ചേനോളി ഗുഹയിലെ പരിശോധന അവസാനിപ്പിച്ചു; പുരാവസ്തുക്കൾ മ്യൂസിയത്തിലേക്ക് മാറ്റി
text_fieldsചേനോളി കളോളിപ്പൊയിലിലെ ഗുഹയിൽനിന്നും ലഭിച്ച പുരാവസ്തുക്കൾ പ്രദർശനത്തിന് വെച്ചപ്പോൾ
പേരാമ്പ്ര: ചേനോളി കളോളിപ്പൊയിലിൽ ഒറ്റപ്പുരക്കൽ സുരേന്ദ്രന്റെ വീടിനോട് ചേർന്ന് കണ്ടെത്തിയ ചെങ്കൽ ഗുഹയിലെ 10 ദിവസം നീണ്ടു നിന്ന പരിശോധനക്ക് ശേഷം കോഴിക്കോട് പഴശിരാജ പുരാവസ്തു ഗവേഷണ കേന്ദ്ര സംഘം വ്യാഴാഴ്ച വൈകിട്ടോടെ മടങ്ങി. ഗുഹയിലെ മൂന്ന് അറകളിൽ നിന്നും ലഭിച്ച പുരാവസ്തുക്കൾ പഴശിരാജ മ്യൂസിയത്തിലേക്ക് മാറ്റി.
മൂന്നും നാലും കാലുകളുള്ള മൺപാത്രങ്ങൾ, ചെറിയ മൺപാത്രങ്ങൾ, കത്തി, ഉളി എന്നിവയുടെ ആകൃതിയിലുള്ള ഇരുമ്പ് ആയുധനങ്ങൾ, ഇരുമ്പ് കൊളുത്ത് എന്നിവയാണ് അറയിൽ നിന്നും കണ്ടെടുത്തത്. ഒരു അറയിൽ നിന്ന് എല്ലിൻ കഷ്ണങ്ങളും കണ്ടെത്തി.
എട്ട് മാസം മുമ്പ് കക്കോടിയിൽ നിന്ന് കണ്ടെത്തിയ ഗുഹയിൽ നിന്നും ഇതുപോലുള്ള പുരാവസ്തുക്കളാണ് ലഭിച്ചത്. ഇവ വിദേശത്ത് കൊണ്ടുപോയി കാർബൺ പരിശോധന നടത്തിയപ്പോൾ 2000-2500 വർഷത്തെ കാലപ്പഴക്കമാണ് നിർണയിച്ചത്. മഹാശിലായുഗ കാലത്തെ ഗുഹയാണ് ചേനോളിയിൽ കണ്ടെത്തിയതെന്ന് പുരാവസ്തു ഗവേഷകർ പറയുന്നു. പഴശിരാജ മ്യൂസിയം ഇൻ ചാർജ് പ്രഫ. കൃഷ്ണ രാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവിടെ പരിശോധന നടത്തിയത്.
എം.ആർ. രാഘവവാര്യർ ഉൾപ്പെടെയുള്ള പുരാവസ്തു ഗവേഷകർ സ്ഥലം സന്ദർശിച്ചു. ഗുഹയിൽ നിന്നും ലഭിച്ച പുരാവസ്തുക്കൾ സ്ഥലത്ത് പ്രദർശനത്തിന് വെച്ചിരുന്നു. പരിശോധന നടത്തിയ സംഘാംഗങ്ങൾക്ക് നാട്ടുകാർ യാത്രയയപ്പും നൽകി. കെ.ടി. ബാലകൃഷ്ണൻ മാസ്റ്റർ, ടി. സുരേഷ് മോഹനൻ ചേനോളി, ജമാൽ പാറേമ്മൽ എന്നിവർ നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.