72ലും യുവത്വത്തിന്റെ പ്രസരിപ്പിൽ ഏഴാം അങ്കത്തിനിറങ്ങി കല്യാണിക്കുട്ടി
text_fieldsമുക്കം: നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന ദിവസവും പിന്നിട്ടതോടെ മലയോര മേഖലയിലെങ്ങും തെരഞ്ഞെടുപ്പ് രംഗം സജീവമായി. പ്രമുഖ മുന്നണി സ്ഥാനാർഥികളിൽ ഇത്തവണ യുവാക്കൾക്ക് വലിയ പരിഗണനയാണ് ലഭിച്ചത്. പരിചയസമ്പന്നരുടെ നിരയും ഒട്ടും കുറവല്ല.
എന്നാൽ, മുക്കം നഗരസഭയിലെ നീലേശ്വരം ഡിവിഷനിൽ ഇത്തവണ ഇടതുമുന്നണി സ്ഥാനാർഥിയായി ജനവിധി തേടുന്ന എ. കല്യാണിക്കുട്ടി മത്സരരംഗത്ത് ഇത് ഏഴാം തവണയാണ്. അതും തുടർച്ചയായി. 41ാം വയസ്സിൽ തുടങ്ങിയ തെരഞ്ഞെടുപ്പ് പ്രവർത്തനം 72ലും തുടരുകയാണ് കല്യാണിക്കുട്ടി. അതും യുവത്വത്തിന്റെ ചുറുചുറുക്കോടെ.
ആദ്യമായി ജില്ല കൗൺസിലിലേക്കായിരുന്നു മത്സരം. അന്ന് അട്ടിമറി വിജയം നേടി തുടങ്ങിയതാണ് കല്യാണിക്കുട്ടി. പിന്നെ തിരിഞ്ഞ് നോക്കിയിട്ടില്ല. മൂന്നുതവണ മുക്കം ഗ്രാമപഞ്ചായത്തിലേക്ക്. ഒരുതവണ പ്രസിഡന്റും ഒരുതവണ വൈസ് പ്രസിഡന്റുമായി. മുക്കം നഗരസഭയിൽ രണ്ടുതവണ കൗൺസിലറുമായി.
മിക്ക വിജയങ്ങളും എതിരാളികളുടെ കോട്ടയിൽനിന്ന്. കല്യാണിക്കുട്ടിയുടെ ഭാഷയിൽ പറഞ്ഞാൽ കരിമ്പാറയിൽ കിണറ് കുത്തുകയായിരുന്നു. പക്ഷേ, ആറുതവണ കുത്തിയ കിണറിലും വെള്ളം കണ്ട ആത്മവിശ്വാസത്തിലാണ് ഇത്തവണയും മത്സരരംഗത്തിറങ്ങിയത്.
വനിതകൾ മത്സരരംഗത്ത് അത്രയൊന്നും കടന്നുവരാത്ത തൊണ്ണൂറുകളിൽ തനിക്ക് മികച്ച പിന്തുണ നൽകിയത് കുടുംബമായിരുന്നുവെന്ന് കല്യാണിക്കുട്ടി പറഞ്ഞു.
പലപ്പോഴും പ്രചാരണവും യോഗങ്ങളുമൊക്കെ കഴിഞ്ഞ് വീട്ടിലെത്താൻ രാത്രി വൈകും. എന്നാലും പരിഭവമോ പരാതികളോ ഇല്ലാതെ കുടുംബം കൂടെനിന്നു. ഒപ്പം പാർട്ടി പ്രവർത്തകരുടെ ആത്മാർഥതയോടെയുള്ള പ്രവർത്തനവും കൂടിയായപ്പോൾ ഓരോതവണയും ആത്മവിശ്വാസം വർധിച്ചുവരികയായിരുന്നുവെന്നും കല്യാണിക്കുട്ടി പറഞ്ഞു.
ഇത്തവണയും പ്രചാരണ രംഗത്ത് തരംഗം തീർത്ത് മുന്നേറുകയാണ് കല്യാണിക്കുട്ടി, കഴിഞ്ഞ ആറു തവണയും ചേർത്തുപിടിച്ച വോട്ടർമാർ ഒപ്പംതന്നെ ഉണ്ടാകുമെന്ന പ്രതീക്ഷയോടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

