നൊച്ചാട് ഹയർ സെക്കൻഡറി സ്കൂളിൽ സംഘർഷം തുടർക്കഥയാകുന്നു
text_fieldsപേരാമ്പ്ര: നൊച്ചാട് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥികൾ തമ്മിലുള്ള സംഘർഷങ്ങൾ തുടർക്കഥയാകുന്നു. കഴിഞ്ഞ മാസം ഹയർ സെക്കൻഡറിയിലെ പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു.
ഇൻസ്റ്റഗ്രാം ഗ്രൂപ്പുകൾ രൂപവത്കരിച്ച് പരസ്പരം വെല്ലുവിളികൾ നടത്തുന്നതാണ് സംഘർഷങ്ങൾക്ക് കാരണമാകുന്നതെന്നാണ് ആരോപണം. ഇതിന്റെ ഭാഗമായി നിരവധി സംഘർഷങ്ങൾ ഉണ്ടാകുകയും വിദ്യാർഥികൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ആഴ്ച വിദ്യാർഥികളും അധ്യാപകരും തമ്മിലും സംഘർഷമുണ്ടായി. സംഭവങ്ങളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതിനെത്തുടർന്ന് ഹയർ സെക്കൻഡറി വിഭാഗത്തിലെ 13 വിദ്യാർഥികളെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് നിരവധി വിദ്യാർഥികളുടെ രക്ഷിതാക്കൾ പൊലീസ് സ്റ്റേഷനിൽ എത്തുന്ന സാഹചര്യമാണുള്ളത്. വിദ്യാർഥികൾക്കിടയിലെ സംഘർഷങ്ങൾക്കു പിന്നാലെ രക്ഷിതാക്കൾക്കിടയിലും തർക്കങ്ങൾ രൂക്ഷമാകുന്നതായാണ് വിവരം. പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ സ്കൂൾ അധികൃതർ തയാറായില്ലെങ്കിൽ ശക്തമായ പ്രതിഷേധ സമരങ്ങളുമായി മുന്നോട്ടുപോകുമെന്ന് നൊച്ചാട് പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് റഷീദ് വാല്യക്കോട്, ജനറൽ സെക്രട്ടറി മുനീർ നൊച്ചാട്, ട്രഷറർ കെ.പി.കെ. ഹാരിസ് എന്നിവർ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

