കുറ്റ്യാടിയിൽ രണ്ടാമത്തെ ബൈപാസും യാഥാർഥ്യമാവുന്നു
text_fieldsകുറ്റ്യാടി ടൗണിൽ പ്രധാന കവലയിലെ ഗതാഗതക്കുരുക്ക്
കുറ്റ്യാടി: നാദാപുരം സംസ്ഥാന പാതയെയും വയനാടിനെയും ബന്ധിപ്പിക്കുന്ന ഓത്യോട്ട് ബൈപാസിന് സ്ഥലമെടുക്കാൻ പൊതുമരാമത്ത് വകുപ്പ് 2.60 കോടി രൂപ അനുവദിച്ചതായി ഇ.കെ. വിജയൻ എം.എൽ.എ അറിയിച്ചു.
നാദാപുരം റോഡിൽനിന്ന് തുടങ്ങുന്ന 1.60 കിലോമീറ്റർ ദൂരമുള്ള നരിക്കൂട്ടുംചാലിൽ റേഷൻകട-ഓത്യോട്ട്പാലം റോഡ് വീതികൂട്ടിയാണ് പുതിയ ബൈപാസ് നിർമിക്കുക.
കായക്കൊടി ഗ്രാമപഞ്ചായത്ത് അധീനതയിലുള്ള ഈ റോഡ് 12 മീറ്റർ വീതി കൂട്ടുന്നതിനാവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനാണ് തുക അനുവദിച്ചത്. പ്രസ്തുത റോഡ് എട്ടു മീറ്റർ വീതിയിൽ നവീകരിക്കുന്നതിന് നാലുവർഷംമുമ്പ് ആറു കോടി രൂപ സംസ്ഥാന ബജറ്റിൽ അനുവദിച്ചിരുന്നു. നിരവധി തവണ എം.എൽ.എയുടെ അധ്യക്ഷതയിൽ യോഗം ചേർന്നെങ്കിലും സ്ഥലം സൗജന്യമായി വിട്ടുതരാൻ ഉടമകൾ തയാറാകാത്തതിനെത്തുടർന്നാണ് ഇപ്പോൾ ഭൂമി ഏറ്റെടുക്കാൻ നടപടിയായത്.
പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവായതെന്നും അടിയന്തര പ്രാധാന്യത്തോടെ റവന്യൂ വകുപ്പ് മുഖേന ഭൂമി ഏറ്റെടുക്കാൻ നടപടി സ്വീകരിക്കുമെന്നും എം.എൽ.എ അറിയിച്ചു.
കോഴിക്കോട്-നാദാപുരം സംസ്ഥാന പാതകളെ ബന്ധിപ്പിക്കുന്ന 36 കോടിയുടെ കുറ്റ്യാടി ബൈപാസ് നിർമാണത്തിലിരിക്കുകയാണ്. ഒന്നര കിലോമീറ്റർ ദൈർഘ്യമുള്ള ഈ റോഡ് പൂർണമായും കുറ്റ്യാടി പഞ്ചായത്തിലൂടെയാണ് കടന്നുപോകുന്നതെങ്കിൽ ഓത്യോട്ട് ബൈപാസ് പൂർണമായും കായക്കൊടി പഞ്ചായത്തിലൂടെയാണ് കടന്നുപോവുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.