻ, ജോ. സെക്രട്ടറി സ്ഥാനങ്ങൾ കെ.എസ്.യുവിനാണെന്ന സ്റ്റാറ്റസ്കോ നിലനിർത്തണമെന്നാണ് കെ.എസ്.യു നേതാക്കളുടെ ആവശ്യം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.