യാത്രക്കാരുടെ നടുവൊടിച്ച് ദേശീയപാത സർവിസ് റോഡിലെ കുഴികൾ
text_fieldsപയ്യോളി ടൗണിന് സമീപം വടകര ഭാഗത്തേക്കുള്ള സർവിസ് റോഡ് തകർന്ന നിലയിൽ
പയ്യോളി: തുലാവർഷം ശക്തി പ്രാപിച്ചതോടെ ദേശീയപാത സർവിസ് റോഡിലെ കുഴികൾ വീണ്ടും യാത്രക്കാരുടെ നടുവൊടിക്കുന്നു. വടക്ക് മൂരാട് മുതൽ തെക്ക് വെങ്ങളം വരെയുള്ള ദേശീയപാതയുടെ ഭാഗമായിട്ടുള്ള ഇരു സർവിസ് റോഡുകളിലൂടെയുള്ള യാത്ര അനുദിനം ദുരിതയാത്രയായി മാറുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയെത്തുടർന്ന് കോഴിക്കോട് ഭാഗത്തേക്കുള്ള തിക്കോടി ഇരുപതാം മൈൽസിലെ സർവിസ് റോഡ് പുഴക്ക് സമാനമായ രീതിയിലായിരുന്നു വൻവെള്ളക്കെട്ട് രൂപപ്പെട്ടിരുന്നത്. സ്വകാര്യ ബസ് അടക്കം നിരവധി വാഹനങ്ങൾ ഇവിടെ വെള്ളക്കെട്ടിൽ മുങ്ങിയിരുന്നു.
നന്തിമേൽപ്പാലം മുതൽ പാലക്കുളം വരെ നിലവിലെ ദേശീയപാത റീടാർ ചെയ്യുന്നതിന് പകരം വഴിപാടെന്ന രീതിയിലുള്ള കുഴിയടക്കൽ പ്രഹസനം വാഹനങ്ങളിലൂടെ സഞ്ചരിക്കുന്ന യാത്രക്കാരുടെ നടുവൊടിക്കുകയാണ്. വടകര ഭാഗത്തേക്കുള്ള സർവിസ് റോഡിൽ പെരുമാൾപുരം മുതൽ മൂരാട് വരെ കുഴികൾ നിറഞ്ഞിരിക്കുകയാണ്. ഇതിൽ പയ്യോളി ടൗണിന്റെ വടക്കുഭാഗം, അയനിക്കാട് പള്ളി, അയനിക്കാട് പോസ്റ്റ് ഓഫിസ്, കളരിപ്പടി തുടങ്ങിയ സ്ഥലങ്ങളിൽ കുഴിയടക്കൽ തുടരുന്നതുകൊണ്ട് മഴപെയ്താൽ യാത്രാദുരിതം വർധിക്കുകയാണ്.
സിമന്റ് മിശ്രിതം ഉപയോഗിച്ചുള്ള താത്ക്കാലിക കുഴിയടക്കലാണ് കരാറുകാരായ വഗാഡ് കമ്പനി സ്ഥിരമായി ചെയ്യുന്നത്. ഇതുകൊണ്ട് യാതൊരു പ്രയോജനവുമില്ലെന്ന് മാത്രമല്ല വെയിൽ വന്നാൽ റോഡ് പൊടിയിൽ മുങ്ങുകയാണ്. ഈ ദുരിതത്തിനെതിരെ പ്രതിഷേധങ്ങൾ ഒരു ഭാഗത്ത് നടക്കുമ്പോൾ മറുഭാഗത്ത് ബന്ധപ്പെട്ട അധികൃതരുടെ പ്രഖ്യാപനങ്ങളും മുറപോലെ നടക്കുന്നുണ്ട്. എന്നാൽ, സർവിസ് റോഡ് വെള്ളക്കെട്ടും കുഴികളുമില്ലാതെ യാത്രായോഗ്യമാക്കാൻ ഇതുവരെ സാധിക്കുന്നില്ലന്നതാണ് വാസ്തവം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

