ഇന്ന് ലോക സ്കൗട്ട് ദിനം; ‘സ്കൗട്ടിനെ പ്രണയിച്ചു, വിവാഹം കഴിച്ചു, ആയിരക്കണക്കിന് കുട്ടികൾ’
text_fieldsതനിക്ക് കിട്ടിയ പുരസ്കാരങ്ങൾക്കു നടുവിൽ ബാലചന്ദ്രൻ മാസ്റ്റർ
പേരാമ്പ്ര: മാഷെ, ഈ 71ാം വയസ്സിൽ തിരിഞ്ഞുനോക്കുമ്പോൾ വിവാഹം കഴിക്കാത്തതിൽ വിഷമമുണ്ടോ എന്ന ചോദ്യത്തിന് ബാലചന്ദ്രൻ പാറച്ചോട്ടിൽ നൽകിയ മറുപടി ഇങ്ങനെയാണ്: ‘‘ഞാൻ സ്കൗട്ടിലെ പ്രണയിച്ചു, വിവാഹം കഴിച്ചു, ഇപ്പോൾ എന്നെ പൊന്നുപോലെ സംരക്ഷിക്കാൻ തയാറുള്ള ആയിരക്കണക്കിന് കുട്ടികൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. അതുകൊണ്ടുതന്നെ ഈ ജീവിതത്തിൽ ഞാൻ സംതൃപ്തനാണ്.’’
സ്കൗട്ട് സ്റ്റേറ്റ് കമീഷണറായ ബാലചന്ദ്രൻ പാറച്ചോട്ടിൽ സ്കൗട്ടിനു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വമാണ്. 2001ൽ ദേശീയ അധ്യാപക അവാർഡ് ജേതാവായ ബാലചന്ദ്രൻ മാഷ് മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൽ കലാമിൽനിന്നാണ് പുരസ്കാരം ഏറ്റുവാങ്ങിയത്. 2016ൽ സ്കൗട്ടിങ്ങിലെ ഭാരതരത്നം എന്നറിയപ്പെടുന്ന സിൽവർ എലഫറ്റ് അവാർഡ് അന്നത്തെ രാഷ്ട്രപതി ഡോ. പ്രണവ് കുമാർ മുഖർജിയിൽനിന്നും ഏറ്റുവാങ്ങി.
2017ൽ ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് നാഷനൽ ഫെലോഷിപ്പും അദ്ദേഹത്തെ തേടിയെത്തി. ഈ ജീവിതസായാഹ്നത്തിലും സംസ്ഥാന സ്കൗട്ടിന്റെ വളർച്ചക്കുവേണ്ടി കേരളത്തിൽ അങ്ങോളമിങ്ങോളം ഓടിനടക്കുകയാണ് മാഷ്, അതോടൊപ്പം ജന്മനാടായ പേരാമ്പ്രയിൽ ജീവകാരുണ്യ പ്രവർത്തനത്തിലും സജീവമാണ്.
1976ൽ കൂത്താളി എ.യു.പി സ്കൂളിൽ അധ്യാപകനായി ചേർന്ന ബാലചന്ദ്രൻ മാഷിന് 1980ൽ ഓർക്കാട്ടേരി ഗവ. ഹൈസ്കൂളിൽ നിയമം ലഭിച്ചു. ഈ വിദ്യാലയത്തിൽ 1982ലാണ് സ്കൗട്ട് അധ്യാപകന്റെ ചുമതല ഏറ്റെടുത്തത്. 1984ൽ നടുവണ്ണൂർ ഗവ. ഹൈസ്കൂളിലേക്ക് സ്ഥലംമാറി വന്ന മാഷ് സ്കൗട്ട് അധ്യാപകനായി തുടർന്നു. മാഷിന്റെ നേതൃത്വത്തിൽ നടുവണ്ണൂരിലെ സ്കൗട്ട് വ്യത്യസ്തങ്ങളായ സാമൂഹിക പ്രവർത്തനങ്ങൾ നടത്തി ദേശീയ അംഗീകാരംവരെ കരസ്ഥമാക്കി.
നടുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ രണ്ട് ഗ്രാമങ്ങൾ ദത്തെടുത്ത് സ്കൗട്ട് നടത്തിയ പ്രവർത്തനത്തിന് അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പ്രശംസാപത്രം ലഭിച്ചു. പിന്നീട് പ്രധാനാധ്യാപകനായിട്ടും സ്കൗട്ടിന്റെ ചാർജ് അദ്ദേഹം ആർക്കും കൈമാറിയില്ല. ഇദ്ദേഹത്തിന്റെ പ്രവർത്തന മികവ് പരിഗണിച്ചാണ് സ്റ്റേറ്റ് സ്കൗട്ട് കമീഷണർ (അഡൽട്ട്) ആയി ചുമതല നൽകിയത്.
2022ൽ തന്റെ ശിഷ്യർക്കൊപ്പം സ്കൗട്ടിന്റെ ശിൽപി റോബർട്ട് ബേഡൻ പവലിന്റെ ജന്മനാടായ ലണ്ടനിലേക്ക് സ്വപ്നയാത്ര നടത്തി. പേരാമ്പ്രയിൽ തന്റെ മാതാപിതാക്കളുടെ ഓർമക്കുവേണ്ടി മാഷ് ലക്ഷ്മി-നാരായണ ട്രസ്റ്റ് രൂപവത്കരിച്ചിട്ടുണ്ട്. ഓരോ മാസവും തന്റെ പെൻഷനിൽനിന്ന് 10,000 രൂപ ട്രസ്റ്റിന്റെ ജീവകാരുണ്യ പ്രവർത്തനത്തിനു മാറ്റിവെക്കുന്നുണ്ട്.
കൂടാതെ തന്റെ വീടിനോട് ചേർന്ന അഞ്ച് സെന്റ് സ്ഥലം നിർധനയായ ഒരു സ്ത്രീക്ക് വീട് നിർമിക്കാൻ നൽകി. ബാലചന്ദ്രൻ മാഷിന്റെ വീട് അഞ്ച് വർഷത്തേക്ക് വയോധികർക്ക് കൂട്ടുകൂടാൻ ഗ്രാമപഞ്ചായത്തിന് നൽകിയിരിക്കുകയാണ്. ഓരോ സ്കൗട്ട് ദിനത്തിലും സേവനം ചെയ്യുകയെന്ന പ്രതിജ്ഞ പുതുക്കി മാഷ് സദാ കർമനിരതനാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.