പടനിലത്ത് കളിസ്ഥലം ഒരുങ്ങുന്നു; ഒരു കോടി പതിനഞ്ച് ലക്ഷം രൂപയാണ് വകയിരുത്തിയത്
text_fieldsകുന്ദമംഗലം പടനിലത്ത് സംസ്ഥാന സർക്കാറിന്റെ ഒരു പഞ്ചായത്ത് ഒരു കളിക്കളം പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രൗണ്ടിനായി ഏറ്റെടുത്ത സ്ഥലം
കുന്ദമംഗലം: പടനിലത്ത് ആധുനിക രീതിയിലുള്ള കളിസ്ഥലം ഒരുങ്ങുന്നു. കളിക്കളം ഒരുക്കാൻ ലക്ഷ്യമിട്ട് കായിക യുവജനകാര്യ വകുപ്പ് നടപ്പിലാക്കുന്ന ഒരു പഞ്ചായത്തിൽ ഒരു കളിക്കളം എന്ന പദ്ധതിയുടെ ഭാഗമായാണ് കളിക്കളം നിർമിക്കുന്നത്.
കളിക്കളങ്ങൾ ഇല്ലാത്ത തദ്ദേശസ്ഥാപനങ്ങളിൽ ആധുനിക നിലവാരത്തിലുള്ള കളിക്കളങ്ങൾ സമൂഹത്തിലെ എല്ലാ വിഭാഗക്കാർക്കും പ്രാപ്യമായ രീതിയിൽ ലഭ്യമാക്കുക എന്നതാണ് സർക്കാർ ഈ പദ്ധതി കൊണ്ട് ലക്ഷ്യം വെക്കുന്നത്. ഇതിൽ 50 ലക്ഷം കായിക വകുപ്പ് മുടക്കും. എം.എൽ.എ ഫണ്ട്, തദ്ദേശസ്ഥാപന ഫണ്ട്, സി.എസ്.ആർ, പൊതു-സ്വകാര്യ പങ്കാളിത്തം തുടങ്ങിയവയിലൂടെ ബാക്കി തുക കണ്ടെത്തുന്ന രീതിയിലാണ് സർക്കാർ സംസ്ഥാനത്തൊട്ടാകെ പദ്ധതി വിഭാവനം ചെയ്തത്.
കുന്ദമംഗലം പഞ്ചായത്തിലെ രണ്ടാം വാർഡിൽ പടനിലം എൽ.പി സ്കൂളിന് സമീപമാണ് കളിക്കളം ഒരുക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നുമ്മലിന്റെ വാർഡാണിത്. ഒരു കോടി പതിനഞ്ച് ലക്ഷം രൂപയാണ് നിലവിൽ വകയിരുത്തിയത്. 50 ലക്ഷം സംസ്ഥാന സർക്കാറും 50 ലക്ഷം പി.ടി.എ. റഹീം എം.എൽ.എയും 10 ലക്ഷം കുന്ദമംഗലം ഗ്രാമപഞ്ചായത്തും അഞ്ച് ലക്ഷം ബ്ലോക്ക് പഞ്ചായത്തുമാണ് ഈ പദ്ധതിക്കുവേണ്ടി നീക്കിവെച്ചത്. ഇതിൽ ഗ്രാമപഞ്ചായത്തിന്റെയും ബ്ലോക്ക് പഞ്ചായത്തിന്റെയും തുക ഉപയോഗിച്ച് ഗ്രൗണ്ടിലെ മരങ്ങളും മറ്റും നീക്കം ചെയ്യുകയും ചുറ്റുമതിൽ കെട്ടുകയും ഉൾപ്പെടെയുള്ള വർക്കുകളാണ് നടക്കുക എന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നുമ്മൽ പറഞ്ഞു.
പൂനൂർ പുഴയുടെ സമീപം രണ്ടേക്കറോളം സ്ഥലത്താണ് കളിക്കളം ഒരുങ്ങുന്നത്. ആദ്യം പുറംപോക്ക് സ്ഥലമായിരുന്ന ഇവിടം ഭരണസമിതി ഏറ്റെടുക്കുകയും ഗ്രാമപഞ്ചായത്തിന്റെ ആസ്തിയിൽ ഉൾപ്പെടുത്തുകയും ചെയ്യുകയായിരുന്നു എന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. പുഴയുടെ സമീപം ആയതിനാൽ കായിക വകുപ്പ് അധികൃതർ വരുകയും സ്ഥലം സന്ദർശിക്കുകയും ചെയ്തതിന് ശേഷമാണ് കളിക്കളം നിർമിക്കാൻ അനുമതി ലഭിച്ചത്. ഗ്രൗണ്ടിന്റെ ആദ്യ ഭാഗത്തിൽ പാർക്കിങ്, ഓപൺ ജിം, കുട്ടികളുടെ കളിസ്ഥലം എന്നിവയാണ്. തൊട്ടടുത്ത ഭാഗം ഫുട്ബാൾ ഗ്രൗണ്ടും അടുത്തഭാഗത്ത് വോളിബാൾ ഗ്രൗണ്ടും അവസാന ഭാഗം ജംപങ് ബിറ്റായുമാണ് രൂപകൽപന ചെയ്തത്. ടെൻഡർ നടപടികൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ നടന്നുവരികയാണെന്നും ഉടൻ പ്രവൃത്തി ആരംഭിക്കുമെന്നും അധികൃതർ പറഞ്ഞു.
പഞ്ചായത്തിന് നിലവിൽ ആകെയുള്ള കളിസ്ഥലം ചെത്തുകടവ് മിനി സ്റ്റേഡിയമാണ്. അപകടാവസ്ഥയിലായ ഇവിടെ കളിക്കുമ്പോൾ പന്ത് പുഴയിലേക്ക് വീണാൽ അതെടുക്കാൻ ശ്രമിക്കുന്നത് വലിയ അപകട സാധ്യത ഉയർത്തുന്നു. അതിനിടെയാണ് പഞ്ചായത്തിൽ ആധുനിക രീതിയിലുള്ള കളി സ്ഥലം എന്ന കായിക പ്രേമികളുടെ വർഷങ്ങളായുള്ള ആവശ്യം അധികൃതർ പരിഗണിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.