പശുക്കടവിൽ വനത്തിൽ ഉരുൾപൊട്ടി, പുഴകൾ കരകവിഞ്ഞു
text_fieldsവിലങ്ങാട് ടൗണിലെ പാലത്തിൽ വെള്ളം കയറിയപ്പോൾ
കുറ്റ്യാടി/നാദാപുരം: ബുധനാഴ്ചയുണ്ടായ കനത്തമഴയിൽ പശുക്കടവ് വനത്തിൽ ഉരുൾപൊട്ടി. കാര്യമായ നാശനഷ്ടങ്ങളില്ല. കാവിലുംപാറ, മരുതോങ്കര പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. കടന്തറപുഴയിലും ചടയൻതോട് പുഴയിലും കനത്ത മലവെള്ളപ്പാച്ചിലുമുണ്ടായി. ഇതേതുടർന്ന് കുറ്റ്യാടി പുഴയിലും ജലനിരപ്പ് ഉയർന്നു. പശുക്കടവ് സെന്റർമുക്ക്, കടന്തറ ഭാഗങ്ങളിൽനിന്ന് ഏതാനും കുടുംബങ്ങളെ നെല്ലിക്കുന്നിൽ ഷെൽട്ടറിലേക്ക് മാറ്റി. പുഴയോരവാസികളെ സുരക്ഷിത സ്ഥലങ്ങളിലേക്കും മറ്റു ബന്ധു വീടുകളിലേക്കും മാറ്റിപ്പാർപ്പിച്ചു.
കാവിലുംപാറ, മരുതോങ്കര മലയോര മേഖലകളിൽ ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. തൊട്ടിൽപ്പാലം പുഴയിൽ ജലനിരപ്പ് ഉയർന്ന് പൈക്കളങ്ങാടി ഭാഗത്ത് ഏതാനും വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. 12 കുടുംബങ്ങളെയാണ് നിലവിൽ മാറ്റിപ്പാർപ്പിച്ചത്. ചോയിച്ചുണ്ട് പുഴയോരം ഭാഗത്തെ താമസക്കാരെയും മാറ്റിപാർപ്പിച്ചു. കാവിലുംപാറയിലെ മൂന്ന് വീടുകളിൽ വെള്ളം കയറിയതിനാൽ വീട്ടുകാരെ ബന്ധു വീടുകളിലേക്ക് മാറ്റിയിട്ടുണ്ട്. ഉച്ചക്ക് തുടങ്ങിയ അതി ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മരുതോങ്കര വില്ലേജിൽ 16 കുടുംബങ്ങളിലായി 49 പേരെ രണ്ട് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. അപകട ഭീഷണിയിലുള്ളവരെ തൊട്ടടുത്ത ബന്ധു വീടുകളിലേക്കും മാറ്റി.
കരിങ്ങാട്-കൈവേലി റോഡിൽ മണ്ണിടിഞ്ഞുവീണ നിലയിൽ
മരുതോങ്കര പശുക്കടവിൽ പ്രക്കൻതോട് മലയിൽനിന്ന് നാല് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. തൊട്ടിൽപ്പാലം-മുള്ളൻകുന്ന് റോഡിൽ ഹാജിയാർ മുക്ക് ഭാഗത്തും കല്ലുനിര ഇറക്കം കഴിഞ്ഞുള്ള ഭാഗത്തും വെള്ളം കയറി. ഇതുവഴി ഗതാഗതം തടസ്സപ്പെട്ടു. ആവശ്യമെങ്കിൽ ദുരിത ബാധിതർക്കുവേണ്ടി ക്യാമ്പ് തുടങ്ങുമെന്ന് വില്ലേജ് അധികൃതർ അയിച്ചു. ചുരം മേഖലയിലും ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്.
ബുധനാഴ്ച വൈകുന്നേരം മുതൽ മഴ കനത്തതോടെ അപകട മേഖലയിൽ കഴിയുന്നവരോട് മാറിത്താമസിക്കാൻ റവന്യൂ, പൊലീസ്, ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ നിർദേശം നൽകിയിരുന്നു. പലരും ബന്ധുവീടുകളിലേക്കാണ് മാറിയത്. വിലങ്ങാട് സെന്റ് ജോർജ് ഹൈസ്കൂളിൽ സൗകര്യമൊരുക്കിയെങ്കിലും ആരും എത്തിയില്ല. രാത്രിയോടെ വിലങ്ങാട് ടൗൺ പാലത്തിൽ വെള്ളം കയറി. മയ്യഴി പുഴയുടെ ഉത്ഭവസ്ഥാനമായ പുല്ലുവപുഴ മുതൽ പെരിങ്ങത്തൂർ പുഴ വരെയുള്ള ഭാഗങ്ങളിൽ പുഴയിൽ വെള്ളം ക്രമാതീതമായി ഉയർന്നു.
വിഷ്ണുമംഗലം ബണ്ട് കവിഞ്ഞൊഴുകുന്നതിനാൽ സമീപ പ്രദേശങ്ങളായ ചെറുമോത്ത് റോഡിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. ഈ ഭാഗത്ത് വീടുകളിലേക്ക് വെള്ളം ഇരച്ചുകയറി. വിഷ്ണുമംഗലത്ത് ലൈനിൽ മരം വീണ് വൈദ്യുതി വിതരണം താറുമാറായി. ഉരുൾപൊട്ടൽ നടന്ന വിലങ്ങാട് പുഴയിൽ വെള്ളം ക്രമാതീതമായി ഉയർന്നത് ആശങ്കക്കിടയാക്കിയിട്ടുണ്ട്. കരിങ്ങാട്-കൈവേലി റോഡിൽ ബുധനാഴ്ച വൈകീട്ട് മണ്ണിടിഞ്ഞു വീണ് ഗതാഗതം തടസ്സപ്പെട്ടിരുന്നു. മേഖലയിൽ താഴ്ന്ന ഭാഗങ്ങളിൽ വെള്ളം കയറി റോഡുകൾ പലതും രാത്രിയോടെ വെള്ളത്തിനടിയിലായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.