അഴിയൂരിൽ വ്യാപക വയൽ നികത്തൽ; നടപടിയില്ലെന്ന് പരാതി
text_fieldsഅഴിയൂർ കോറോത്ത് റോഡ് പനാട വയലിൽ തണ്ണീർത്തടം മണ്ണിട്ട് നികത്തുന്നു
വടകര: അഴിയൂരിൽ വ്യാപകമായി തണ്ണീർത്തടങ്ങളും വയലുകളും നികത്തുന്നു. അഴിയൂർ വില്ലേജ് പരിധിയിൽ ഡേറ്റ ബാങ്കിൽ ഉൾപ്പെട്ട വയൽ പ്രദേശങ്ങൾ അടക്കം മണ്ണിട്ട് നികത്തുകയാണ്. മയ്യഴി പുഴയോരം അടക്കം വ്യാപകമായി മണ്ണിട്ടുനികത്തുന്നത് തുടർന്നിട്ടും റവന്യൂ അധികൃതർ അലംഭാവം കാണിക്കുന്നതായി ആരോപണം ഉയർന്നിട്ടുണ്ട്.
അഴിയൂർ പഞ്ചായത്ത് ഏഴാം വാർഡിൽ പനാട വയലിൽ കഴിഞ്ഞ ദിവസം പ്രവൃത്തി ദിവസങ്ങളിൽ പോലും നിരവധി ലോഡ് മണ്ണിട്ട് നികത്തുകയുണ്ടായി. സംഭവം നാട്ടുകാർ റവന്യൂ അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടും നടപടിയുണ്ടായില്ലെന്നാണ് പരാതി. മൈനർ ഇറിഗേഷന്റെ കനാൽ ഭൂമിയും കൈയേറി മണ്ണിട്ടതായും മരങ്ങൾ മുറിച്ചതായും പരാതിയുണ്ട്. ഇതിനെതിരെയും അധികൃതർ നടപടി സ്വീകരിച്ചിട്ടില്ല.
ഭൂമാഫിയ പണം നൽകി തണ്ണീർ തടങ്ങൾ നികത്താൻ അധികൃതരിൽ നിന്നും മൗനാനുവാദം വാങ്ങുകയാണെന്നും ആരോപണമുണ്ട്. അവധി ദിവസങ്ങളാണ് തണ്ണീർ തടങ്ങൾ വ്യാപകമായി നികത്തുന്നത്. കോറോത്ത് റോഡ് - പനാട ഭാഗങ്ങളിലാണ് വയൽ നികത്തൽ വ്യാപകമായി അരങ്ങേറുന്നത്. അഴിയൂരിൽ തണ്ണീർ തടങ്ങൾ നികത്തുന്നത് അവസാനിപ്പിക്കാൻ സത്വര നടപടിയെടുക്കണമെന്ന് വില്ലേജ് ജനകീയ സമിതി യോഗം ആവശ്യപ്പെട്ടു.
തരം മാറ്റാൻ അപേക്ഷകൾ വർധിച്ച സാഹചര്യത്തിൽ ഇതുമായി ബന്ധപ്പെട്ട ജോലികൾ വേഗത്തിലാക്കാൻ കുടുതൽ ജീവനക്കാരെ വില്ലേജിൽ നിയമിക്കണമെന്നും ആവശ്യപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ അധ്യക്ഷത വഹിച്ചു. പി. ബാബുരാജ്, ടി.ടി. പത്മനാഭൻ, മുബാസ് കല്ലേരി, പ്രദീപ് ചോമ്പാല, വി.പി. പ്രമോദ്, വി.പി. ശ്രീജിത്ത് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

