കെട്ടിടങ്ങളിൽ അന്തർ സംസ്ഥാന തൊഴിലാളികളെ കുത്തി നിറച്ച് ഉടമകൾ; കണക്കൊന്നുമില്ലാതെ പഞ്ചായത്ത് അധികൃതർ
text_fieldsപ്രതീകാത്മക ചിത്രം
നാദാപുരം: കെട്ടിട ഉടമകളുടെ ലാഭത്തിനുവേണ്ടി കുത്തിനിറച്ചു താമസിക്കുന്ന കെട്ടിടത്തിൽ അന്തർ സംസ്ഥാന തൊഴിലാളികളുടെ ഒരു ഡേറ്റയുമില്ലാതെ കെട്ടിട ഉടമകളും പഞ്ചായത്തും. താമസസ്ഥലം ലഭിക്കാനുള്ള ബുദ്ധിമുട്ട് കാരണം നാട്ടിൻപുറങ്ങളിലും ചെറിയ ടൗണിലുമുള്ള കച്ചവട കാര്യത്തിന് നിർമിച്ച കെട്ടിടങ്ങളെല്ലാം ഇപ്പോൾ താമസസ്ഥലമായി മാറ്റിയാണ് ഇവർക്ക് വാടകക്ക് നൽകുന്നത്.
താമസക്കാരുടെ വ്യക്തമായ രേഖകൾ കെട്ടിട ഉടമകൾ സൂക്ഷിക്കണമെന്നും പഞ്ചായത്തിൽ രജിസ്റ്റർ ചെയ്യണമെന്നുമാണ് നിയമം. എന്നാൽ, ഇത്തരത്തിൽ ഒരു രേഖയും ആരുടെ കൈയിലുമില്ല. ഇത് വ്യക്തമാക്കുന്നതാണ് കഴിഞ്ഞ ദിവസം പാറക്കടവ് താനക്കോട്ടൂരിൽ നടന്ന അപകടം. 15 മുതൽ 20പേർ വരെ കെട്ടിടത്തിൽ താമസിച്ചതായാണ് ഉടമയും തൊഴിലാളികളും പറഞ്ഞത്. കെട്ടിടം പൊളിഞ്ഞുവീണശേഷം സ്ത്രീകളടക്കം ആറുപേരെ മാത്രമാണ് താമസസ്ഥലത്ത് കണ്ടെത്തിയത്. ബാക്കിയുള്ളവർ എങ്ങോട്ടുപോയി എന്നതിനെക്കുറിച്ച് വ്യക്തമായ വിവരം ഇതുവരെ ലഭ്യമായിട്ടില്ല.
കെട്ടിടം തകർന്ന ഉടനെ ചിലർ സ്വദേശമായ ബംഗാളിലേക്ക് തിരിച്ചതായുള്ള വിവരവും ലഭിക്കുന്നുണ്ട്. ഈ ആശങ്കക്കൊടുവിൽ കെട്ടിടം തകർന്ന അവശിഷ്ടങ്ങൾ മുഴുവൻ രാത്രി വൈകിയും മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മാറ്റുകയായിരുന്നു. തൊഴിലാളികളിൽനിന്ന് ആളെണ്ണത്തിന് മാസവാടക വാങ്ങുന്ന കെട്ടിട ഉടമകൾക്ക് വൻ ലാഭമാണ് ലഭിക്കുന്നത്.
അടിസ്ഥാന സൗകര്യങ്ങളൊന്നും നൽകാതെ താമസിക്കുന്ന ഇവരുടെ പരിസരം എപ്പോഴും വൃത്തിഹീനവും അനാരോഗ്യ ചുറ്റുപാടിലുമാണ്. ആരോഗ്യ പ്രവർത്തകർ പേരിന് നടത്തുന്ന പരിശോധനയിൽ കെട്ടിട ഉടമക്ക് നാമമാത്ര പിഴയും താക്കീതും നൽകി ഒഴിവാക്കുകയാണ് പതിവ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.