മലയോര ഹൈവേയിൽ മാലിന്യം തള്ളൽ;20,000 രൂപ പിഴയീടാക്കി
text_fieldsമലയോര ഹൈവേയിൽ മഞ്ഞപൊയിലിൽ തള്ളിയ മാലിന്യം അധികൃതർ പരിശോധിക്കുന്നു
തിരുവമ്പാടി: മലയോര ഹൈവേയിൽ കോടഞ്ചേരി-കക്കാടംപൊയിൽ റോഡരികിൽ മഞ്ഞപൊയിലിൽ കാറിൽ കൊണ്ടുവന്ന് മാലിന്യം തള്ളി. സംഭവത്തിൽ തോട്ടുമുക്കം സ്വദേശി ടോണി സെബാസ്റ്റ്യനിൽനിന്ന് ഗ്രാമപഞ്ചായത്ത്, ആരോഗ്യ വകുപ്പ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് 20,000 രൂപ പിഴ ഈടാക്കി.
മലയോര ഹൈവേയിൽ ശുചീകരണവും സൗന്ദര്യവത്കരണവും ജനകീയ പങ്കാളിത്തത്തോടെ നടക്കവേ റോഡരികിൽ ഡയപ്പറുകൾ നിറച്ച മാലിന്യച്ചാക്കുകെട്ടുകൾ തള്ളിയത് പ്രതിഷേധത്തിന് കാരണമായിരുന്നു. സി.സി.ടി.വി, ദൃക്സാക്ഷികൾ, മാലിന്യത്തിൽനിന്ന് കിട്ടിയ രേഖകൾ തുടങ്ങിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ കണ്ടെത്തിയത്. ഡയപ്പറുകൾ പൊതുസ്ഥലത്ത് തള്ളുന്നത് പകർച്ചവ്യാധികൾ പടരുന്നതിന് ഇടയാക്കുമെന്ന് മെഡിക്കൽ ഓഫിസർ ഡോ. കെ.വി. പ്രിയ അറിയിച്ചു.
പരിശോധനക്ക് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശരത് ലാൽ, ഹെൽത്ത് ഇൻസ്പെക്ടർ എം. സുനീർ, അസി. സെക്രട്ടറി ബൈജു ജോസഫ്, ക്ലർക്ക് ഷർജിത്ത് ലാൽ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് മുസ്തഫ ഖാൻ എന്നിവർ നേതൃത്വം നൽകി. തരംതിരിച്ച് ഹരിതകർമസേനയെ മാലിന്യം ഏൽപിക്കാതെ വലിച്ചെറിയുകയും കത്തിക്കുകയും ചെയ്യുന്നവർക്കെതിരെയും കർശന നടപടി തുടരുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസണും സെക്രട്ടറി ശരത് ലാലും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

