പുറക്കാട്ടിരി-കുറ്റ്യാടി-മാനന്തവാടി-കുട്ട ഗ്രീൻഫീൽഡ് ഹൈവേ പദ്ധതി കേന്ദ്ര സർക്കാർ ഉപേക്ഷിച്ചു
text_fieldsകുറ്റ്യാടി: കോഴിക്കോടിനെ കർണാടകയുമായി എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന നിർദിഷ്ട പുറക്കാട്ടിരി-കുറ്റ്യാടി-മാനന്തവാടി-കുട്ട ഗ്രീൻഫീൽഡ് ഹൈവേ പദ്ധതി കേന്ദ്ര സർക്കാർ ഉപേക്ഷിച്ചു.
വയനാട്ടിലേക്കുള്ള യാത്ര പ്രശ്നത്തിനും താമരശ്ശേരി ചുരത്തിൽ ദിനംപ്രതി അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിനും ബദൽ മാർഗമായി നിർദേശിക്കപ്പെട്ട ഹൈവേ സംബന്ധിച്ച് യാതൊരു നിർദേശവും കേന്ദ്ര സർക്കാറിന്റെ പരിഗണനയിൽ ഇല്ലെന്ന് ഷാഫി പറമ്പിൽ എം.പിയെ അറിയിച്ചു. പദ്ധതിക്ക് 7134 കോടി രൂപ വകയിരുത്തിയതായി മൂന്നുകൊല്ലം മുമ്പ് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി പ്രഖ്യാപിക്കുകയും വയനാട് എം.പി രാഹുൽ ഗാന്ധിയെ രേഖാമൂലം അറിയിച്ചതുമാണ്.
ഫണ്ട് വകയിരുത്തിയശേഷം വിശദമായ പദ്ധതി റിപ്പോർട്ട് (ഡി.പി.ആർ) തയാറാക്കാൻ ഗാസിയാബാദ് ആസ്ഥാനമായിട്ടുള്ള പ്രോജക്റ്റ് കൺസൾട്ടൻസിയെ ചുമതലപ്പെടുത്തുകയും ചെയ്തതാണ്. രാത്രികാല ഗതാഗത നിരോധനം ഇല്ലാത്തതും 24 മണിക്കൂർ ഗതാഗത സൗകര്യമുള്ളതും പാരിസ്ഥിതിക സാങ്കേതിക പ്രശ്നങ്ങൾ ഇല്ലാത്തതുമാണ് പ്രസ്തുത പാത. കൂടാതെ വന്യമൃഗ സംരക്ഷണം പ്രകൃതി സംരക്ഷണവും ഉറപ്പുനൽകുന്നതുമാണ്. ദൈർഘ്യം കുറഞ്ഞതും ചെലവ് കുറഞ്ഞതുമായ പാതയാണ് കേന്ദ്രസർക്കാർ ഉപേക്ഷിക്കുന്നത്.
അടുത്തകാലത്ത് കേരള മുഖ്യമന്ത്രി വിളിച്ചുചേർത്ത എം.പിമാരുടെ യോഗത്തിലും മുഖ്യമന്ത്രിയും കേന്ദ്ര ഗതാഗതമന്ത്രിയുമായുള്ള പ്രത്യേക ചർച്ചയിലും സംസ്ഥാന ഗവൺമെന്റ് ഈ പദ്ധതിയെ സംബന്ധിച്ച് അജണ്ട ഉൾപ്പെടുത്തിയിരുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. കാർഷിക തകർച്ചയിലും ഉരുൾപൊട്ടലിലും തകർന്നടിഞ്ഞ വയനാടിന്റെ ടൂറിസം സ്വപ്നങ്ങൾക്കും മലബാറിനെ സമഗ്രവികസനത്തിനും വഴിവെക്കുന്ന പദ്ധതിയാണ് തികഞ്ഞ അവഗണനയിലായത്.
ഈ പദ്ധതി പുനഃപരിശോധിക്കാൻ കേന്ദ്ര, സംസ്ഥാന ഗവൺമെന്റുകൾ തയാറാകണമെന്ന് കുറ്റ്യാടിയിൽ നടന്ന ദേശീയപാത വികസനസമിതി യോഗം ആവശ്യപ്പെട്ടു. അടുത്തമാസം കുറ്റ്യാടിയിൽ ചേരുന്ന യോഗത്തിൽ സമര പരിപാടികൾക്ക് രൂപം കൊടുക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. അതിനു മുന്നോടിയായി പഞ്ചായത്തുതല സമരസമിതികൾ രൂപവത്കരിക്കും. ചെയർമാൻ കെ.എ. ആന്റണി ഉദ്ഘാടനം ചെയ്തു.
പി.പി. ആലിക്കുട്ടി അധ്യക്ഷതവഹിച്ചു. കുറ്റ്യാടി പഞ്ചായത്ത് മെംബർമാരായ എ.സി. അബ്ദുൽമജീദ്, ഹാഷിം നമ്പാട്ടിൽ, ഫാ. ബിനു കടുത്തലകുന്നേൽ, അഭിലാഷ് പാലാഞ്ചേരി, ടി.പി. ചന്ദ്രൻ, ജമാൽ പാറക്കൽ, റോബിൻ ജോസഫ്, ജിജി കട്ടക്കയം, റെക്സി തോമസ്, മേനിക്കണ്ടി അബ്ദുല്ല തുടങ്ങിയവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.