അഴുക്കുചാലിന്റെ സ്ലാബ് തകർന്നു; അപകടക്കുരുക്കായി ദേശീയപാത
text_fieldsവടകര പുതിയ ബസ് സ്റ്റാൻഡിനടുത്ത് ദേശീയപാതയിൽ അഴുക്കുചാലിന്റെ സ്ലാബ് തകർന്നനിലയിൽ
വടകര: ദേശീയപാതയിൽ വടകര പുതിയ ബസ് സ്റ്റാൻഡിന് സമീപം അഴുക്കുചാലിന്റെ സ്ലാബ് പൊട്ടി അപകടക്കുരുക്ക്. സർവിസ് റോഡിന്റെ ഭാഗമായി നിർമിച്ച അഴുക്കുചാലിന്റെ സ്ലാബാണ് തകർന്നത്. ദേശീയപാതയിലൂടെയുള്ള സഞ്ചാരം ജീവൻ പണയംവെക്കുന്നതായി മാറിയിട്ട് കാലമേറെയായിട്ടും അധികൃതർ മൗനംപാലിക്കുകയാണ്.
കുഴികൾ നിറഞ്ഞ റോഡിൽ ഗതാഗതം ദുഷ്കരമായ സാഹചര്യത്തിൽ സ്ലാബ് തകർന്നത് യാത്രക്കാർക്ക് ഇരുട്ടടിയായി മാറി. സർവിസ് റോഡിലൂടെ നൂറുകണക്കിന് വാഹനങ്ങളാണ് കടന്നുപോകുന്നത്.
അഴുക്കുചാൽ ഉൾപ്പെടെ ചേർന്നതാണ് സർവിസ് റോഡ്. അതുകൊണ്ടുതന്നെ വാഹനങ്ങൾ സ്ലാബുകൾക്ക് മുകളിലൂടെ സഞ്ചരിക്കുന്നത് പതിവാണ്.
ദേശീയപാത നിർമാണ കരാറുകാരായ വഗാഡ് കമ്പനി അഴുക്കുചാൽ നിർമാണം സബ് കരാറായാണ് നൽകിയിരുന്നത്. നിർമാണത്തിൽ ക്രമക്കേട് നടന്നതായി നേരത്തേ ആക്ഷേപമുയർന്നിരുന്നു. അഴിമതി ആരോപണം ശരിവെക്കുന്നതാണ് തുടരെയുള്ള സ്ലാബ് തകർച്ച നൽകുന്ന സൂചന.
വ്യാഴാഴ്ച രാവിലെ വാഹനങ്ങൾ കടന്നുപോകുമ്പോഴാണ് സ്ലാബ് തകർന്നത്. യാത്രക്കാർ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. സ്ലാബ് തകർന്ന ഭാഗത്ത് വൻ താഴ്ചയുമുണ്ട്. ഈ ഭാഗത്ത് റോഡിന്റെ വീതി കുറഞ്ഞതോടെ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. സ്ലാബ് തകർന്നതോടെ കരാർ കമ്പനി ചുറ്റിലും അപകട സൂചന നൽകിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.