മലയോര മേഖലയിൽ ലഹരി മാഫിയ പിടിമുറുക്കുന്നു; ഉറക്കം നടിച്ച് പൊലീസ്
text_fieldsമുക്കം: കോഴിക്കോട് ജില്ലയുടെ കിഴക്കൻ മേഖലയിൽ ലഹരി മാഫിയ പിടിമുറുക്കുന്നു. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെയാണ് ലക്ഷങ്ങളുടെ ലഹരി വിൽപന നടക്കുന്നത്. മദ്യവും കഞ്ചാവുമെല്ലാം നേരത്തെതന്നെ സുലഭമായി ലഭിച്ചിരുന്നെങ്കിൽ ഇപ്പോൾ എം.ഡി.എം.എയും എൽ.എസ്.ഡി സ്റ്റാമ്പുകളുമൊക്കെയാണ് വിൽപന.
പ്രധാനമായും മലയോര മേഖലയിലെ വിദ്യാർഥികളെ ലക്ഷ്യമിട്ടാണ് ലഹരി മാഫിയയുടെ പ്രവർത്തനമെന്നത് ആശങ്ക വർധിപ്പിക്കുന്നു. പെൺകുട്ടികളെ ഉൾപ്പെടെ വിൽപനക്കായി ഉപയോഗപ്പെടുത്തുന്നുണ്ട്. ഇത്തരത്തിലുള്ള വിൽപനയുടെ വിവരങ്ങൾ കൃത്യമായി ധരിപ്പിച്ചിട്ടും മുക്കം പൊലീസ് യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും പരാതിയുണ്ട്.
ഈയടുത്ത് മുക്കം ടൗണിൽ പൊലീസ് സ്റ്റേഷന് തൊട്ടടുത്തുനിന്ന് കഞ്ചാവുമായി അന്തർസംസ്ഥാന തൊഴിലാളികളെ പിടികൂടിയത് കുന്ദമംഗലത്തുനിന്ന് എത്തിയ എക്സൈസ് സംഘമായിരുന്നു. കൊടിയത്തൂർ പഞ്ചായത്തിലെ പന്നിക്കോട് ന്യൂ ജൻ ലഹരി മാഫിയയുടെ പ്രധാന കേന്ദ്രമാണ്. നിരവധി തവണ മുക്കം പൊലീസിനും എക്സൈസ് വകുപ്പിനും പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
പന്നിക്കോട് ഗവ. എൽ.പി സ്കൂളിന് തൊട്ടടുത്ത് വിദേശമദ്യ വിൽപനയും തകൃതിയാണ്. വിവരം കൃത്യമായി അറിയുന്ന പൊലീസ് അനങ്ങാപ്പാറ നയം തുടരുകയാണെന്നാണ് ആക്ഷേപം. ഇവിടെ രാവിലെ 6.30ഓടെ തുടങ്ങുന്ന മദ്യവിൽപന രാത്രി വൈകിയും തുടരും. നേരത്തെതന്നെ ലഹരി മാഫിയയുടെ പ്രധാന കേന്ദ്രമായ മുക്കം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ലക്ഷക്കണക്കിന് രൂപയുടെ മയക്കുമരുന്ന് വേട്ട നടന്നിരുന്നു. കെ.പി. അഭിലാഷ് സ്റ്റേഷൻ ഓഫിസറായ സമയത്താണ് വലിയ രീതിയിൽ ലഹരിവേട്ട നടന്നിരുന്നത്.
എന്നാൽ, അഭിലാഷ് സ്ഥലംമാറിപ്പോയതോടെ വന്ന ഓഫിസർമാരാരും ഇത്തരം പ്രവർത്തനങ്ങൾക്ക് കാര്യമായി മുൻകൈയെടുത്തില്ല. കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയോരത്ത് ചില സ്ഥലങ്ങളിൽ വലിയതോതിൽ ലഹരി വിൽപന നടക്കുന്നതായി പരാതിയുണ്ടെങ്കിലും നൈറ്റ് പട്രോളിങ്ങിന്റെ ഭാഗമായി എത്തുന്ന പൊലീസ് ഉച്ചത്തിൽ സൈറൺ മുഴക്കി വരുന്നതിനാൽ വിൽപനക്കാരും വാങ്ങാനെത്തുന്നവരും മാറിനിൽക്കാറാണ് പതിവെന്നും നാട്ടുകാർ പറയുന്നു.
ദൂരസ്ഥലങ്ങളിൽനിന്നുപോലും ലഹരി ഉൽപന്നങ്ങൾ വാങ്ങാനായി നിരവധി പേരാണ് മലയോര മേഖലയിലെ വിവിധ കേന്ദ്രങ്ങളിലെത്തുന്നത്. കോളജ് വിദ്യാർഥികൾ ഉൾപ്പെടെ ഇതിന്റെ കണ്ണികളായി മാറിയിട്ടും അധികൃതരുടെ ഭാഗത്തുനിന്നുണ്ടാവുന്ന നിസ്സംഗതക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.