മൊറട്ടോറിയത്തിന് പുല്ലുവില; ജപ്തി നടപടികളുമായി ബാങ്കുകൾ
text_fieldsനാദാപുരം: വിലങ്ങാട് ഉരുൾപൊട്ടലിനെ തുടർന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച മൊറട്ടോറിയം നിലനിൽക്കേ ബാങ്കുകളും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളും ജപ്തി നടപടികളുമായി മുന്നോട്ടുപോകുന്നതായി പരാതി. മലയോര മേഖലയിലെ ആറു പഞ്ചായത്തുകളിലായി മാർച്ച് 15 നാണ് മൊറട്ടോറിയം പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറക്കിയത്.
2026 മാർച്ച് 31 വരെയാണ് മൊറട്ടോറിയത്തിന്റെ കാലാവധി. ഉത്തരവ് കാറ്റിൽ പറത്തി ജപ്തി നടപ്പാക്കുന്നതിന്റെ ഭാഗമായി ഈ മാസം വാണിമേൽ വില്ലേജിലെ ഏഴ് കർഷകർക്കും വളയം, ചെക്യാട് വില്ലേജിലെ ഒരോ കർഷകനും ബാങ്കുകൾ പത്രപരസ്യം നൽകി. വിലങ്ങാട്, വാണിമേൽ, വളയം, ചെക്യാട്, തിനൂർ, തൂണേരി, നാദാപുരം, എടച്ചേരി, നരിപ്പറ്റ വില്ലേജുകളിൽ മൊറട്ടോറിയം നിലവിലുള്ളത്.
ബാങ്കുകൾക്ക് പിന്നാലെ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളും ജപ്തി നടപടികളുമായി മൂന്നോട്ടുപോകുന്നുണ്ട്. താമസിക്കുന്ന വീടുകൾ ഉൾപ്പെടെ ജപ്തി ചെയ്യാതിരിക്കാൻ സമീപിക്കുന്നവരോട് സ്വകാര്യ സ്ഥാപനങ്ങൾക്ക് മേൽ നിയന്ത്രണം ഇല്ലെന്നാണ് ജില്ല ഭരണകൂടത്തിന്റെ മറുപടി. ഫലത്തിൽ സർക്കാർ പ്രഖ്യാപിച്ച മൊറട്ടോറിയത്തിന് പുല്ലുവില കൽപിക്കുകയാണ് സാമ്പത്തിക സ്ഥാപനങ്ങളെന്നാണ് ആക്ഷേപം.
ജപ്തി നടപടി അവസാനിപ്പിക്കണം
വിലങ്ങാട് ഉരുൾപൊട്ടലിനെ തുടർന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച മൊറട്ടോറിയം നിലനിൽക്കെ ബാങ്കുകളും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളും ജപ്തി നടപടി മുന്നോട്ടുപോകുന്നത് അവസാനിപ്പിക്കണമെന്ന് അഖിലേന്ത്യാ കിസാൻ സഭ ജില്ല പ്രസിഡന്റ് ടി.കെ. രാജൻ, സെക്രട്ടറി രജീന്ദ്രൻ കപ്പള്ളി എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ജപ്തി നടപടികൾ തടയണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, റവന്യൂ മന്ത്രി, സഹകരണ മന്ത്രി, നാദാപുരം എം.എൽ.എ എന്നിവരുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനായി കിസാൻ സഭ ജില്ല കമ്മിറ്റി അടിയന്തരനടപടികൾ സ്വീകരിക്കുമെന്ന് ഇവർ പറഞ്ഞു. പ്രകൃതിദുരന്തവും വന്യമൃഗശല്യവും കാരണം ഏറെ പ്രയാസമനുഭവിക്കുന്ന കൃഷിക്കാർക്ക് സർക്കാർ നൽകിയ ആശ്വാസ നടപടികളാണ് ബാങ്കുകളും സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളും ഇല്ലാതാക്കുന്നത്. ഇത് അനുവദിക്കാൻ കഴിയില്ല. ജപ്തി നടപടി തുടർന്ന് മുന്നോട്ടുപോവുകയാണെങ്കിൽ കിസാൻ സഭ പ്രത്യക്ഷ സമരത്തിന് നേതൃത്വം കൊടുക്കുമെന്നും പ്രസ്താവനയിൽ പറഞ്ഞു.
സർക്കാർ പ്രഖ്യാപിച്ച മൊറട്ടോറിയം നടപ്പാക്കാൻ ജില്ല ഭരണകൂടം ഫലപ്രദമായി ഇടപെടണമെന്ന് കോൺഗ്രസ് നേതാവ് മോഹനൻ പാറക്കടവ് ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.