കുരുക്കൊഴിയാതെ ദേശീയപാത; ചൊവ്വാഴ്ച രണ്ടിടങ്ങളിൽ വാഹനം കുടുങ്ങി
text_fieldsദേശീയപാതയിൽ റോഡിൽ കുടുങ്ങിയ മീൻവാഹനം ക്രെയിൻ ഉപയോഗിച്ച് മാറ്റുന്നു
വടകര: വടകര ദേശീയപാതയിൽ ഒഴിയാതെ ഗതാഗതക്കുരുക്ക്. രണ്ടിടങ്ങളിൽ വാഹനം റോഡിൽ കുടുങ്ങി. ചോറോട് റെയിൽവേ മേൽപാലത്തിനു സമീപവും മുക്കാളിയിലുമാണ് വാഹനങ്ങൾ റോഡിൽ കുടുങ്ങിയത്. തിങ്കളാഴ്ച വൻ ഗതാഗതക്കുരുക്കിന് ഇടയാക്കിയ ചോറോട് അടിപ്പാതക്കു സമീപമാണ് ചൊവ്വാഴ്ച രാവിലെ ടൂറിസ്റ്റ് ബസ് യന്ത്രത്തകരാറിനെതുടർന്ന് നിലച്ചത്. ഇതോടെ ദേശീയപാത വീണ്ടും സ്തംഭിച്ചു.
കിലോമീറ്ററുകളാണ് വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടത്. ചോറോട് അടിപ്പാത നിർമാണത്തിനുവേണ്ടി അശാസ്ത്രീയമായി നിർമിച്ച ബദൽ റോഡാണ് ഗതാഗത സ്തംഭനത്തിന് ഇടയാക്കുന്നത്. 100 മീറ്ററോളം വരുന്ന റോഡ് ഉയർത്തിയും താഴ്ത്തിയുമാണ് നിർമിച്ചത്. വാഹനങ്ങൾ താഴ്ന്ന ഭാഗത്തെത്തി മുകളിലേക്ക് തിരിയാൻ കഴിയാതെ സ്തംഭിക്കുകയാണ്. ടൺ കണക്കിന് ഭാരമുള്ള കണ്ടെയ്നർ ലോറികൾ ഉൾപ്പെടെ ഈ ഭാഗം വഴി ഏറെ ബുദ്ധിമുട്ടിയാണ് പോകുന്നത്. നിരവധി വാഹനങ്ങളാണ് ഒരു മാസത്തിനിടെ ഇവിടെ കുടുങ്ങിയത്.
മുക്കാളി ദേശീയപാതയിൽ മീനുമായി പോകുകയായിരുന്ന വാഹനം റോഡിനോടു ചേർന്ന ചളിയിൽ കുടുങ്ങുകയായിരുന്നു. എതിരെ വന്ന വാഹനത്തിന് കടന്നുപോകാൻ സൗകര്യമൊരുക്കുന്നതിനിടെയാണ് വാഹനം ചളിയിൽ പൂണ്ടത്. രാവിലെ 10ഓടെയാണ് സംഭവം. ഇതേതുടർന്ന് ഏറെ നേരം ദേശീയപാതയിൽ ഗതാഗതക്കുരുക്കുണ്ടായി. ചോമ്പാല പൊലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു. ക്രെയിൻ ഉപയോഗിച്ച് വാഹനം മാറ്റിയശേഷമാണ് ഗതാഗതം പൂർവസ്ഥിതിയിലായത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.