യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച സംഭവം; 10 പേർക്കെതിരെ കേസ്
text_fieldsഓമശ്ശേരി: ഫുഡ് മാർക്കറ്റിങ് സ്ഥാപനത്തിലെ ജീവനക്കാരനായ ഷബീർ അലി (35) തട്ടിക്കൊണ്ടുപോയി മർദിച്ചതുമായി ബന്ധപ്പെട്ട് 10 പേർക്കെതിരെ കൊടുവള്ളി പൊലീസ് കേസെടുത്തു. സ്ഥാപന ഉടമ ഫിറോസ് ഖാൻ, ഷാജിർ അലി, വഹാബ്, ഇർഷാദ്, അൻവർ, സാലി, സാജു, റഫീഖ്, അൻസാർ തുടങ്ങിയവർക്കെതിരെയാണ് ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തത്.
പുത്തൂർ പുറായിൽ വീട്ടിൽ ഷബീർ അലിയെ ഒന്ന്, രണ്ട് പ്രതികൾ സംഘം ചേർന്ന് 17ന് കാറിൽ കയറ്റി അഗസ്ത്യൻമുഴിയിലെത്തിക്കുകയും അവിടെവെച്ച് രണ്ടുപേർകൂടി കാറിൽ കയറുകയും തുടർന്ന് ഒന്നാം പ്രതിയുടെ ഉടമസ്ഥതയിലുള്ള മുറമ്പാത്തി ഹെവൻസ് ഫാം ഹൗസിലും പരപ്പൻ പൊയിലിലെ മലമുകളിലും വയനാട്ടിലെ റിസോർട്ടിലും എത്തിച്ച് കൂടുതൽ പേർ ചേർന്ന് 18ാം തീയതി രണ്ടുമണി വരെ തടങ്കലിൽ പാർപ്പിച്ച് മർദിച്ചതായി പറയുന്നു.
ബിസിനസ് സ്ഥാപനത്തിലെ സാമ്പത്തിക തർക്കമാണ് തട്ടിക്കൊണ്ടുപോകലിന് ഇടയാക്കിയതെന്നു പൊലീസിന്റെ പ്രാഥമികാന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. പരിക്കേറ്റ ഷബീർ ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സ തേടി. പ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.