വീട് ഒന്ന്; വോട്ട് 327: കോർപറേഷൻ കരട് വോട്ടർപട്ടികക്കെതിരെ മുസ്‍ലിം ലീഗ്
text_fieldsകോഴിക്കോട്: കോർപറേഷൻ തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച കരട് വോട്ടർപട്ടിക സംബന്ധിച്ച് ഗുരുതര പരാതിയുമായി ജില്ല മുസ് ലിം ലീഗ്. ഒരുവീട്ടു നമ്പറിൽ തന്നെ മുന്നൂറിലധികം വോട്ടർമാരും 0 നമ്പർ വീട്ടിൽ ആയിരത്തിലധികം വോട്ടും ചേർത്ത അപൂർവ സംഭവങ്ങളും കരട് വോട്ടർപട്ടികയിൽ ഉള്ളതായി മുസ്‍ലിം ലീഗ് ജില്ല പ്രസിഡന്‍റ് എം.എ റസാഖും ജനറൽ സെക്രട്ടറി ടി.ടി ഇസ്മയിലും വാർത്തസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് അട്ടിമറിക്കുംവിധമാണ് ക്രമക്കേടുകൾ നടത്തിയിരിക്കുന്നത്.
മാറാട് ഡിവിഷനിൽ ഉൾപ്പെട്ട 49/49 എന്ന വീട്ടു നമ്പറിൽ 327 വോട്ടർമാരാണ് ഉള്ളത്. ഏഴ് ബൂത്തുകളിലായാണ് ഇവ വിന്യസിച്ചിരിക്കുന്നത്. പുത്തൂർ ഡിവിഷനിൽ 4/500 എന്ന വീട്ടുനമ്പറിൽ 320 വോട്ടർമാരാണ് ഉള്ളത്. ഇവർക്ക് അഞ്ച് ബൂത്തുകളിലായാണ് വോട്ട്. പുത്തൂർ ഡിവിഷനിൽ തന്നെ 4/400 എന്ന വീട്ടുനമ്പറിൽ 248 വോട്ടർമാരുണ്ട്. 03/418 എന്ന നമ്പറിൽ 196 വോട്ടർമാരാണ് ഉള്ളത്. ഇതിൽ 11എണ്ണം കൊമ്മേരി ഡിവിഷനിലും, 185 എണ്ണം കുറ്റിയിൽ താഴം ഡിവിഷനിലുമാണ്. 5/0 എന്ന വീട്ടുനമ്പറിലെ 192 വോട്ടർമാരിൽ 149 എണ്ണം മൊകവൂർ ഡിവിഷനിലും 43 എണ്ണം കുണ്ടുപറമ്പ് ഡിവിഷനിലുമാണ്. 50/50 എന്ന വീട്ടു നമ്പറിലെ 103 വോട്ടർമാരിൽ 26 എണ്ണം മാറാട് ഡിവിഷനിലും 72 എണ്ണം നടുവട്ടം ഡിവിഷനിലും അഞ്ചെണ്ണം മാത്തോട്ടം ഡിവിഷനിലുമാണ്. 0 എന്ന വീട്ടു നമ്പറിൽ വിവിധ ഡിവിഷനുകളിലായി ഉള്ളത് 1088 വോട്ടുകളാണ്. ഒരേ നമ്പറിൽ തന്നെ ആറ് വോട്ടുകൾ വരെ കോർപറേഷൻ പരിധിയിലുണ്ട്.
ഇതിൽ 90 ശതമാനത്തിലേറെ നമ്പർ ഒന്നാണെങ്കിലും വ്യത്യസ്ത ബൂത്തുകളിലാണ് ഇവർക്ക് വോട്ട്. പട്ടികയിൽ വോട്ടറുടെ പേര്, രക്ഷിതാവിന്റെ പേര്, വീട്ടുപേര് എന്നിവ ഒരു അക്ഷരം പോലും മാറ്റമില്ലാതെ രണ്ടുതവണ ആവർത്തിച്ച വോട്ടുകൾ 1408 എണ്ണമാണ്. ഒരേ ഡിവിഷനിൽ ഒരേ ബൂത്തിൽ 480 വോട്ടുകൾ ആവർത്തിച്ചു. ഒരു വീട്ടിലെ വോട്ടുകൾ തന്നെ വ്യത്യസ്ത ഡിവിഷനുകളിലും ബൂത്തുകളിലുമായി പരന്നു കിടക്കുന്നു. ഇതുകൊണ്ടുതന്നെ വോട്ടർപട്ടിക കൃത്യമായി മനസ്സിലാക്കാൻ സാധിക്കുന്നില്ല. തെരഞ്ഞെടുപ്പ് കമീഷന്‍റെ ഒത്താശയോടെയാണ് ഭരണകക്ഷിയായ സി.പി.എം വോട്ടർപട്ടികയിൽ വ്യാപകമായ തിരിമറികൾ നടത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് യു.ഡി.എഫിന് അനുകൂലമാവുമെന്ന് മനസ്സിലാക്കിയ കോർപറേഷൻ ഭരണകൂടം തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും നേതാക്കൾ ആരോപിച്ചു.
ഒഴിഞ്ഞുമാറി മേയർ
കോഴിക്കോട്: വോട്ടർപട്ടികയിലെ ക്രമക്കേട് സംബന്ധിച്ച ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞുമാറി കോർപറേഷൻ മേയർ ഡോ. ബീനാ ഫിലിപ്പ്. ക്രമക്കേടുകളെക്കുറിച്ച് അറിയില്ല. തന്നോട് ആരും പരാതി പറഞ്ഞിട്ടില്ല. വോട്ടർപട്ടിക തയാറാക്കുന്നത് ഉദ്യോഗസ്ഥരാണ്. ജനപ്രതിനിധികൾ അതിൽ ഇടപെടില്ല. കരട് വോട്ടർപട്ടികയിൽ തന്‍റെ പേരുണ്ടോ എന്നുപോലും താൻ പരിശോധിച്ചിട്ടില്ലെന്നും മേയർ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.