സംസ്ഥാന പാത; അപകടവളവിലെ മരത്തടികൾ എടുത്തുമാറ്റിയില്ല
text_fieldsനടുവണ്ണൂർ എസ് വളവിൽ കൂട്ടിയിട്ട മരത്തടികൾ
നടുവണ്ണൂർ: സംസ്ഥാന പാതയിലെ നടുവണ്ണൂരിലെ എസ് വളവിലെ റോഡരികിൽ കൂട്ടിയിട്ട മരത്തടികൾ എടുത്തുമാറ്റിയില്ല. മരത്തടികൾ മറ്റൊരു അപകടക്കെണിയാവുകയാണ്. ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് മുറിച്ചുമാറ്റിയ വലിയ കാഞ്ഞിരമരത്തിന്റെ കഷണങ്ങളാണ് റോഡരികിൽ കൂട്ടിയിട്ടത്. മൂന്നുമാസത്തോളമായി റോഡരികിൽ കൂനയായി കിടക്കുകയാണ്. പേരാമ്പ്ര ഭാഗത്തേക്ക് പോകുന്ന യാത്രക്കാർ ബസ് കാത്തുനിൽക്കുന്ന ഭാഗത്താണ് മരത്തടികളുള്ളത്.
മിക്ക ബസുകളും വളവിൽ അപകടകരമായി നിർത്തിയാണ് യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും. വളവിൽ നിരവധി വാഹനാപകടങ്ങൾ ഉണ്ടായിട്ടുണ്ട്. വിവിധ കാലങ്ങളിൽ ഏഴുപേരുടെ ജീവനും പൊലിഞ്ഞിട്ടുണ്ട്. ഇനിയും അപകടമരണം ഉണ്ടാവാതിരിക്കാൻ നാട്ടുകാർ പൊതുമരാമത്തുവകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തിയതോടെ ഇവിടെ സുരക്ഷാക്രമീകരണം നടത്തിയിരുന്നു. വളവിനിരുവശത്തും ഓവുചാൽ പണിത് സ്ലാബിട്ട് നടപ്പാതയാക്കി. ഇതിന് കൈവരികളും പണിതു.
സുരക്ഷാ മുന്നറിയിപ്പ് ബോർഡും റിഫ്ലക്ടറുകളും സ്ഥാപിക്കാനുണ്ട്. റോഡ് സുരക്ഷാ നടപടികൾ പൂർത്തിയാക്കണമെന്നും മരത്തടികൾ ഉടൻ എടുത്തുമാറ്റണമെന്നും ജവാൻ ഷൈജു സ്‌മാരക ബസ് സ്റ്റോപ് സംരക്ഷണസമിതി ആവശ്യപ്പെട്ടു. ബാലകൃഷ്ണൻ വിഷ്ണോത്ത് അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ കരുണാകരൻ നൊച്ചോട്ട്, യു.വി. ഗംഗാധരൻ നായർ, റജിലേഷ് നള്ളിയിൽ, കെ.കെ. അഭയൻ, സേതുമാധവൻ അമ്പാടി, മുഹമ്മദ് റജീഷ്, റിഷാദ് വെങ്ങപ്പറ്റ, അപ്പുക്കുട്ടൻ, അസ്സൻ കുട്ടി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

