മുക്കം നഗരസഭയിൽ സംഘർഷം; ഉന്നതിയിലെ റോഡ് ഫണ്ട് വെട്ടിമാറ്റിയതായി ആരോപണം
text_fieldsവേണു കല്ലുരുട്ടിയെ അറസ്റ്റ് ചെയ്ത് നീക്കുന്നു
മുക്കം: നഗരസഭയിലെ കല്ലുരുട്ടി നോർത്ത് ഡിവിഷനിലെ വേനപ്പാറ പണിയരുകുന്ന് ആദിവാസി ഉന്നതിയിലേക്ക് റോഡിന് അനുവദിച്ച പത്തുലക്ഷം രൂപ ചെയർമാനും സെക്രട്ടറിയും ചേർന്ന് വകമാറ്റിയതായി ആരോപിച്ചു പ്രതിപക്ഷ നേതാവ് വേണു കല്ലുരുട്ടി സെക്രട്ടറി ബിബിൻ ജോസഫിനെ ഉപരോധിച്ചു. വെള്ളിയാഴ്ച ഉച്ചക്കുശേഷം മൂന്നു മണിയോടെയാണ് സമരം തുടങ്ങിയത്.
സമരത്തിന് പിന്തുണയുമായി യു.ഡി.എഫ് കൗൺസിലർമാരായ എം. മധു, എം.കെ. യാസർ, കൃഷ്ണൻ വടക്കയിൽ, യു.ഡി.എഫ് പ്രവർത്തകരായ എം.കെ. മമ്മദ്, ഒ.കെ. ബൈജു, പ്രഭാകരൻ മുക്കം എന്നിവർ സ്ഥലത്തെത്തിയിരുന്നു. ഇതിൽ യു.ഡി.എഫ് പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ചു അറസ്റ്റു ചെയ്തു നീക്കി. ഇത് നേരിയ സംഘർഷത്തിനും കാരണമായി.
അഞ്ചു മണിയോടെ സെക്രട്ടറി ഓഫിസിൽനിന്ന് പുറത്തിറങ്ങാൻ ശ്രമിച്ചപ്പോൾ വേണു കല്ലുരുട്ടി തടയാൻ ശ്രമിച്ചത് വീണ്ടും സംഘർഷത്തിലേക്ക് നയിച്ചു. പൊലീസ് ഏറെ പണിപ്പെട്ടാണ് വേണുവിനെ അറസ്റ്റ് ചെയ്ത് നീക്കിയത്. അതിനിടെ, സമരത്തിന് പിന്തുണയുമായെത്തിയ മുസ്ലിം ലീഗ് കൗൺസിലർ ഗഫൂർ കല്ലുരുട്ടി നഗരസഭ ചെയർമാൻ പി.ടി. ബാബുവിന്റെ ഓഫിസിന് മുന്നിലും ഓഫിസിനകത്തും കയറി പ്രതിഷേധിച്ചത് വീണ്ടും സംഘർഷത്തിന് കാരണമായി. ചെയർമാന്റെ ഓഫിസിന് മുന്നിലെ നെയിം ബോർഡ് തള്ളി താഴെയിട്ട ഗഫൂർ കല്ലുരുട്ടിയും ചെയർമാൻ പി.ടി. ബാബുവും തമ്മിൽ കൈയാങ്കളിയിലേക്ക് നീങ്ങിയത് പൊലീസ് ഇടപെട്ട് തടയുകയായിരുന്നു. തുടർന്ന് കൗൺസിലർമാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയതോടെയാണ് രണ്ടു മണിക്കൂർ നേരത്തെ സംഘർഷത്തിന് അയവ് വന്നത്.
ഫണ്ട് മാറ്റിയത് മറ്റ് കൗൺസിലർമാരുടെ എതിർപ്പുമൂലം -ചെയർമാൻ
മുക്കം: 2024ൽ ഹാപ്പിനെസ് പാർക്ക് പദ്ധതിക്കായി പണിയരുകുന്ന് ഉന്നതിയിലേക്ക് 15 ലക്ഷം രൂപ അനുവദിച്ചിരുന്നുവെങ്കിലും സ്ഥലം ലഭ്യമാകാത്തതിനാൽ പദ്ധതി മാറ്റിവെക്കുകയായിരുന്നെന്ന് നഗരസഭ ചെയർമാൻ പി.ടി. ബാബു പറഞ്ഞു. മറ്റു കൗൺസിലർമാരുടെ വാർഡുകളിൽ നൽകുന്നതുപോലെ ഇവിടെയും ഫണ്ട് അനുവദിച്ചിട്ടുണ്ട്. ഇതിനു പുറമെ പത്തു ലക്ഷം രൂപ കൂടി റോഡിന് അനുവദിച്ചപ്പോൾ മറ്റുള്ള കൗൺസിലർമാരുടെ ഭാഗത്തുനിന്ന് എതിർപ്പുയർന്നതിനെ തുടർന്ന് പിന്നീട് പരിശോധിച്ചുചെയ്യാമെന്ന് അന്ന് തന്നെ ഫയലിൽ നോട്ടെഴുതി വെച്ചിരുന്നതായും ചെയർമാൻ പറഞ്ഞു.
പട്ടികവർഗക്കാരോടുള്ള അവഗണന -വേണു കല്ലുരുട്ടി
മുക്കം: നഗരസഭയിൽ 2024ലെ പ്ലാൻ ഫണ്ട് റിവിഷൻ സമയമാണിപ്പോഴെന്നും ആ സമയം നോക്കി ചെയർമാൻ സെക്രട്ടറിയുമായി ചേർന്ന് പണിയരുകുന്ന് ഉന്നതിയിലേക്കുള്ള റോഡ് നിർമാണത്തിനായി അനുവദിച്ച തുക വകമാറ്റുകയായിരുന്നെന്നും വേണു കല്ലുരുട്ടി ആരോപിച്ചു. ഇത് പട്ടികവർഗ സമൂഹത്തോടുള്ള അവഗണനയാണെന്നും ഇതിനെതിരെയാണ് സമരമെന്നും വേണു പറഞ്ഞു.
ജനാധിപത്യ വിരുദ്ധം -വെൽഫെയർ പാർട്ടി
മുക്കം: ഹാപ്പിനസ് പാര്ക്ക് സ്ഥാപിക്കുന്നതിനും അവിടേക്കുള്ള റോഡ് നവീകരിക്കുന്നതിനുമായി വകയിരുത്തിയ ഫണ്ട് ചെയർമാൻ ഏകപക്ഷീയമായി അട്ടിമറിച്ചത് ജനാധിപത്യവിരുദ്ധ നടപടിയാണെന്ന് വെൽഫെയർ പാർട്ടി നഗരസഭ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. മുനിസിപ്പൽ പ്രസിഡന്റ് കെ. അബ്ദുൽ റഹീം, കൗൺസിലർ എ. അബ്ദുൽ ഗഫൂർ, റൈഹാന കല്ലുരുട്ടി, മനോജ് പെരുമ്പടപ്പ്, കെ. ഉബൈദ് എന്നിവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.