കുറ്റ്യാടി-കോഴിക്കോട് സംസ്ഥാന പാത; മത്സരിച്ചോടുന്ന മരണപ്പാത
text_fieldsബസ് തട്ടി വിദ്യാർഥി മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ ബസ് തടയുന്നു
പേരാമ്പ്ര: സ്വകാര്യ ബസുകളുടെ മത്സര ഓട്ടം കാരണം കുറ്റ്യാടി - കോഴിക്കോട് സംസ്ഥാന പാത കുരുതിക്കളമാവുന്നു. നിരവധി ജീവനുകൾ റോഡിൽ പൊലിയുമ്പോഴും അധികൃതർ കാണിക്കുന്ന നിസ്സംഗതയിൽ വലിയ പ്രതിഷേധമാണ് നാട്ടുകാർ ഉയർത്തുന്നത്. ചാലിക്കര യൂനിവേഴ്സിറ്റി സെൻററിൽ പി.ജി വിദ്യാർഥിയായ മരുതോങ്കര മൊയിലോത്തറ താഴത്തെ വളപ്പിൽ അബ്ദുൾ ജവാദ് ബസ് തട്ടി മരിച്ചതോടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
ഏപ്രിൽ മൂന്നിന് പേരാമ്പ്ര സിഗ്നിറ്റി കോളജ് വിദ്യാർഥി ബൈക്കിൽ പോകുമ്പോൾ ബസ് തട്ടി മരിച്ചിരുന്നു. രണ്ടാഴ്ച മുമ്പ് കടിയങ്ങാടിന് സമീപം ലോറിയിൽ ഇടിച്ച സ്വകാര്യ ബസ് പാടെ തകർന്നിരുന്നു.
രാവിലെ ബസിൽ യാത്രക്കാർ നന്നെ കുറവായതിനാലാണ് ആളപായം ഉണ്ടാവാതിരുന്നത്. ഒരു മാസം മുമ്പ് കല്ലോട് സ്കൂൾ ബസിൽ സ്വകാര്യ ബസ് ഇടിച്ചിരുന്നു. മാസങ്ങൾക്ക് മുമ്പ് ചെറിയ കുമ്പളത്ത് ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്കേറ്റു. കഴിഞ്ഞ വർഷം നവംബർ 20 ന് പേരാമ്പ്ര ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസ് കയറി വയോധികൻ മരിച്ചിരുന്നു.
രണ്ടാഴ്ച മുമ്പ് മോട്ടോർ വാഹന വകുപ്പും പൊലീസും എക്സൈസും പേരാമ്പ്ര ബസ് സ്റ്റാൻഡിൽ സംയുക്ത വാഹന പരിശോധന നടത്തി. എന്നാൽ തുടർ നടപടിയൊന്നും ഉണ്ടായില്ല. മത്സര ഓട്ടം ഇല്ലാതാക്കാൻ ബസുകളുടെ സമയക്രമത്തിൽ മാറ്റം വരുത്തണമെന്ന നിർദേശം ഉയരുന്നുണ്ട്. ഇപ്പോൾ 5- 10 മിനിറ്റ് വ്യത്യാസമാണ് ബസ് സർവിസുകൾ തമ്മിലുള്ളത്. വലിയ ഗതാഗതക്കുരുക്കും റോഡ് തകർച്ചയുമെല്ലാം കാരണം ബസുകൾ തമ്മിലുളള സമയ വ്യത്യാസം കുറയുന്നു. പലപ്പോഴും ബസുകൾ മുന്നിലും പിറകിലുമായാണ് സർവിസ് നടത്തുന്നത്.
ഈ റൂട്ടിലെ ബസുകൾ വാടകക്ക് കൊടുത്ത് ഓട്ടം നടത്തുന്നതായും വാടകക്ക് എടുക്കുന്ന ഡ്രൈവർമാർ ലാഭം മാത്രം ലക്ഷ്യമിട്ട് മരണക്കളി നടത്തുകയാണെന്നും ഒരു ബസ് ഉടമ ആരോപിച്ചിരുന്നു. അധികൃതർ കർശന നടപടി സ്വീകരിച്ചിട്ടില്ലെങ്കിൽ ഇനിയും ഒരു പാട് ജീവനുകൾ പൊലിയുമെന്ന് നാട്ടുകൾ മുന്നറിയിപ്പ് നൽകുന്നു.
മോട്ടോർ വാഹന വകുപ്പും പൊലീസും നോക്കുകുത്തി
കോഴിക്കോട്: കുറ്റ്യാടി-കോഴിക്കോട് പാതയിലെ ബസുകളുടെ മരണപ്പാച്ചിലിന് തടയിടാനാകാതെ മോട്ടോർ വാഹന വകുപ്പും പൊലീസും. കർശന നടപടികളുടെ അഭാവമാണ് അപകടങ്ങൾക്കും ജീവഹാനിക്കും കാരണമെന്ന ആക്ഷേപം ശക്തമാണ്. ബസുടമകളുടെയും ജീവനക്കാരുടെയും പ്രതിഷേധംമൂലം മോട്ടോർ വാഹന വകുപ്പ് നടപടികൾ നിർത്തിവെക്കുകയാണെന്നാണ് ജനങ്ങൾ പറയുന്നത്.
രണ്ടഴ്ച മുമ്പ് ബസുകൾക്കെതിരെ പരിശോധനയും പിഴ ചുമത്തലും നടന്നെങ്കിലും തുടർനടപടിയുണ്ടായില്ല. ഇരുചക്രവാഹനങ്ങളും കാൽനടക്കാരും ഭാഗ്യംകൊണ്ടാണ് പലപ്പോഴും അപകടത്തിൽനിന്ന് രക്ഷപ്പെടുന്നത്. വീതികുറഞ്ഞ റോഡിലൂടെ അമിത വേഗത്തിലാണ് ബസുകളുടെ മരണപ്പാച്ചിൽ.
അമിത വേഗത്തിലും അപകടകരവുമായ രീതിയിൽ ഓടിക്കുന്ന ബസുകളുടെ വിഡിയോ പകർത്തി മോട്ടോർ വാഹന വകുപ്പിനെ അറിയിക്കണമെന്ന് ബസുകളുടെ പിന്നിൽ സ്റ്റിക്കർ പതിച്ചെങ്കിലും ദിവസങ്ങൾക്കകം അവ അപ്രത്യക്ഷമായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.