നഗരത്തിൽ അനുമതിയില്ലാതെ കെട്ടിട നിർമാണം വ്യാപകം
text_fieldsകോഴിക്കോട്: നഗരത്തിലെ അനധികൃത നിർമാണം തടയാൻ മതിയായ നടപടിയുണ്ടായില്ലെന്ന് ഓഡിറ്റ് റിപ്പോർട്ട്. സർക്കാർ ഓഡിറ്റ് വകുപ്പിന്റെ 2023-24 വർഷത്തെ കോർപറേഷൻ ഓഡിറ്റ് റിപ്പോർട്ടിലാണ് ഈ പരാമർശം. അനുമതിയില്ലാതെയുള്ള നിർമാണം നടത്തി അത് ക്രമവത്കരിക്കാൻ അപേക്ഷ നൽകുന്നത് കൂടുന്നു. ഇങ്ങനെ നിർമാണം നടക്കുന്നത് കോർപറേഷന് കണ്ടെത്താനാവുന്നില്ല.
ബിൽഡിങ് ആപ്ലിക്കേഷൻ രജിസ്റ്ററിൽ കോർപറേഷൻ പ്രധാന ഓഫിസിൽ 202324 സാമ്പത്തികവർഷം ലഭിച്ച 1996 അപേക്ഷകളിൽ 916 എണ്ണവും ക്രമവത്കരിക്കാനുള്ളതാണ്. അനുമതി വാങ്ങാതെ കെട്ടിടം നിർമിച്ച ശേഷം ക്രമവത്കരിക്കാൻ അപേക്ഷ നൽകുന്നതാണ് രീതി. ഇങ്ങനെയുള്ള 916 കെട്ടിടങ്ങളും കോർപറേഷന് കണ്ടെത്താനായില്ല. ഉടമകൾ ക്രമവത്കരിക്കാൻ അപേക്ഷിക്കുന്നതോടെയാണ് ഇവ അനധികൃതമെന്ന് വ്യക്തമാവുന്നത്.
ബേപ്പൂരിൽ 343 അപേക്ഷകളിൽ 156 എണ്ണവും ക്രമവത്കരിക്കാനായിരുന്നു. ചെറുവണ്ണൂർ- നല്ലളം മേഖലയിൽ ക്രമവത്കരണത്തിന് 109 കെട്ടിടങ്ങളുണ്ട്. എലത്തൂർ മേഖലയിൽ 472 അനധികൃത കെട്ടിടങ്ങൾ കണ്ടെത്തി. ഈ നിർമാണങ്ങൾക്കെതിരെ നടപടിയുണ്ടായിട്ടില്ല. നികുതി പിരിവും കാര്യമായില്ല.
കോർപറേഷന്റെ പണമിടപാടുകൾ കെ-സ്മാർട്ടിലായെങ്കിലും ഇതുമായി ബന്ധപ്പെട്ട രേഖകൾ കൃത്യമല്ല. കെ-സ്മാർട് ഇ പോസ് യന്ത്രത്തിൽ സ്വീകരിക്കുന്ന തുകകൾ മൊത്തം അക്കൗണ്ടിൽ ക്രെഡിറ്റാവുമെങ്കിലും ഏതെല്ലാം തുകകളാണെന്ന് വ്യക്തമാവില്ല. കെ-സ്മാർട്ടിലെ ഇ പോസ് സ്റ്റേറ്റ്മെന്റും ബാങ്ക് സ്റ്റേറ്റ്മെന്റും ഒത്തുപോകുന്നില്ല.
കെ-സ്മാർട്ടിലെ ഹെഡ് ഓഫ് അക്കൗണ്ടുകളിൽ വരവിനങ്ങളുമായി ബന്ധപ്പെട്ട രജിസ്റ്റർ സൂക്ഷിക്കുന്നില്ല. 2023 വരെ സാംഖ്യ സോഫ്റ്റ് വെയറിലും തുടർന്ന് കെ-സ്മാർട്ടിലുമാണ് കോർപറേഷന്റെ പണമിടപാടുകൾ നടക്കുന്നത്. കോർപറേഷൻ കെട്ടിടങ്ങൾ ഉണ്ടാക്കി ഉപയോഗിക്കാതെ വെച്ചതിലൂടെ ലക്ഷങ്ങൾ നഷ്ടമുണ്ടായി. നവീകരിച്ച സെൻട്രൽ മാർക്കറ്റിൽ തട്ടുകൾ കച്ചവടത്തിന് നൽകാതെയിട്ടതിനാൽ 5.2 ലക്ഷം രൂപ നഷ്ടമായി. മാങ്കാവ് ഹോസ്റ്റൽ, ഷീ ലോഡ്ജ് തുറന്നുകൊടുക്കാൻ വൈകിയതും നഷ്ടത്തിടയാക്കിയെന്നും റിപ്പോർട്ടിലുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.