അജ്ഞാതൻ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചു; ഐസ്ക്രീം ഏജൻസിയിലെ ഐസ്ക്രീമുകൾ അലിഞ്ഞു നശിച്ചു
text_fieldsഐസ്ക്രീമുകൾ ഉപയോഗശൂന്യമായ നിലയിൽ
മുക്കം: അജ്ഞാതൻ വൈദ്യുതി കണക്ഷന്റെ ഫ്യൂസ് ഊരിയതോടെ ഐസ്ക്രീം ഏജൻസിയിലെ ഐസ്ക്രീമുകൾ അലിഞ്ഞു നശിച്ചു. കാരശ്ശേരി പഞ്ചായത്തിലെ ആക്കോട്ട് ചാലിലെ ദിവ്യയുടെ ഉടമസ്ഥതയിലുള്ള മിറാക്കിൾ ഐസ്ക്രീം ഏജൻസിയിലാണ് വൈദ്യുതി കണക്ഷന്റെ ഫ്യൂസ് ഊരിയതോടെ ഐസ്ക്രീം അലിഞ്ഞു നശിച്ചത്.
കഴിഞ്ഞ ദിവസം ദിവ്യ ഐസ്ക്രീം വിതരണത്തിനായി പുറത്ത് പോയി വൈകീട്ട് 6.45 ഓടെ കടയിൽ തിരിച്ചു വന്നപ്പോഴാണ് വൈദ്യുതി ഇല്ലാത്തത് ശ്രദ്ധയിൽപെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഐസ്ക്രീം കേടായതും, വൈദ്യുതി മീറ്ററിന് അടുത്തുള്ള ഫ്യൂസ് ഊരിവെച്ചനിലയിലും കണ്ടെത്തിയത്. ഉടനെ കെ.എസ്.ഇ.ബി അധികൃതരെ അറിയിച്ചെങ്കിലും ഉദ്യോഗസ്ഥർ ശനിയാഴ്ച രവിലെ 11 മണിയോടെയാണ് എത്തി ഫ്യൂസ് പുനഃസ്ഥാപിച്ചത്.
വെള്ളിയാഴ്ച രാത്രി മുഴുവനും ജനറേറ്ററിലാണ് ഐസ്ക്രീം സൂക്ഷിച്ച ഫ്രീസറുകൾ പ്രവർത്തിച്ചത്. 30,000 ത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നുണ്ട്.
ദിവ്യ മുക്കം പൊലീസിലും പരാതി നൽകിയിട്ടുണ്ട്. ഐസ്ക്രീം ഏജൻസിയുടെ മീറ്ററിന് തൊട്ടടുത്തുള്ള മീറ്ററിലെ ഫ്യൂസ് വൈദ്യുതി ബിൽ അടക്കാത്തതിനാൽ വെള്ളിയാഴ്ച ഉച്ചയോടെ ഊരിവെച്ചിരുന്നെന്നും തുടർന്ന് ആ സ്ഥാപനത്തിന്റെ കൺസ്യൂമർ വൈകീട്ട് 3.25ന് ബിൽ അടച്ചിട്ടുണ്ടെന്നും, ആരാണ് ഐസ്ക്രീം ഏജൻസിയിലെ ഫ്യൂസ് ഊരിയത് എന്നത് തങ്ങൾക്ക് അറിയില്ല എന്നുമാണ് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ പറയുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.