പൊലീസിനുനേരെ സ്ഫോടക വസ്തു എറിഞ്ഞെന്ന ആരോപണം; അന്വേഷണം ഊർജിതം
text_fieldsപേരാമ്പ്രയിൽ പൊലീസ് ഫോറൻസിക് വിഭാഗം പരിശോധന നടത്തുന്നു
പേരാമ്പ്ര: ഷാഫി പറമ്പിൽ എം.പി പങ്കെടുത്ത യു.ഡി.എഫ് പ്രതിഷേധ പ്രകടനത്തിൽനിന്ന് പൊലീസിനുനേരെ സ്ഫോടക വസ്തു എറിഞ്ഞെന്ന സി.പി.എം ആരോപണത്തിനു പിന്നാലെ ഈ സംഭവത്തിൽ പേരാമ്പ്ര പൊലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കി. ചൊവ്വാഴ്ച റൂറൽ എസ്.പി ഇ.കെ. ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം പേരാമ്പ്ര സന്ദർശിച്ച് തെളിവെടുപ്പ് നടത്തി. ഡോഗ് സ്ക്വാഡും എത്തിയിരുന്നു. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഫോറൻസിക് വിഭാഗം പരിശോധന നടത്തി.
കണ്ണീർ വാതകവും ഗ്രനേഡും പ്രയോഗിച്ച പ്രധാന റോഡിലെ ചേനോളി ജങ്ഷന് സമീപമാണ് പരിശോധന നടത്തിയത്. പേരാമ്പ്ര ഡി.വൈ.എസ്.പി എൻ. സുനിൽകുമാർ, കേസ് അന്വേഷിക്കുന്ന പേരാമ്പ്ര പൊലീസ് ഇൻസ്പക്ടർ പി. ജംഷീദ് എന്നിവരും എസ്.പിയുടെ കൂടെ ഉണ്ടായിരുന്നു.
സംഭവം നടന്ന വെള്ളിയാഴ്ച ഷാഫി പറമ്പിൽ എം.പി ഉൾപ്പെടെ 700 പേർക്കെതിരെ കേസെടുത്ത പൊലീസ് സ്ഫോടക വസ്തു എറിഞ്ഞ കാര്യം എഫ്.ഐ.ആറിൽ ഉൾപ്പെടുത്തിയിരുന്നില്ല. പൊലീസുകാർക്ക് ഇടയിൽ വീണ് ഉഗ്രശബ്ദത്തോടെ പൊട്ടിയ സ്ഫോടക വസ്തുവിന്റെ വിവരം എന്തുകൊണ്ട് അന്നത്തെ കേസിൽ ഉൾപ്പെടുത്തിയില്ലെന്ന ചോദ്യം യു.ഡി.എഫ് ഉയർത്തുന്നുണ്ട്. ഡിപ്പാർട്മെന്റ് ഫോട്ടോഗ്രാഫർ പകർത്തിയ വിഡിയോ നേരത്തെ എടുത്ത കേസന്വേഷണത്തിന് പരിശോധിക്കുമ്പോഴാണ് അന്യായമായി സംഘം ചേർന്ന് യു.ഡി.എഫ് പ്രവർത്തകരിൽ ഒരാൾ സ്ഫോടക വസ്തു എറിഞ്ഞതെന്ന് എഫ്.ഐ.ആറിൽ പറയുന്നു.
പൊലീസുകാർക്കിടയിൽ വീണ് ഉഗ്രശബ്ദത്തോടെ ഇത് പൊട്ടിയതായും പേരാമ്പ്ര എസ്.എച്ച്.ഒ പി. ജംഷിദ് നൽകിയ മൊഴിയിൽ പറയുന്നുണ്ട്. സി.കെ.ജി കോളജിലെ യൂനിയൻ തെരഞ്ഞെടുപ്പിനെ തുടർന്ന് എസ്.എഫ്.ഐ-യു.ഡി.എസ്.എഫ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷമാണ് സി.പി.എം- യു.ഡി.എഫ് സംഘർഷത്തിലും തുടർന്ന് പൊലീസുമായുള്ള സംഘർഷത്തിലും കലാശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

