തുടർച്ചയായ അപകടങ്ങൾ; തൂണേരിയിൽ വേഗ നിയന്ത്രണ സംവിധാനം ഏർപ്പെടുത്തണമെന്നാവശ്യം
text_fieldsതൂണേരിയിൽ അപകടത്തിൽ തകർന്ന കാർ
നാദാപുരം: ഞായറാഴ്ച വാഹനാപകടത്തിൽ ഹോട്ടൽ വ്യാപാരി മരണപ്പെട്ട സംസ്ഥാന പാതയുടെ ഭാഗമായ പേരോട്- തൂണേരി റോഡിൽ അപകടം പതിവെന്ന് നാട്ടുകാർ. രണ്ട് കിലോമീറ്ററിലധികം നേർ പാതയായ റോഡിൽ ഒരു നിയന്ത്രണവുമില്ലാതെ അമിത വേഗതയിലാണ് വാഹനങ്ങളുടെ കുതിപ്പ്. ഈ മേഖലയിൽ ആറിലധികം പേർ അപകടത്തിൽ മരണപ്പെട്ടതായി നാട്ടുകാർ പറഞ്ഞു. അമിത വേഗം തന്നെയാണ് ബ്ലോക്ക് ഓഫിസ് പരിസരത്തെ ഹോട്ടൽ വ്യാപാരി കിഴക്കയിൽ കുമാരന്റെ മരണത്തിന് ഇടയാക്കിയത്.
അപകടസ്ഥലത്തിന് തൊട്ട് സമീപം തന്നെ രണ്ട് പ്രമുഖ കാർ കമ്പനികളുടെ ഷോറും പ്രവർത്തിക്കുന്നുണ്ട്. ഇവിടെ വന്നു പോകുന്ന വാഹനങ്ങൾ പലപ്പോഴും സംസ്ഥാന പാതയിൽ നിന്നും ചീറിപ്പായുന്ന മറ്റ് വാഹനങ്ങളുടെ ഇടിയേൽക്കാതെ അപകടത്തിൽ നിന്നും രക്ഷപ്പെടുന്നത് ഭാഗ്യം കൊണ്ടാണ്. ഇവിടെ വേഗനിയന്ത്രണത്തിന് സംവിധാനം വേണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്ന നിലയിലാണ്. സമീപത്തെ മരത്തിൽ ഇടിച്ച് നിന്നതിനാൽ കാർ യാത്രക്കാർ നിസ്സാര പരിക്കോടെ രക്ഷപ്പെട്ടു.
കിഴക്കയിൽ കുമാരന്റെ നിര്യാണത്തിൽ സർവകക്ഷിയോഗം അനുശോചിച്ചു. മുൻ പഞ്ചായത്ത് പ്രസിഡന്റ് നെല്ലിയേരി ബാലൻ അധ്യക്ഷതവഹിച്ചു. എം. ബാൽ രാജ്, പി.എം. നാണു, അശോകൻ തൂണേരി, കെ.എം. സമീർ, ശ്രീജിത്ത് മുടപ്പിലായി, പി.രാമചന്ദ്രൻ, ടി. ശ്രീധരൻ എന്നിവർ സംസാരിച്ചു. രാവിലെ മുതൽ തൂണേരി ടൗണിൽ വ്യാപാരികൾ കടകളടച്ച് ഹർത്താലാചരിച്ചു. ആർ.ജെ.ഡി തൂണേരി പഞ്ചായത്ത് കമ്മിറ്റിയംഗം കിഴക്കയിൽ കുമാരന്റെ നിര്യാണത്തിൽ ആർ.ജെ.ഡി പഞ്ചായത്ത് കമ്മറ്റി അനുശോചിച്ചു. ടി. രാമകൃഷ്ണൻ അധ്യക്ഷതവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

