ദേശീയപാത അഴിയൂർ റീച്ച്; നിർമാണ പ്രവൃത്തി സ്തംഭനാവസ്ഥയിൽ, ജനത്തിന് ദുരിതം
text_fieldsവടകരയിൽ ദേശീയപാത നിർമാണം പാതിവഴിയിൽ നിലച്ച നിലയിൽ
വടകര: അഴിയൂർ റീച്ചിൽ ദേശീയപാത നിർമാണം സ്തംഭനാവസ്ഥയിൽ. പ്രവൃത്തി നടക്കുന്നതാകട്ടെ പേരിന് മാത്രം. നിർമാണ പ്രവൃത്തിക്ക് വേഗം വേണമെന്ന് ജില്ല കലക്ടർ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത യോഗത്തിൽ കർശന നിർദേശം നൽകിയിട്ടും കരാർ കമ്പനി മെല്ലെപ്പോക്ക് നയം തുടരുകയുകയാണ്.
വടകര ദേശീയപാതയിലെ ഉയരപ്പാതയിലും ചോറോട് അടിപ്പാതയിലും ഏതാനും തൊഴിലാളികൾ പ്രവൃത്തി നടത്തുന്നത് ഒഴിച്ചു നിർത്തിയാൽ മറ്റ് ഭാഗങ്ങളിൽ നിർമാണം സ്തംഭിച്ചിരിക്കകയാണ്. കുഴികൾ നിറഞ്ഞ് വാഹന ഗതാഗതം തടസ്സപ്പെടുമ്പോൾ പേരിന് കുഴിയടക്കുകയും മഴയിൽ ടാറിങ് ഇളകി വീണ്ടും കുഴികൾ രൂപപ്പെടുകയും ചെയ്യുന്ന സ്ഥിതിയാണ്.
വടകരമുതൽ അഴിയൂർവരെയുള്ള ഭാഗങ്ങളിൽ റോഡിൽ കുഴികളില്ലാത്ത ഭാഗങ്ങൾ വിരളമാണ്. ദേശീയപാതയിൽ മഴയിലും ചെയ്ത് തീർക്കാൻ കഴിയുന്ന നിർമാണ പ്രവൃത്തി ഏറെയുണ്ടെങ്കിലും ഒന്നും നടക്കാത്ത അവസ്ഥയാണുളളത്. സർവിസ് റോഡുകളുടെ പണി പലയിടത്തും പാതി വഴിയിലാണ്. സർവിസ് റോഡുകളുടെ നിർമാണം പൂർത്തീകരിച്ചാൽ ഒരു പരിധി വരെ വാഹന ഗതാഗതം കുരുക്കില്ലാതാകും.
ദേശീയപാതയുടെ അഴിയൂർ മുതൽ വെങ്ങളം വരെ നീളുന്നതാണ് അഴിയൂർ റീച്ച്. നിർമാണ ഘട്ടത്തിൽ തുടങ്ങിയ പരാതികൾക്കും ദുരിതങ്ങൾക്കും ഒരു പരിഹാരവുമായില്ല. ദേശീയപാത 66ൽ അഴിയൂർ-വെങ്ങളം റീച്ചിൽ 40.8 കിലോമീറ്റർ ദൂരമാണുളളത്. 2021 മാർച്ചിൽ ഒപ്പിട്ട കരാർ പ്രകാരം 1838 കോടി രൂപയുടെ പ്രവൃത്തിയാണ് നടക്കുന്നത്. രണ്ടര വർഷമായിരുന്നു പ്രവൃത്തിയുടെ കാലാവധി എന്നാൽ നാലുവർഷമായിട്ടും നിർമാമ്മാണ പ്രവൃത്തി അനന്തമായി നീളുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.