കൊലയാളി ബസുകൾക്കെതിരെ പേരാമ്പ്രയിൽ സമര പരമ്പര
text_fieldsപേരാമ്പ്ര ബസ് സ്റ്റാൻഡിൽ യു.ഡി.എഫ് പ്രവർത്തകരും പൊലീസും തമ്മിലുണ്ടായ സംഘർഷം
പേരാമ്പ്ര: ആളെ കൊല്ലുന്ന ബസുകൾക്കെതിരെ ഞായറാഴ്ച രാവിലെ മുതൽ പേരാമ്പ്രയിൽ വൻ പ്രതിഷേധം അരങ്ങേറി. പൊലീസും സമരക്കാരും തമ്മിൽ ടൗണിൽ രൂക്ഷമായ വാക്കുതർക്കവും ഉന്തുംതള്ളും. കോൺഗ്രസ്, മുസ് ലിം ലീഗ്, എസ്.ഡി.പി.ഐ, ഡി.വൈ.എഫ്.ഐ, യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് തുടങ്ങിയ സംഘടനകളെല്ലാം രാവിലെ മുതൽ റോഡ് ഉപരോധവും പ്രതിഷേധ മാർച്ചുമായി കളം നിറഞ്ഞിരുന്നു.
യു.ഡി.എഫ് പ്രവർത്തകരും പൊലീസുമായാണ് സംഘർഷമരങ്ങേറിയത്. ശനിയാഴ്ച വൈകീട്ടാണ് സംസ്ഥാനപാതയിൽ പേരാമ്പ്ര കക്കാട് അമിതവേഗത്തിൽ വന്ന സ്വകാര്യ ബസ് ഇടിച്ച് പി.ജി വിദ്യാർഥി മരുതോങ്കര അബ്ദുൽ ജവാദ് മരിക്കുന്നത്. ജവാദിന്റെ സ്കൂട്ടറിന്റെ പുറകിലിടിച്ച ബസ് ശരീരത്തിലൂടെ കയറി ഇറങ്ങുകയും ചെയ്തു. മൂന്നുമാസം മുമ്പും ബൈക്കിൽ യാത്ര ചെയ്ത വിദ്യാർഥി ബസ് തട്ടി മരിച്ചിരുന്നു. നിരന്തരം അപകടങ്ങളുണ്ടാവുമ്പോഴും മോട്ടോർ വാഹന വകുപ്പും പൊലീസും നിസംഗ്ഗതയിലാണെന്നാരോപിച്ചാണ് പേരാമ്പ്രയിൽ പ്രതിഷേധം അരങ്ങേറിയത്.
പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടയില്‍ സംഘര്‍ഷമുണ്ടായി. വഴിതടഞ്ഞ് പ്രതിഷേധിച്ച പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു നീക്കാന്‍ സ്വകാര്യ ബസാണ് പൊലീസ് ഉപയോഗിച്ചത്. ഇത് വലിയ പ്രതിഷേധത്തിനിടയാക്കി. അറസ്റ്റ് ചെയ്യപ്പെട്ടവർ സ്വകാര്യ ബസിൽ കയറാൻ കൂട്ടാക്കിയില്ല. രാവിലെ ആറ് മുതൽതന്നെ യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകർ പേരാമ്പ്ര ബസ് സ്റ്റാൻഡ് പരിസരത്ത് നിലയുറപ്പിച്ചിരുന്നു.
ആദ്യഘട്ടത്തിൽ പ്രകടനം നടത്തി അരമണിക്കൂറോളം റോഡ് ഉപരോധിച്ച പ്രവർത്തകർ പിന്നീട് പിരിഞ്ഞുപോവാതെ ഒമ്പതായപ്പോൾ വീണ്ടും പ്രതിഷേധത്തിന് നേതൃത്വം നൽകി. പേരാമ്പ്രയിലെ നിയമപാലകർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടുള്ള റീത്തുമായി നടത്തിയ പ്രകടനത്തിനുശേഷം വീണ്ടും റോഡ് ഉപരോധിച്ചു. പൊലീസ് വാഹനത്തിൽ റീത്തുവെക്കുമെന്നുള്ളതിനാൽ പൊലീസ് ജീപ്പും ബസും ഉൾപ്പെടെയുള്ളവ സമര സ്ഥലത്തുനിന്നു മാറ്റി. റോഡ് ഉപരോധിച്ച പ്രവർത്തകരെ സ്വകാര്യ ബസിൽ സ്റ്റേഷനിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചു.
അറസ്റ്റ് ചെയ്ത് സ്വകാര്യ ബസിൽ കയറ്റിയ പ്രവർത്തകരെ നേതാക്കൾ ഇടപെട്ട് ഇറക്കി. വീണ്ടും പൊലീസുമായി സംഘർഷം ഉണ്ടാവുകയും പൊലീസ് വാഹനമെത്തിച്ച് പ്രവർത്തകരെ അറസ്റ്റ് ചെയ്തു സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു. കെ.എസ്.യു ജില്ല പ്രസിഡന്റ് വി.ടി. സൂരജ്, സംസ്ഥാന സെക്രട്ടറി അർജുൻ കാറ്റയാട്ട്, യൂത്ത് കോൺഗ്രസ് ജില്ല വൈസ് പ്രസിഡന്റ് എസ്. സുനന്ദ്, ജില്ല സെക്രട്ടറി അഖിൽ ഹരികൃഷ്ണൻ, നിയോജകമണ്ഡലം പ്രസിഡന്റ് സായൂജ് അമ്പലക്കണ്ടി, ആർ.കെ. മുഹമ്മദ്, റഷീദ് പുറ്റംപൊയിൽ, എസ്. അഭിമന്യു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു പിന്നീട് ജാമ്യത്തിൽ വിട്ടു
സർവകക്ഷി യോഗത്തിൽ ഉത്തരവാദിത്തപ്പെട്ട ജനപ്രതിനിധികൾ ഉൾപ്പെടെ പങ്കെടുക്കാത്തതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് യോഗം ബഹിഷ്കരിച്ചതിനാൽ അനിശ്ചിതകാലത്തേക്ക് സ്വകാര്യ ബസുകൾ തടയാനാണ് യൂത്ത് കോൺഗ്രസും യൂത്ത് ലീഗും ഉൾപ്പെടെതീരുമാനിച്ചത്. ഡി.സി.സി സെക്രട്ടറി രാജൻ മരുതേരി, മുസ് ലിം ലീഗ് ജില്ല സെക്രട്ടറി സി.പി.എ. അസീസ്, യൂത്ത് കോൺഗ്രസ് നേതാവ് പി.കെ. രാഗേഷ് എന്നിവർ സമരത്തിന് നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.