മുക്കം സർവിസ് സഹകരണ ബാങ്കിൽ മുൻ ഭരണസമിതി നിയമിച്ച ഏഴുജീവനക്കാരെ പിരിച്ചുവിട്ടു
text_fieldsമുക്കം: യു.ഡി.എഫ് ഭരണം നടത്തിയിരുന്ന മുക്കം സർവിസ് സഹകരണ ബാങ്കിനെതിരെ വീണ്ടും നടപടി. ബാങ്കിൽ 2018-2023 കാലഘട്ടത്തിൽ ഭരണസമിതി നിയമിച്ച ഏഴു ജീവനക്കാരെ സഹകരണ രജിസ്ട്രാറുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ സർവിസിൽനിന്ന് പിരിച്ചുവിട്ടു. ബാങ്കിനെതിരെ ഈ വർഷം ഇതു രണ്ടാം തവണയാണ് നടപടി.
ഹൈകോടതിയിലും ആർബിട്രേഷൻ കോടതിയിലും ഉദ്യോഗാർഥികളും സഹകാരികളും ഡയറക്ടർമാറും ഫയൽചെയ്ത വിവിധ കേസുകളിൽ ബാങ്കിൽ നിയമനങ്ങൾ നടത്തുന്നതിന് സ്റ്റേ ഉത്തരവുണ്ടായിരിക്കേയാണ് അന്നത്തെ ഭരണസമിതി നിയമനം നടത്തിയത്. ഇതിനെത്തുടർന്നാണ് നടപടി. താൽക്കാലിക നിയമനം എന്ന പേരിൽ മിനിറ്റ്സിൽ രേഖപ്പെടുത്തി അന്നത്തെ ഭരണസമിതി നിയമനം നൽകിയ അറ്റൻഡർ ജിബി ചാലിൽ, സെയിൽസ് മാൻ അശ്വിൻ, നൈറ്റ് വാച്ച്മാൻമാരായ ജിഷ്ണു, ജലീൽ, പാർടൈം സ്വീപ്പർമാരായ റജീന, സജ്ന, പ്യൂൺ ചൈതന്യ എന്നിവരെയാണ് പിരിച്ചുവിട്ടത്.
2018-23 കാലഘട്ടത്തിലെ ഭരണസമിതിയിലെ അഞ്ച് യു.ഡി.എഫ് അംഗങ്ങൾ സഹകരണ ജോയന്റ് രജിസ്ട്രാർക്ക് നൽകിയ പരാതിയുടെയും അവർ ഹൈകോടതിയെ സമീപിച്ച് നേടിയെടുത്ത ഉത്തരവിന്റെയും അടിസ്ഥാനത്തിലാണ് നടപടി. അനധികൃതമായി നിയമനം നടത്തിയ ഭരണസമിതിയിലെ എട്ട് ഡയറക്ടർമാർക്കെതിരെ അന്നത്തെ ഡയറക്ടറും കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമായിരുന്ന എൻ.പി. ഷംസുദ്ദീൻ കോഴിക്കോട് വിജിലൻസ് കോടതിയിൽ പരാതി നൽകിയിരുന്നു. ബാങ്കിലെ ഡയറക്ടറായിരുന്ന കോൺഗ്രസ് നേതാവ് ഒ.കെ. ബൈജു അനധികൃതമായി കൈപ്പറ്റിയ എട്ടു ലക്ഷത്തോളം രൂപ തിരിച്ചുപിടിക്കണമെന്ന വിജിലൻസ് റിപ്പോർട്ട് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.