തുമ്പക്കോട്ട് മലയിൽ കരിങ്കൽ ഖനനത്തിന് അനുമതി നൽകണമെന്ന് ഹൈകോടതി
text_fieldsകേരള ഹൈകോടതി
തിരുവമ്പാടി: ഗ്രാമപഞ്ചായത്തിലെ തുമ്പക്കോട്ടുമലയിൽ കരിങ്കൽ ഖനനം തുടങ്ങാൻ അനുമതി നൽകണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് ഹൈകോടതി നിർദ്ദേശം. കരിങ്കൽ ക്വാറി തുടങ്ങാൻ ആവശ്യമായ എല്ലാ രേഖകളുമുള്ള സാഹചര്യത്തിലാണ് അനുമതി നൽകാൻ പഞ്ചായത്ത് സെക്രട്ടറിക്ക് ഹൈകോടതി നിർദേശം നൽകിയത്. ഗ്രാമപഞ്ചായത്ത് ഭരണ സമിതി അനുമതി വേണമെന്ന ചട്ടം സംസ്ഥാന സർക്കാർ റദ്ദാക്കിയ സാഹചര്യത്തിലാണ് ഹൈകോടതി പഞ്ചായത്ത് സെക്രട്ടറിയോട് അനുമതി നൽകാൻ നിർദേശിച്ചതെന്ന് ചൂണ്ടി കാണിക്കപ്പെടുന്നു.
തുമ്പക്കോട്ട് മലയിൽ കരിങ്കൽ ഖനനത്തിന് തിരുവമ്പാടി പഞ്ചായത്ത് ഭരണസമിതി അനുമതി നിഷേധിച്ചിരുന്നു. ഇതേ തുടർന്നാണ് ക്വാറി ഉടമ ഹൈകോടതിയെ സമിപിച്ചത്. പരിസ്ഥിതി ലോല മേഖലയായ ഗ്രാമപഞ്ചായത്തിലെ പാലക്കടവ് തുമ്പക്കോട്ടുമലയിൽ കരിങ്കൽ ഖനനം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് നേരത്തെ പ്രദേശവാസികൾ രംഗത്തെത്തിയിരുന്നു.
ക്വാറി തുടങ്ങരുതെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ ഒപ്പു ശേഖരണം നടത്തി ഗ്രാമ പഞ്ചായത്തിൽ സമർപ്പിച്ചിരുന്നു. കസ്തൂരി രംഗൻ റിപ്പോർട്ടിൽ പരിസ്ഥിതി ലോല മേഖലയായി രേഖപ്പെടുത്തിയ വില്ലേജാണ് തിരുവമ്പാടിയെന്നാണ് നാട്ടുകാർ ചൂണ്ടികാട്ടിയിരുന്നത്. കരിങ്കൽ ക്വാറി തുടങ്ങാൻ ശ്രമിക്കുന്നത് ക്ഷേത്രം, ഗവ . ഐ.ടി.ഐയുടെ ബഹുനില കെട്ടിടം എന്നിവയുടെ ഏതാനും മീറ്ററുകൾ അകലെയാണ്. തുമ്പക്കോട്ടുമലയിൽ കരിങ്കൽ ഖനനം തുടങ്ങിയാൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതയുണ്ടെന്ന് ആശങ്കയുണ്ട്. പരിസ്ഥിതി ലോല പ്രദേശങ്ങളിൽ കരിങ്കൽ ഖനനത്തിന് അനുമതി നിഷേധിക്കാറാണ് പതിവ് .
‘കോടതി വിധിക്ക് കാരണം പഞ്ചായത്ത് അനാസ്ഥ’
തിരുവമ്പാടി: പരിസ്ഥിതി ലോല പ്രദേശമായ തുമ്പക്കോട്ട് മലയിൽ ക്വാറിക്ക് അനുമതി നൽകണമെന്ന ഹൈകോടതി ഉത്തരവിന് കാരണമായത് ഗ്രാമപഞ്ചായത്തിന്റെ അനാസ്ഥയാണെന്ന് തുമ്പക്കോട്ട് മല സംരക്ഷണ സമിതി ആരോപിച്ചു . ഗ്രാമപഞ്ചായത്ത് ഹൈകോടതിയിൽ എതിർവാദങ്ങൾ ഉന്നയിക്കാത്തതിനാൽ ഏകപക്ഷീയ വിധിയാണുണ്ടായത്.
ക്വാറി ഉടമക്ക് അനുകൂല ഉത്തരവിന് ഗ്രാമപഞ്ചായത്ത് അധികൃതർ ഒത്താശ ചെയ്യുകയായിരുന്നുവെന്നും കേസ് സംബന്ധിച്ച് വാർഡിലെ ആളുകളെ അറിയിക്കാത്തതിൽ ദുരൂഹതയുണ്ടെന്നും സമിതി ചെയർമാൻ രാജു കൊട്ടാരവും കൺവീനർ ദിവാകരൻ കോക്കോടും ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

