ഡിജിറ്റൽ അറസ്റ്റിലൂടെ 18 ലക്ഷം രൂപ തട്ടിയവർ പിടിയിൽ
text_fieldsമുഹമ്മദ് ജനീസ്, മുഹമ്മദ് ഷാനിഫ്
വടകര: ഡിജിറ്റൽ അറസ്റ്റിലൂടെ കോടഞ്ചേരി സ്വദേശിനിയായ റിട്ട. അധ്യാപികയുടെ 18 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ രണ്ടുപേരെ കോഴിക്കോട് റൂറൽ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു.
താമരശ്ശേരി കുഴിപ്പാറ വീട്ടിൽ മുഹമ്മദ് ജനീസ് (25), കൈയ്യേലിക്കൽ മുഹമ്മദ് ഷാനിഫ് (27) എന്നിവരെയാണ് ഇൻസ്പെക്ടർ സി.ആർ. രാജേഷ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്. കോടഞ്ചേരി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർചെയ്ത കേസ് ജില്ല പൊലീസ് മേധാവി കെ.ഇ. ബൈജുവിന്റെ നിർദേശ പ്രകാരം സൈബർ ക്രൈം പൊലീസ് ഏറ്റെടുക്കുകയായിരുന്നു. നഷ്ടപ്പെട്ട പണത്തിൽ ഏഴ് ലക്ഷത്തോളം രൂപ പ്രതികളുടെ അക്കൗണ്ടിൽ എത്തിയതായി കണ്ടെത്തി.
പ്രതികളുടെ പേരിൽ താമരശ്ശേരി പൊലീസ് സ്റ്റേഷനിൽ തട്ടിക്കൊണ്ടു പോകൽ, മയക്കുമരുന്ന് കേസുകൾ നിലവിലുണ്ട്. പൊലീസ് അന്വേഷണത്തിൽ കള്ളപ്പണം വെളുപ്പിക്കുന്നതിന്റെ ഭാഗമായി സൈബർ തട്ടിപ്പിലൂടെ ലഭിക്കുന്ന പണം രാജ്യത്തുനിന്ന് ചൈനീസ് തട്ടിപ്പുകാർക്ക് കൈമാറുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ലഹരി മാഫിയയുടെ പണം ഇതുപോലെ കൈമാറ്റം ചെയ്യുന്നുണ്ടോയെന്ന് പൊലീസ് പരിശോധിച്ചു വരികയാണ്. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് കണ്ടെത്താൻ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തും. അന്വേഷണസംഘത്തിൽ എസ്.ഐ ടി.ബി. ഷൈജു, എ.എസ്.ഐ രതീഷ് കുമാർ, സീനിയർ സി.പി.ഒ വി.വി. വിജീഷ്, സി.പി.ഒമാരായ പി.പി. അബ്ദുസ്സമദ്, എം. ശ്രീനേഷ് എന്നിവരും ഉണ്ടായിരുന്നു. താമരശ്ശേരി ജെ.എഫ്.സി.എം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.