വിദ്യാർഥികളുടെ തലയെണ്ണൽ രണ്ടു തവണയാക്കി; നിരവധി അധ്യാപകർക്ക് ജോലി നഷ്ടപ്പെട്ടു
text_fieldsമുക്കം: ഈ വർഷം മുതൽ വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കിയ പുതിയ നടപടി മൂലം ജോലി നഷ്ടപ്പെട്ടത് നിരവധി അധ്യാപകർക്ക്. മുൻ വർഷങ്ങളിൽനിന്ന് വ്യത്യസ്തമായി രണ്ട് തവണ വിദ്യാർഥികളുടെ കണക്കെടുത്തതാണ് പ്രതിസന്ധിയായത്.
ഇതിന്റെ മാനദണ്ഡങ്ങൾ വിചിത്രമാണ്. ആറാം പ്രവൃത്തി ദിവസത്തിനു പുറമെ ജനുവരി 31നും നടന്ന കണക്കെടുപ്പിനെ തുടർന്നുണ്ടായ നടപടിയിലാണ് നിരവധി അധ്യാപകർക്ക് ജോലി നഷ്ടപ്പെട്ടത്. സർക്കാർ വിദ്യാലയത്തിൽനിന്ന് പുറത്തായവർക്കും പ്രൊട്ടക്ഷനുള്ള എയ്ഡഡ് സ്കൂൾ അധ്യാപകർക്കും എവിടെയെങ്കിലും പകരം ജോലി ലഭിച്ചേക്കാമെന്ന് പ്രതീക്ഷയുണ്ടെങ്കിലും പ്രൊട്ടക്ഷനും ക്ലെയിമും അവകാശപ്പെടാനില്ലാത്തവർക്ക് ഇനി തിരിച്ചുവരാനാകുമോ എന്ന കാര്യം സംശയമാണ്. പല വിദ്യാലയങ്ങളിൽനിന്നും ആറാം ദിവസത്തെ കണക്കെടുപ്പിനുശേഷം വളരെ കുറച്ച് കുട്ടികൾ ടി.സി വാങ്ങിപ്പോവുകയും പകരം അതിൽ കൂടുതൽ കുട്ടികൾ പ്രവേശനം നേടുകയും ചെയ്തിരുന്നു. എന്നാൽ, ടി.സി വാങ്ങി പോയ കുട്ടികളെ മൊത്തം കുട്ടികളുടെ എണ്ണത്തിൽനിന്ന് കുറക്കുകയും പുതുതായി പ്രവേശനം നേടിയ കുട്ടികളെ എണ്ണത്തിൽ ഉൾപ്പെടുത്താതിരുന്നതുമാണ് വലിയ തിരിച്ചടിയായത്.
ലക്ഷങ്ങൾ നൽകിയും വർഷങ്ങൾ കാത്തിരുന്നും ജോലി സമ്പാദിച്ച ഇവർ നിരാശരായി സ്കൂൾ പടിയിറങ്ങേണ്ടിവന്നത് സർക്കാറിന്റെ അന്യായ നിലപാടു കാരണമാണെന്നാണ് പ്രതിപക്ഷ സംഘടനകൾ ഉൾപ്പെടെ പറയുന്നത്.
മുക്കം ഉപജില്ലയിൽ മാത്രം പത്തിലധികം അധ്യാപകർക്ക് ജോലി നഷ്ടപ്പെട്ടിട്ടുണ്ട്. ജില്ലയിൽ ഒരു സ്കൂളിൽനിന്ന് നാല് അധ്യാപകരാണ് ഒഴിഞ്ഞുപോകേണ്ടിവന്നത്. സർക്കാർ സ്കൂളുകളിൽനിന്ന് തസ്തിക നഷ്ടപ്പെട്ട് പുറത്തുപോകേണ്ടിവരുന്നവരെ ജില്ലയിൽ ഒഴിവുള്ളിടത്ത് നിയമിക്കുമ്പോൾ പി.എസ്.സി ലിസ്റ്റിൽ നിയമനം പ്രതീക്ഷിച്ചവരും നിരാശയിലാണ്. വർഷങ്ങളായി ഇവർ കാത്തിരുന്ന അവസരമാണ് ഇതോടെ ഇല്ലാതാകുന്നത്.
അധ്യയന വർഷാരംഭത്തിൽ ആറാം പ്രവൃത്തി ദിവസമാണ് സാധാരണ കുട്ടികളുടെ തലയെണ്ണൽ കണക്കെടുപ്പ് നടക്കാറുള്ളത്. ഈ കണക്കനുസരിച്ച് ജൂലൈ 15ന് തസ്തിക നിർണയവും നടക്കലാണ് പതിവുചട്ടം. എന്നാൽ, ജനുവരി 31നും അസാധാരണ കണക്കെടുപ്പ് നടത്തുകയായിരുന്നു. 12 കുട്ടികൾ കുറയുകയും 14 കുട്ടികൾ വർധിക്കുകയും ചെയ്തിട്ടും തസ്തിക നഷ്ടപ്പെട്ടതായി അധ്യാപകർ ചൂണ്ടിക്കാട്ടി.
ജനുവരി 31 വരെ കുട്ടികളുടെ എണ്ണത്തിൽ ഉണ്ടാകുന്ന മാറ്റം തസ്തികയെ ബാധിക്കുമെന്ന് പ്രധാനാധ്യാപകരെ അധ്യയന വർഷാരംഭത്തിൽതന്നെ ബോധ്യപ്പെടുത്തിയതായി പറയുന്നു. എന്നാൽ, ഇക്കാര്യം ബന്ധപ്പെട്ട അധ്യാപകരെയോ മാനേജ്മെന്റിനെയോ പി.ടി.എയെയോ പ്രധാനാധ്യാപകർ യഥാസമയം അറിയിച്ചില്ലെന്നും പരാതിയുണ്ട്.
ഒന്നും രണ്ടും വിദ്യാർഥികളുടെ കുറവുമൂലമാണ് പലയിടത്തും ഡിവിഷൻ നഷ്ടപ്പെട്ട് അധ്യാപകർക്ക് ജോലി പോയത്. ആറാം പ്രവൃത്തി ദിവസത്തിന്റെ അടിസ്ഥാനത്തിൽ തസ്തിക നിർണയം നടത്തുകയും ജൂലൈ 15ന് പോസ്റ്റ് ഉറപ്പാക്കുകയും ചെയ്തവരെ ജനുവരി 31ന് വീണ്ടും കണക്കെടുപ്പു നടത്തി പുറത്താക്കുന്ന നിലപാടിൽ മേലുദ്യോഗസ്ഥരും കൈമലർത്തുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.