കുന്ദമംഗലത്ത് എതിരാളിയെ വിറപ്പിച്ച 'സസ്പെൻസ്' സ്ഥാനാർഥി; തെരഞ്ഞെടുപ്പ് ഓർമകളിൽ പി.കെ. കണ്ണൻ
text_fieldsപി.കെ. കണ്ണൻ
കോഴിക്കോട്: 1977ലെ തെരഞ്ഞെടുപ്പ് കാലം ഓർത്തെടുക്കുകയാണ് സി.പി.ഐ നേതാവ് പി.കെ. കണ്ണൻ. അന്ന് കുന്ദമംഗലത്തെ സി.പി.ഐ സ്ഥാനാർഥിയായിരുന്നു അദ്ദേഹം. അപ്രതീക്ഷിതമായാണ് പാർട്ടി കണ്ണന്റെ പേര് പ്രഖ്യാപിച്ചത്. അക്കാലത്ത് എൽ.ഡി.എഫും യു.ഡി.എഫും ഒന്നുമില്ല. ഐക്യമുന്നണിയും പ്രതിപക്ഷ മുന്നണിയുമാണ് മത്സര രംഗത്ത്. സി.പി.ഐ അന്ന് ഐക്യമുന്നണിയുടെ ഭാഗമായിരുന്നു. മുസ്ലിം ലീഗും ഒപ്പമുണ്ട്. സി.പി.എമ്മും ജനതാപാർട്ടിയും ലീഗ് പിളർന്നുണ്ടായ അഖിലേന്ത്യ ലീഗുമായിരുന്നു എതിർപക്ഷത്ത്. 1977ലെ തെരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിൽ സി.പി.ഐ രണ്ടു സീറ്റുകളിലാണ് മത്സരിച്ചത്.
രണ്ടാമത്തെ സീറ്റ് ചോദിച്ചുവാങ്ങിയതാണെന്ന് പറയാം. അന്ന് സി.പി.ഐ താരതമ്യേന ദുർബലമായ പാർട്ടിയാണ്. അതിനാൽ കുന്ദമംഗലത്ത് സി.പി.ഐക്ക് സീറ്റ് കൊടുക്കുന്നതിൽ കോൺഗ്രസിന് അൽപം നീരസമുണ്ടായിരുന്നു. സീറ്റ് വേണമെന്ന് സി.പി.ഐ വാശിപിടിച്ചു. ഒടുവിൽ കോൺഗ്രസ് പച്ചക്കൊടി കാണിച്ചു. സ്ഥാനാർഥിയെ കണ്ടെത്തലായിരുന്നു അടുത്ത പടി. നേതാക്കൾ പി.കെ. കണ്ണനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. തിരുവമ്പാടി മണ്ഡലം സെക്രട്ടറിയും ഡി.സി. മെംബറുമായിരുന്നു അന്ന് അദ്ദേഹം.
തിരുവമ്പാടിയിൽ പാർട്ടി കമ്മിറ്റി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയാണ് കണ്ണൻ മറ്റൊരാൾ മുഖേന സ്ഥാനാർഥിയായ വിവരമറിഞ്ഞത്. വാഹനസൗകര്യമില്ലാത്തതിനാൽ കമ്മിറ്റി കഴിഞ്ഞ് പാർട്ടി ഓഫിസിൽ ഉറങ്ങി വീട്ടിലേക്ക് മടങ്ങാനുള്ള തയാറെടുപ്പിലായിരുന്നു അദ്ദേഹം. മുക്കത്ത് എത്തിയയുടൻ ജനയുഗം പത്രം നോക്കിയപ്പോൾ വാർത്തയുണ്ട്.
കുരുവട്ടൂർ, മാവൂർ, ചാത്തമംഗലം, മുക്കം, പെരുവയൽ എന്നീ പഞ്ചായത്തുകൾ കുന്ദമംഗലം മണ്ഡലത്തിന്റെ ഭാഗമായിരുന്നു. മൂന്ന് പഞ്ചായത്തുകളിലെ കണ്ണന്റെ വ്യക്തിബന്ധവും കുടുംബബന്ധവും കണക്കിലെടുത്താണ് പാർട്ടി മത്സരിക്കാൻ നിർത്തിയത്. സ്ഥാനാർഥിയായതിന്റെ അമ്പരപ്പ് വിട്ടുമാറാത്ത കണ്ണനെയും കൂട്ടി നേതാക്കൾ പാർട്ടി ഓഫിസിലേക്ക് പോയി.
ഒരുപാട് വസ്ത്രങ്ങളൊന്നും അന്നുണ്ടായിരുന്നില്ല. കണ്ടയുടൻ തന്നെ മറ്റ് നേതാക്കൾക്ക് സ്ഥാനാർഥിയുടെ അവസ്ഥ മനസിലായി. ഇസ്കസിന്റെ (ഇന്റോ സോവിയറ്റ് കൾച്ചറൽ സൊസൈറ്റി) ജില്ല സെക്രട്ടറി സദാശിവറാവു പെട്ടെന്നു പുറത്തുപോയി രണ്ടുജോഡി ഷർട്ടും മുണ്ടും വാങ്ങിതിരിച്ചുവന്ന് കൈയിൽ കൊടുത്തു. ഏതായാലും തെരഞ്ഞെടുപ്പിൽ സജീവമായി. പ്രചാരണ സമയത്ത് സാമ്പത്തിക സഹായമുൾപ്പെടെയുമായി മുസ്ലിം ലീഗും കട്ടക്ക് കൂടെനിന്നു.
ഐക്യമുന്നണി അന്ന് കുന്ദമംഗലം മണ്ഡലത്തിൽ 13000 വോട്ടുകൾക്ക് പിറകിലായിരുന്നു. പ്രതിപക്ഷമുന്നണിയിലെ കെ.പി. രാമനായിരുന്നു എതിരാളി. വാശിയേറിയ പോരാട്ടമായിരുന്നു അത്. ഫലം വന്നപ്പോൾ രാമൻ 1688 വോട്ടിന് വിജയിച്ചു. എങ്കിലും 13000 വോട്ടിന്റെ ഭൂരിപക്ഷം ചുരുങ്ങിയ വോട്ടിലേക്ക് കുറക്കാനായത് കണ്ണന്റെ സ്ഥാനാർഥിത്വം കൊണ്ടായിരുന്നു. സി.പി.ഐയുടെ കർഷകത്തൊഴിലാളി സംഘടനയായ ബി.കെ.എം.യുവിന്റെ ജില്ല പ്രസിഡന്റാണ് കണ്ണൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

