അപകടങ്ങൾ പതിവായി വട്ടക്കുണ്ട് പാലം; പെയിന്റ് കയറ്റിയ ലോറി താഴ്ചയിലേക്ക് പതിച്ചു
text_fieldsവട്ടക്കുണ്ട് പാലത്തിൽനിന്ന് തോട്ടിലേക്ക് മറിഞ്ഞ ലോറിയിൽനിന്ന് പെയിന്റ് വെള്ളത്തിൽ കലർന്നപ്പോൾ
താമരശ്ശേരി: ദേശീയ പാതയിൽ വട്ടക്കുണ്ട് പാലത്തിൽ രണ്ട് അപകടങ്ങൾ. മൈസൂരുവിൽ നിന്നും പെയിന്റ് കയറ്റി വന്ന ലോറിയും കോഴിക്കോട്ടേക്ക് മരം കയറ്റി വന്ന ലോറി എതിർദിശയിൽ വന്ന കാറുമാണ് നിയന്ത്രണം വിട്ട് പാലത്തിൽനിന്നും തോട്ടിലേക്ക് മറിഞ്ഞത്.
ബുധനാഴ്ച രാത്രി പതിനൊന്നേമുക്കാലോടെയാണ് അപകടം. അപകടത്തിൽ ഡ്രൈവർക്ക് പരിക്കേറ്റു. കർണാടക ഹാസൻ സ്വദേശി പ്രസന്നനാണ് പരിക്കേറ്റത്. ഇയാളെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലത്തിന്റെ കൈവരി തകർത്താണ് ലോറി തോട്ടിലേക്ക് മറിഞ്ഞത്. പാലത്തിന് സമീപത്തെ വൈദ്യുതി കാലിൽ ഇടിച്ചതിനാൽ പ്രദേശത്ത് വൈദ്യുതി വിതരണവും നിലച്ചു. ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാ പ്രവർത്തനം നടത്തിയത്. തുടർന്ന് പുലർച്ച രണ്ടോടെയാണ് മറ്റൊരു അപകടമുണ്ടായത്.
കോഴിക്കോട്ടേക്ക് മരം കയറ്റി വന്ന ലോറിയും എതിർദിശയിൽ വന്ന കാറുമാണ് വട്ടക്കുണ്ട് വളവിൽ അപകടത്തിൽപ്പെട്ടത്. വട്ടക്കുണ്ട് പാലത്തിൽ അപകടങ്ങൾ നിത്യ സംഭവമാണ്. പാലത്തിൽനിന്നും വാഹനങ്ങൾ തോട്ടിലേക്ക് മറിഞ്ഞാണ് കൂടുതൽ അപകടങ്ങളും സംഭവിച്ചത്. ഇവിടെയുണ്ടായ അപകടങ്ങളിൽ നിരവധി പേർ മരിക്കുകയും പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
ബ്രിട്ടീഷുകാർ നിർമിച്ചതാണ് വട്ടക്കുണ്ട് പാലം. വീതികൂട്ടി പാലം പുതുക്കിപ്പണിയണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ നിരവധി പ്രക്ഷോഭങ്ങൾ നടത്തിയെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.