ആവശ്യത്തിന് ഫാർമസിസ്റ്റുകളില്ല; മുക്കം സി.എച്ച്.സിയിൽ ദുരിതം സഹിച്ച് രോഗികൾ
text_fieldsമുക്കം കമ്യൂണിറ്റി ഹെൽത്ത് സെന്റർ
മുക്കം: മലയോര മേഖലയിലെ നൂറുകണക്കിന് രോഗികളുടെ ഏക ആശ്രയമായ മുക്കം കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ആവശ്യത്തിന് ഫാർമസിസ്റ്റുകളില്ലാത്തത് ദുരിതമാവുന്നു. ആശുപത്രിയിലെ ഫാർമസിയിലുണ്ടായിരുന്ന രണ്ട് ഫാർമസിസ്റ്റുകളിൽ ഒരാൾ രണ്ടാഴ്ച മുമ്പ് മെഡിക്കൽ ലീവിൽ പോയതോടെ നിലവിൽ ഒരാൾ മാത്രമാണ് ജോലിയിലുള്ളത്.
നിത്യേന 600ലേറെ രോഗികളെത്തുന്ന മുക്കം കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ മരുന്നിന് കാത്തുനിൽകേണ്ടി വരുന്നത് മണിക്കൂറുകളാണ്. ഇതോടെ ആദിവാസികൾ ഉൾപ്പെടെയുള്ളവരും പ്രായം ചെന്നവരും കൈക്കുഞ്ഞുങ്ങളുമായെത്തുന്നവരും വലിയ പ്രയാസത്തിലാണ്.
ഏറെ നേരം ഒ.പി ടിക്കറ്റിന് വരിനിന്ന് ഡോക്ടറെ കാണിച്ച് വന്നതിന് ശേഷം വീണ്ടും മരുന്നിന് വേണ്ടി മണിക്കൂറുകൾ നിൽക്കേണ്ട അവസ്ഥയാണെന്ന് രോഗികൾ പറയുന്നു. ഒരാൾ ലീവെടുത്തതോടെ ഓമശ്ശേരിയിലെ ഫാർമസിസ്റ്റിന് ആഴ്ചയിൽ രണ്ടുദിവസം മുക്കത്ത് ചുമതല നൽകിയിട്ടുണ്ട്.
എന്നാൽ, ഇവർക്ക് ഫാർമസിയിലെ സ്റ്റോക്ക് എൻട്രി ഉൾപ്പെടെയുള്ള ജോലി ചെയ്യേണ്ടിവരുന്നതുകൊണ്ട് മരുന്നെടുത്ത് നൽകാൻ കുറഞ്ഞ സമയം മാത്രമേ കഴിയാറുള്ളൂ. എന്നാൽ, രോഗികളുടെ പ്രയാസം മനസ്സിലാക്കി സർക്കാറോ മുക്കം നഗരസഭ അധികൃതരോ കൂടുതൽ താൽക്കാലിക ഫാർമസിസ്റ്റുകളെ നിയമിച്ച് രോഗികൾക്കുള്ള ദുരിതം ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെയും രോഗികളുടെയും ആവശ്യം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.