പിടിച്ചുപറി കേസിലെ പ്രതികൾ പിടിയിൽ
text_fieldsകോഴിക്കോട്: പുതിയപാലത്ത് സുഹൃത്തിനെ കാണാൻ വന്ന യുവാക്കളെ പിടിച്ചുപറിച്ച കേസിൽ മൂന്നുപേരെ കസബ പൊലീസും ടൗൺ അസി. കമീഷണർ ടി.കെ. അഷ്റഫിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സക്വാഡും ചേർന്ന് പിടികൂടി. പുതിയ പാലം പട്ടർ മഠത്തിൽ അഖീഷ് (29), കൊമ്മേരി മേനിച്ചാൽ മീത്തൽ വിനയരാജ് (27) എന്ന രാജു, തിരിത്തിയാട് കാട്ടുപറമ്പത്ത് അജൽ (27) എന്നിവരെയാണ് അറസ്റ്റുചെയ്തത്. ജൂലൈ ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം.
സുഹൃത്തിനെ കാണാൻ പുതിയ പാലത്തെത്തിയ പാലത്ത്, നന്മണ്ട സ്വദേശികളായ യുവാക്കളെ സമീപത്തെ കെട്ടിടത്തിൽ ഉണ്ടായിരുന്ന ലഹരിക്കടിമകളായ അഞ്ചോളംപേർ ചേർന്ന് പൊട്ടിച്ച ബിയർ കുപ്പിയും വെട്ടുകത്തിയും കാണിച്ച് ഭയപ്പെടുത്തി മൂന്ന് മൊബൈൽ ഫോണും പഴ്സും പിടിച്ചുപറിക്കുകയായിരുന്നു. പിന്നീട് വിട്ടയക്കുന്നതിന് 20,000 രൂപ വീതം ആവശ്യപ്പെടുകയും ചെയ്തു. സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ട യുവാക്കൾ കസബ സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. നഗരത്തിലെ വിവിധ ഭാഗങ്ങളിൽനിന്നാണ് പ്രതികളെ പിടികൂടിയത്. പിടിയിലായ അഖീഷ്, അജൽ എന്നിവർക്ക് മറ്റു സ്റ്റേഷനുകളിൽ കേസുണ്ട്. പിടിച്ചുപറിച്ച മുതലുകൾ പ്രതികളിൽനിന്ന് കണ്ടെടുത്തു. കസബ ഇൻസ്പക്ടർ പി.ജെ. ജിമ്മിയുടെ നേതൃത്വത്തിൽ എസ്.ഐമാരായ യു. സനീഷ്, സജിത്ത് മോൻ, എ.എസ്.ഐമാരായ പി. സജേഷ് കുമാർ, എൻ. രജീഷ്, എസ്.സി.പി.ഒ ലാൽ സിത്താര, സി.പി.ഒമാരായ എൻ. രതീഷ്, വി. രാഹുൽ, സിറ്റി ക്രൈം സക്വാഡ് അംഗങ്ങളായ എം. ഷാലു, സി.കെ. സുജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.